തിരുവനന്തപുരം: കിഴക്കമ്പലം കൊലപാതകം മൃഗീയമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ദീപുവിന്‍റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
ട്വന്‍റി 20യുടെ പ്രവർത്തനമാണ് കുന്നത്തുനാട് മണ്ഡലത്തിൽ യു.ഡി.എഫിനെ തോൽപിച്ച് എൽ.ഡി.എഫിനെ വിജയിപ്പിച്ചത്. എൽ.ഡി.എഫിനെ ജയിപ്പിച്ചതിന് പലിശയടക്കം തിരിച്ചു നൽകി. അതിന് ഇരയായത് പാവം ദലിത് യുവാവാണ്. ഭരണകക്ഷി എം.എൽ.എക്കെതിരെ സമരം ചെയ്യാനുള്ള അവകാശം പോലുമില്ലേ എന്നും മുരളീധരൻ ചോദിച്ചു.
ഗവർണറുടെ സ്റ്റാഫിൽ നിയമിച്ച ഹരി എസ്. കർത്ത ബി.ജെ.പി നേതാവ് തന്നെയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഹരി എസ്. കർത്ത നേമം മണ്ഡലത്തിൽ സജീവമായിരുന്നു. രാജ്ഭവനിൽ രാഷ്ട്രീയ നിയമനം മുമ്പില്ലാത്തത്. നിയമനം സർക്കാർ അംഗീകരിക്കാതെ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി തിരിച്ചയക്കണമായിരുന്നു. കോൺഗ്രസ് ഭരിച്ചപ്പോൾ രാജ്ഭവനിൽ രാഷ്ട്രീയ നിയമനമുണ്ടായിട്ടില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഒരു ഗവർണർക്ക് എത്രമാത്രം തരംതാഴാമെന്നതിന്‍റെ ഉദാഹരണമായി ആരിഫ് മുഹമ്മദ് ഖാൻ മാറി. ഗവർണറെ അങ്ങനെ മാറ്റിയതിൽ ഒരു പങ്ക് മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാറിനുമുണ്ട്. ഗവർണറുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുത്തതിന്‍റെ ദുരന്തമാണ് ഇപ്പോൾ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുള്ള പല നടപടികളെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.