തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസ് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതി-മൂന്നിൽനിന്ന് കേസ് കൈമാറിയ ശേഷം ആദ്യമായാണ് സെഷന്‍സ് കോടതിയുടെ പരിഗണനയിലേക്ക് വരുന്നത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ ഐ.എ.എസ് ഓഫിസര്‍ ശ്രീറാം വെങ്കിട്ടരാമനോടും സുഹൃത്ത് വഫയോടും തിങ്കളാഴ്ച ഹാജരാകണമെന്ന് ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആദ്യഘട്ടമായി പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച ശേഷമായിരിക്കും വിചാരണ നടപടി ആരംഭിക്കുക.
ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി ഒരാഴ്ച കഴിഞ്ഞാണ് കേസില്‍ വിചാരണ നടപടി ആരംഭിക്കുന്നത്. കുറ്റപത്രത്തിെൻറ പകര്‍പ്പുകള്‍ ഇരുപ്രതികളുടെയും അഭിഭാഷകര്‍ക്ക് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 2020 ഫെബ്രുവരി 24ന് നല്‍കിയിരുന്നു.
സി.ഡികള്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കിയ ശേഷം കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2020 ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ പരിശോധനയില്‍ ശ്രീറാമിൽ നരഹത്യ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യ ലഹരിയില്‍ രണ്ടാം പ്രതിയായ വഫക്കൊപ്പം കാറില്‍ കവടിയാര്‍ ഭാഗത്തുനിന്നും അമിതവേഗതയില്‍ കാറോടിച്ച് വരവെ, മ്യൂസിയം പബ്ലിക്ക് ഓഫിസിന്‍റെ മുന്‍വശത്ത് വെച്ച് ബഷീറിന്‍റെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതും കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചും പൊലീസ് കേസ് വഴിതിരിച്ചുവിടാന്‍ തുടക്കത്തില്‍ തന്നെ ഇടപെട്ടു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസുമായി ഒത്തുകളിച്ച് രക്തസാമ്പിള്‍ പരിശോധനക്ക് സമ്മതിക്കാതെ രക്ഷപ്പെടുകയായിരുന്നു.
മ്യൂസിയം പൊലീസ് ഉന്നത സ്വാധീനത്താല്‍ പ്രതികളുമായി ഒത്തുകളിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന സമയം മുതല്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.