തിരുവനന്തപുരം: നവകേരള സൃഷ്ടിക്കുളള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് പ്രധാന വിലങ്ങുതടിയാകുന്നത് കേന്ദ്ര സര്‍ക്കാർ നയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനതു നികുതി വരുമാനത്തിലും ആഭ്യന്തര ഉൽപാദനത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടും കേന്ദ്ര നയങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുന്നു. ഈ ദുര്‍നയങ്ങള്‍ക്കെതിരെ നിലകൊള്ളേണ്ട പ്രതിപക്ഷം ജനവിരുദ്ധ പക്ഷത്തുനിന്ന് സര്‍ക്കാറിനെ കടന്നാക്രമിക്കുകയാണ്.
15ാം ധനകാര്യ കമീഷൻ ശിപാര്‍ശകള്‍ പ്രകാരം കേരളത്തിന് ആഭ്യന്തര വരുമാനത്തിന്‍റെ മൂന്നു ശതമാനം നിബന്ധനകളില്ലാതെയും 0.5 ശതമാനം വൈദ്യുത മേഖലയിലെ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിന് വിധേയമായും വായ്പ എടുക്കാം. എന്നാല്‍, സ്വതന്ത്രസ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ സംസ്ഥാന വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തി കേരളത്തിന്‍റെ വായ്പാ പരിധി 2021- 22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചു. ഇതുമൂലം കേരളത്തിന് ആകെ വായ്പാ പരിധിയില്‍ 6000 കോടിയോളം രൂപയുടെ കുറവ് 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായി.
ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം നിയമിക്കപ്പെടുന്ന ധനകാര്യ കമീഷൻ ശിപാര്‍ശകള്‍ കേന്ദ്ര ധന മന്ത്രാലയം അട്ടിമറിക്കുന്നു. 15ാം ധനകാര്യ കമീഷന്‍ കിഫ്ബി പോലുള്ള പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങളുടെ കടം സംസ്ഥാനത്തിന്‍റെ കടമായി ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിട്ടില്ല. ധനകാര്യ കമീഷന്‍റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട തുക നിഷേധിക്കുന്നതാണ് കേന്ദ്ര സമീപനം. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അവസാനിപ്പിക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ സമരം നടത്താന്‍ നിര്‍ബന്ധിതമാകുന്നത്. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ച്, ഫെഡറല്‍ തത്ത്വങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ യോജിച്ച സ്വരം ഉയരേണ്ട സമയം അതിക്രമിച്ചു. രാവിലെ 11ന് മന്ത്രിമാര്‍, എം.എൽ.എമാര്‍, എം.പിമാര്‍, സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള പ്രതിനിധികള്‍ തുടങ്ങി നിരവധിപേർ ജന്തര്‍മന്തറില്‍ നടക്കുന്ന സമരത്തില്‍ അണിചേരും. ഇതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന കൂട്ടായ്മയിലേക്ക് ബി.ജെ.പി ഇതരസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.