തിരുവനന്തപുരം: തന്നെ വിധവയാക്കിയത് സിപിഎമ്മാണെന്നും ചന്ദ്രശേഖരനെ കൊന്നിട്ടും അവർക്ക് മതിയായിട്ടില്ലെന്നും വടകര എം.എൽ.എ കെ.കെ. രമ. നിയമസഭയിൽ എം.എം മണി നടത്തിയ അധിക്ഷേപത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അവർ.
''മുഖ്യമന്ത്രി പറഞ്ഞത്‌കൊണ്ടാണ് മണി മാപ്പു പറയാത്തത്. ചന്ദ്ര ശേഖരനെ കൊന്നത് സിപിഎമ്മാണ്, സിപിഎം അദ്ദേഹത്തെ കൊന്നത് ശരിയാണെന്ന് സ്ഥാപിക്കുകയാണിപ്പോൾ. കുലം കുത്തിയെന്ന് വിളിച്ച മനോഭാവം ഇപ്പോഴും തുടരുന്നു. ഞങ്ങളുടെ പാർട്ടിയുടെ വളർച്ച, ഞങ്ങൾ സർക്കാരിനെതിരെ സംസാരിച്ചുകൊണ്ടിരിക്കുന്നു, വിമർശിച്ചുകൊണ്ടിരിക്കുന്നു, ഇതൊക്കെ തീർച്ചയായിട്ടും അവരെ അസ്വസ്ഥമാക്കുന്നുണ്ട്, അതുകൊണ്ടാണ് ഇത്തരത്തിലുള്ള മനുഷ്യത്വമില്ലാത്ത പരാമർശങ്ങൾ ഉണ്ടാകുന്നത്. മഹതി എന്നാണ് ബഹുമാനപ്പെട്ട എംഎം മണി എന്നെ വിളിച്ചത്, മുഖ്യമന്ത്രിയോ സ്പീക്കറോ തിരുത്തൽ നടപടി കൈക്കൊണ്ടില്ല''- കെ.കെ രമ പറഞ്ഞു.
'മണി അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. മുഖ്യമന്ത്രിയാണ് മണിയെ തിരുത്തിക്കാൻ തയ്യാറാവാത്തത്. എം.എം മണി അദ്ദേഹത്തിന്റെ പരാമർശം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല' -കെ.കെ രമ പറഞ്ഞു.
'ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികളല്ല'- എന്നായിരുന്നു എം.എം മണി നിയമസഭയിൽ പറഞ്ഞത്. പൊലീസിനെതിരെ കെ.കെ രമ വിമർശനമുന്നയിച്ചപ്പോഴാണ് ഈ പരാമർശം. ഇതിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെച്ചു.
എന്നാൽ, താൻ ആരെയും അപമാനിച്ചിട്ടില്ലെന്ന് എം.എം മണി വ്യക്തമാക്കി. ''കൂവിയിരുത്തലൊന്നും എന്റെയടുത്ത് പറ്റില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് രണ്ടുലക്ഷം പേരെ പീഡിപ്പിച്ചയാളാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.'' എം എം മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.