പാലാ: യു.ഡി.എഫിലേക്ക് മടങ്ങില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. നിലവിൽ പാർട്ടി സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിൽ മാറ്റമില്ല. യു.ഡി.എഫിലേക്ക് പോകുന്നതിനായി ആരുമായും ചർച്ച നടത്തിയിട്ടില്ല. ദാഹവും മോഹവുമായി ആരുടെയും പിന്നാലെ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതെങ്കിലും മുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അങ്ങനെയൊരു പരിഭ്രാന്തിയുമില്ല. മുന്നണി പ്രവേശനം കേരള കോൺഗ്രസ് ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ഒരു മുന്നണിയിലേക്കും തൽക്കാലമില്ല. അത്തരം ആലോചനകൾക്ക് സമയമായിട്ടില്ല. പാർട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരോട് സഹകരിക്കും. സമീപനരേഖ തയാറാക്കുന്ന തിരക്കിലാണ് തങ്ങളിപ്പോൾ. മുന്നണി നല്ലതാണ്. പല പാർട്ടികൾ ഒന്നിച്ചുനിൽക്കുമ്പോഴുള്ള ബലം നല്ലതാണ്. യു.ഡി.എഫിലേക്ക് ക്ഷണിച്ച കോൺഗ്രസിെൻറ സന്മനസ്സിന് നന്ദി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ നിലപാട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും കെ.എം. മാണി പറഞ്ഞു.
കേരള കോൺഗ്രസ് വെൻറിലേറ്ററിലാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ പ്രസ്താവനക്കും മാണി മറുപടി നൽകി. ശവക്കുഴിയിലായ പാർട്ടിയാണ് സി.പി.െഎ. അവരാണ് തങ്ങളെ വെൻറിലേറ്ററിലായ പാർട്ടിയെന്ന് കുറ്റപ്പെടുത്തുന്നത്. കാനം രാജേന്ദ്രൻ സി.പി.ഐയുടെ ശോഭ കെടുത്തുന്നു. നിരവധി മഹാരഥന്മാർ നയിച്ച പാർട്ടിയാണത്. ആ സ്ഥാനത്താണ് കാനം ഇപ്പോഴുള്ളത്. കാര്യങ്ങൾ മാന്യമായി പറയണം. ഒറ്റക്കുനിന്നാൽ ഒരു സീറ്റുപോലും നേടാത്ത പാർട്ടിയാണ് സി.പി.െഎ. കേരള കോൺഗ്രസ് എൽ.ഡി.എഫിൽ എത്തിയാൽ സി.പി.ഐയുടെ രണ്ടാംസ്ഥാനം പോകുമെന്ന പേടികൊണ്ടാണ് കാനം രാജേന്ദ്രൻ എതിർക്കുന്നത്. തങ്ങൾ ആരുടെയും പിന്നാലെ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.