വടകര: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ആർ.എം.പി നേതാവ് കെ.കെ രമ എം.എൽ.എ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാർമ്മികതയല്ലെന്നും എത്രയും വേഗം നിയമത്തിനു കീഴടങ്ങുകയാണ് എൽദോസ് ചെയ്യേണ്ടതെന്നും രമ പറഞ്ഞു.
എതിരാളികളിൽപെട്ടവർ കേസിൽ പെടുമ്പോൾ ആഘോഷിക്കുകയും തങ്ങളിൽപെട്ടവർക്ക് നേരെയാവുമ്പോൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ശരിയല്ല. കക്ഷി താല്പര്യ സങ്കുചിതത്വമല്ല, പൊതുജനാധിപത്യ ധാർമ്മികതയും നൈതികതയും ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. സ്ത്രീ പീഡനമടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട നിരവധി നേതാക്കളെ അതാത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല കേരളത്തിലുണ്ടെന്നും രമ പ്രസ്താവനയിൽ പറഞ്ഞു.
പൊതുപ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങൾ പുലർത്തേണ്ടതുണ്ട്. ക്രിമിനൽ കേസുകളിലുൾപ്പെട്ടാൽ നിരപരാധിത്വം തെളിയിക്കപ്പെടും വരെ തങ്ങൾ നിർവ്വഹിക്കുന്ന ചുമതലകളിൽ നിന്ന് മാറി നിൽക്കുകയും അന്വേഷണം നേരിടുകയുമാണ് ജനാധിപത്യ ധാർമ്മികത. അവരെ അതിന് പ്രേരിപ്പിക്കാനുള്ള ബാദ്ധ്യത അവരുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്കുമുണ്ട്.
സ്ത്രീ പീഡനമടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട നിരവധി നേതാക്കളെ അതാത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല കേരളത്തിലുണ്ട്. എതിരാളികളിൽപെട്ടവർ കേസിൽ പെടുമ്പോൾ ആഘോഷിക്കുകയും തങ്ങളിൽപെട്ടവർക്ക് നേരെയാവുമ്പോൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന കക്ഷി താല്പര്യ സങ്കുചിതത്വമല്ല, പൊതുജനാധിപത്യ ധാർമ്മികതയും നൈതികതയും ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.
സമാനമായ ഒരാരോപണവും കേസും നേരിടുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നത് ധാർമ്മികതയല്ല.എത്രയും വേഗം നിയമത്തിനു കീഴടങ്ങുകയാണ് എൽദോസ് ചെയ്യേണ്ടത്. തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന കോൺഗ്രസ്/യുഡിഎഫ് നേതൃത്വങ്ങളുടെ നിലപാട് പ്രായോഗികവും നീതിപൂർവ്വവും ആകേണ്ടതുണ്ട്.
കെ.കെ.രമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.