കെ.കെ. ശൈലജ (photo: thehindu.com)

എന്റെ പുസ്തകം സിലബസിലില്ല, അധികവായനക്ക് ഉള്‍പ്പെടുത്തിയത് ചോദിക്കാതെ -കെ.കെ. ശൈലജ

കണ്ണൂർ: 'മൈ ലൈഫ് ആസ് എ കോമറേഡ്' എന്ന തന്റെ പുസ്തകം കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ. ശൈലജ ടീച്ചർ. ‘ചാനലില്‍ വാര്‍ത്ത കണ്ടപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. യൂനിവേഴ്സിറ്റി അധികൃതരെ വിളിച്ച് അന്വേഷിച്ച​പ്പോൾ അധികവായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയ​തെന്ന് അറിഞ്ഞു. ഏത് വിഭാഗത്തിലായാലും എന്റെ പുസ്തകം ഉള്‍പ്പെടുത്തുന്നതിന് എനിക്ക് താല്‍പര്യമില്ലെന്ന് സര്‍വകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പുസ്തകത്തിന്റെ പേര് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ല’ -അവർ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

താല്‍പര്യമുള്ളവര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പുസ്തകം വായിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ടെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങള്‍ കാണുന്നതുകൊണ്ടാവാം ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായതെന്നും ശൈലജ അഭിപ്രായപ്പെട്ടു. 

കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് ഇലക്ടിവ് കോഴ്സിൽ ഒന്നാം സെമസ്റ്റർ കോർ റീഡിങ് വിഭാഗത്തിലാണ് കെ.കെ. ശൈലജയുടെ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (സഖാവെന്ന നിലയിൽ എന്റെ ജീവിതം) എന്ന പുസ്തകവും ഉൾപ്പെടുത്തിയത്. സിലബസിൽ കമ്യൂണിസ്റ്റ് വത്കരണമാണെന്ന് ആ​രോപിച്ച് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മഹാത്മാ ഗാന്ധി, ബി.ആർ. അംബേദ്കർ എന്നിവരുടെ​യും സി.കെ. ജാനുവിനെ കുറിച്ചുള്ള പുസ്തകങ്ങളുമാണ് കോർ റീഡിങ് വിഭാഗത്തിൽ ഉൾപ്പെ​ട്ട മറ്റു ഗ്രന്ഥങ്ങൾ.

കണ്ണൂർ സർവകലാശാലയിൽ പഠനബോർഡുകൾ ഇല്ലാത്തതിനാൽ പകരം രൂപവത്കരിച്ച അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയാറാക്കിയത്. ചാൻസലറുടെ അനുമതിയില്ലാതെ രൂപവത്കരിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോടതിയാണ് പഠനബോർഡുകൾ റദ്ദാക്കിയത്. സിലബസ്​ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാതെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കഴിഞ്ഞദിവസം പ്രചരിപ്പിച്ചത് വിവാദമായിരുന്നു.

സർവകലാശാലയിൽ കമ്യൂണിസ്റ്റ്‍വത്കരണമാണ് നടക്കുന്നതെന്നും വിവാദ പാഠപുസ്തകം പിൻവലിക്കണമെന്നും പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു. പുസ്തകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സർവകലാശാലയിലേക്ക് മാർച്ച് നടത്തി. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി സമിതി ഗവർണർക്ക് പരാതി നൽകി. വിവാദം അനാവശ്യമാണെന്നും ഗാന്ധിജിയുടെയും അംബേദ്കറുടെയും ജാനുവിന്റെയും ആത്മകഥകൾക്കൊപ്പം കെ.കെ. ശൈലജയുടേതും ഉൾ​പ്പെടുത്തുകയാണുണ്ടായതെന്നും സിൻഡിക്കേറ്റംഗം എൻ. സുകന്യ പറഞ്ഞു.

