കൊച്ചി: തൃശൂർ കേരളവർമ കോളജ് യൂനിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ആദ്യം അസാധുവായ വോട്ടുകൾ റീകൗണ്ടിങ്ങിൽ സാധുവായത് എങ്ങനെയെന്ന് ഹൈകോടതി. റീകൗണ്ടിങ് റിട്ടേണിങ് ഓഫിസർക്കുതന്നെ തീരുമാനിക്കാമെന്നിരിക്കെ കോർ കമ്മിറ്റിയുണ്ടാക്കിയത് എന്തിനെന്നും ജസ്റ്റിസ് ടി.ആർ. രവി ആരാഞ്ഞു.
തെരഞ്ഞെടുപ്പ് രേഖകളുടെ പകർപ്പ് ഹാജരാക്കിയിരുന്നെങ്കിലും അസ്സൽ രേഖകൾ ഹാജരാക്കാൻ നിർദേശിച്ച കോടതി, ഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്നും ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും ‘എണ്ണിത്തോൽപിക്കലിന്’ ഇരയായെന്ന് ആരോപിക്കപ്പെടുന്ന കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ചെയർമാൻ സ്ഥാനത്തേക്ക് ഒരു വോട്ടിന് താൻ ജയിച്ചിട്ടും കോളജ് അധികൃതർ റീകൗണ്ടിങ് നടത്തി എസ്.എഫ്.ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധിനെ 10 വോട്ടിന് വിജയിയായി പ്രഖ്യാപിച്ചെന്നാണ് ശ്രീക്കുട്ടന്റെ ആരോപണം. അർധരാത്രിയായിരുന്നു റീകൗണ്ടിങ്. അതിനിടെ രണ്ടുതവണ വൈദ്യുതി മുടങ്ങി. ഇതിനിടെ ബാലറ്റ് പേപ്പർ കേടുവരുത്തിയതിന് പുറമെ ആദ്യം എണ്ണിയപ്പോൾ അസാധുവായി പ്രഖ്യാപിച്ച വോട്ടുകൾ സാധുവായി മാറുകയും ചെയ്തുവെന്ന് ഹരജിക്കാരൻ ആരോപിച്ചു.
വീണ്ടും എണ്ണിയത് കോളജ് മാനേജറായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിർദേശ പ്രകാരമാണെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത്തരം ബാഹ്യ ഇടപെടൽ അനുവദനീയമല്ലെന്നും ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. മാത്യു കുഴൽനാടൻ വിശദീകരിച്ചു. കോർ കമ്മിറ്റി അംഗങ്ങളല്ലാത്ത പ്രിൻസിപ്പലിനും മറ്റൊരാൾക്കും എങ്ങനെയാണ് കമ്മിറ്റി തീരുമാനത്തിൽ ഒപ്പിടാനാവുകയെന്നും കോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.