തിരൂരങ്ങാടി: മദ്റസയിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ സ്‌കൂട്ടറിൽ തട്ടിക്കൊണ്ടുപോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ മഠത്തിൽ റോഡ് എടക്കാമഠത്തിൽ സജ്‌നയെയാണ് (27) താനൂർ റെയിൽവേ ഗേറ്റിന് സമീപത്തുനിന്ന് തിരൂരങ്ങാടി എസ്.ഐ വിശ്വനാഥൻ കാരയിലും സംഘവും പിടികൂടിയത്. ഏപ്രിൽ 26ന് രാവിലെ 6.45നാണ് സംഭവം. ചെമ്മാട് കൊടിഞ്ഞി റോഡ് ബാപ്പുട്ടി ഹാജി നഗറിൽ താമസിക്കുന്ന ഏഴ് വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്.
വെഞ്ചാലി കോൺക്രീറ്റ് റോഡ്, വള്ളിക്കുന്ന്, ചെട്ട്യാർമാട് വഴി പന്തീരാങ്കാവ് വരെയാണ് സ്‌കൂട്ടറിൽ കൊണ്ടുപോയത്. തുടർന്ന്, ഓട്ടോവിളിച്ച് കോഴിക്കോട് കമ്മത്ത് ലൈനിലെത്തി വള മുറിച്ചശേഷം ബസിൽ മെഡിക്കൽ കോളജിലെത്തി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിലും കുട്ടിയെ കൊണ്ടുപോയ സ്ഥലങ്ങളിലും പ്രതിയുമായി തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽഫോൺ വിളികളും പരിശോധിച്ചാണ് കണ്ടെത്തിയത്. പാണ്ടിമുറ്റത്തെ ബേക്കറിയിൽനിന്നുള്ള ദൃശ്യങ്ങൾ നിർണായകമായി. യുവതി നേരത്തേ ജോലിചെയ്ത ചെമ്മാട് കൊടിഞ്ഞി റോഡിലെ വീട്ടിൽനിന്ന് നമ്പർ ശേഖരിച്ച് പരപ്പനങ്ങാടിയിലെ കാമുകൻ മുഖേന വലയിലാക്കുകയായിരുന്നു.
വിദ്യാർഥിനിയുടെ പുസ്തകങ്ങളടങ്ങിയ ബാഗ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ കാട്ടിൽനിന്ന് ലഭിച്ചു. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച സ്‌കൂട്ടറും താനൂരിലെ ജ്വല്ലറിയിൽ 16,500 രൂപക്ക് വിറ്റ സ്വർണാഭരണവും പൊലീസ് കണ്ടെത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോയി അപഹരിക്കൽ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ സത്യനാരായണൻ, സി.പി.ഒ പമിത്ത്, വനിത പൊലീസുകാരായ സുജാത, ഷീജാകുമാരി, സി. പ്രജിഷ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.