‘ജീവചരിത്രം എന്ന നിലയിലല്ല, ഓര്‍മകുറിപ്പുകള്‍ എന്ന നിലയിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കുട്ടിക്കാലത്ത് അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍ അനാചാരങ്ങളുടെയും അമ്മയും അമ്മമ്മയുമെല്ലാം അടങ്ങിയ തലമുറ അനുഭവിച്ച വിവേചനങ്ങളുടെയും അനുഭവകഥകള്‍ കേട്ടാണ് വളര്‍ന്നത്. ഈ വിവേചനങ്ങളെകുറിച്ച് പുതിയ തലമുറ അറിയണമെന്നതിനാലാണ് അമ്മമ്മയും അമ്മാവന്‍മാരുമെല്ലാം അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചും അന്നത്തെ സമൂഹം നടത്തിയ പോരാട്ടങ്ങളെകുറിച്ചും പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിച്ചത്. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ തൊട്ടുകൂടായ്മയ്ക്കെതിരായി നടത്തിയ സമരങ്ങളും വസൂരി പോലുള്ള മാരക രോഗങ്ങള്‍ ഭേദമാക്കാന്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നതാണ് ആദ്യഭാഗം. രണ്ടാംഭാഗത്ത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ വികാസവും ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഉണ്ടായ അനുഭവവും നിപ്പയും കൊവിഡും മറ്റ് പകര്‍ച്ചവ്യാധികളുമെല്ലാം നേരിടാന്‍ കേരളത്തിലെ ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളുമാണ് പ്രതിപാദിക്കുന്നത്’ -ശൈലജ ടീച്ചർ വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം:

ഞാന്‍ എഴുതിയ പുസ്തകം 'മൈ ലൈഫ് ആസ് എ കോമറേഡ്' കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന രീതിയില്‍ വ്യാപകമായ പ്രചാരണം നടക്കുകയാണ്. രാവിലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ച് കണ്ടപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യൂണിവേഴ്സിറ്റി അധികൃതരെ വിളിച്ച് അന്വേഷിച്ചു. സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികവായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തില്‍ സി കെ ജാനു, സിസ്റ്റര്‍ ജസ്മി തുടങ്ങിയവരുടെ പുസ്തകങ്ങളുടെ കൂടെ ഈ പുസ്‌തകത്തിന്റെ പേരുകൂടി ചേര്‍ത്തതാണെന്നുമാണ് യൂണിവേഴ്സിറ്റി അധികൃതരില്‍ നിന്നും ലഭിച്ച മറുപടി. ഏത് വിഭാഗത്തിലായാലും എന്റെ പുസ്തകം ഉള്‍പ്പെടുത്തുന്നതിന് എനിക്ക് താല്‍പര്യമില്ലെന്ന് സര്‍വകലാശാലാ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എന്റെ പുസ്തകത്തിന്റെ പേര് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ല.

എന്റെ പുസ്തകം ഒരു ജീവചരിത്രം എന്ന നിലയിലല്ല എന്റെ ഓര്‍മകുറിപ്പുകള്‍ എന്ന നിലയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്റെ കുട്ടിക്കാലത്ത് അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍ അനാചാരങ്ങളുടെയും എന്റെ അമ്മയും അമ്മമ്മയുമെല്ലാം അടങ്ങിയ തലമുറ അനുഭവിച്ച വിവേചനങ്ങളുടെയും അനുഭവകഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത് ഈ വിവേചനങ്ങളെകുറിച്ച് പുതിയ തലമുറ അറിയണമെന്നതിനാലാണ് അമ്മമ്മയും അമ്മാവന്‍മാരുമെല്ലാം അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചും അന്നത്തെ സമൂഹം നടത്തിയ പോരാട്ടങ്ങളെകുറിച്ചും പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിച്ചത്. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ തൊട്ടുകൂടായ്മയ്ക്കെതിരായി നടത്തിയ സമരങ്ങളും വസൂരി പോലുള്ള മാരക രോഗങ്ങള്‍ ഭേദമാക്കാന്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നതാണ് ആദ്യഭാഗം. കടുത്ത ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളും പുസ്തകത്തിന്റെ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തി.

രണ്ടാമത്തെ ഭാഗത്ത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ വികാസവും ഞാന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് എനിക്കുണഅടായ അനുഭവവും, പകര്‍ച്ചവ്യാധികള്‍ക്കും ആരോഗ്യ മേഖലയില്‍ വരുന്ന മറ്റ് ഭീഷണികള്‍ക്കും എതിരെ നാം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനുഭവവും, നിപ്പയും കൊവിഡും മറ്റ് പകര്‍ച്ചവ്യാധികളുമെല്ലാം നേരിടാന്‍ കേരളത്തിലെ ജനത ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളുമാണ് പ്രതിപാതിക്കുന്നത്. ഡല്‍ഹി കേന്ദ്രമായ ജാഗര്‍നട്ട് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

താല്‍പര്യമുള്ളവര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പുസ്തകം വായിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. വാങ്ങിവായിക്കുന്നുണ്ട്. തികച്ചും രാഷ്ട്രീയ പ്രേരിതമായി കാര്യങ്ങള്‍ കാണുന്നതുകൊണ്ടാവാം ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്. ഇത് എല്ലാവരും മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Full View

Tags:    
News Summary - K.K. Shailaja on Row erupts over her book My Life as a Comrade kannur university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.