കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസിലെ പ്രതികളെ ജാമ്യത്തിലിറക്കാൻ വിസമ്മതിച്ച സൈനികനും സഹോദരനും പൊലീസിന്റെ മർദനമേറ്റ സംഭവത്തിൽ ന്യായീകരണവുമായി പൊലീസ് ഉദ്യോഗസ്ഥന്റെ ശബ്ദ സന്ദേശം. എസ്.ഐ എ.പി അനീഷിന്റെതാണ് സന്ദേശം.
സ്റ്റേഷൻ റൈറ്ററെ സ്റ്റേഷനകത്ത് കയറി തലയടിച്ച് പൊട്ടിക്കുകയും മൂക്കിന്റെ പാലം തകർക്കുകയും ചെയ്ത കേസിലെ പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പെടുത്തിയെന്ന വിഷയമാണ് പൊലീസിനെതിരെ തിരിഞ്ഞതെന്നാണ് ശബ്ദ സന്ദേശത്തിലെ ന്യായീകരണം. താനും സി.ഐയും സംഭവം നടക്കുന്ന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും എസ്.ഐ വിശദീകരിക്കുന്നുണ്ട്.
'അടുത്തുള്ള കെട്ടിടത്തിലായിരുന്ന ഞങ്ങൾ നിലവിളി കേട്ടാണ് ഓടിയെത്തുന്നത്. അപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ ചോരയൊലിപ്പിച്ച് നിൽക്കുകയായിരുന്നു. സൈനികനായ വിഷ്ണുവും വിഘ്നേഷ് എന്നയാളും രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ ബലം പ്രയോഗിച്ച് പിടിച്ചുവെച്ചു. അതാണ് സംഭവം' എന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ വാട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശം.
എം.ഡി.എം.എ കേസിൽ നാലുപേർ അറസ്റ്റിലായതിൽ ഒരാളുടെ പരിചയക്കാരനായിരുന്നു വിഘ്നേഷ്. ഇയാളെ ജാമ്യത്തിലിറക്കാനായി ആഗസ്റ്റ് 25ന് വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വിഘ്നേഷ് സ്റ്റേഷനിലേക്ക് പോയതറിഞ്ഞ് പിറകെ വന്നതാണ് സഹോദരനും സൈനികനുമായ വിഷ്ണു.
എന്നാൽ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞപ്പോൾ ജാമ്യം നിൽക്കാൻ വിഘ്നേഷ് തയാറായില്ല. അതു സംബന്ധിച്ച് പൊലീസുകാരനുമായി തർക്കമുണ്ടാവുകയും തുടർന്ന് പൊലീസ് ഇവരെ മർദിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.