കോഴിക്കോട്: പോപുലർ ഫ്രണ്ട് പ്രവർത്തകരെ ലീഗിലേക്ക് ക്ഷണിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. അവർക്കായി ലീഗിന്റെ വാതിലുകൾ തുറന്നുവെക്കുക തന്നെ ചെയ്യുമെന്നും അവരെ തെരുവിലേക്ക് വലിച്ചെറിയാൻ ഞങ്ങളുണ്ടാവില്ലല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം വളാഞ്ചേരിയിൽ മുസ്‍ലിം ലീഗ് സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധരിച്ചുപോയ എൻ.ഡി.എഫിന്റെ കുട്ടികൾ മുഖ്യധാര രാഷ്ട്രീയ പാർട്ടികളിൽ തിരിച്ചുവരണമെന്നും അവർ രാഷ്ട്ര നിർമാണ പ്രക്രിയയിൽ പങ്കാളിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ് നിരോധനം നേരിട്ട സിമി നേതാക്കൾ ഇടത്പക്ഷ സർക്കാരിൽ മന്ത്രിയായില്ലേയെന്നും അദ്ദേഹം ചോദിച്ചു.
''എൻ.ഡി.എഫിനെ അതിന്റെ ഒന്നാമത്തെ ദിവസം മുതൽ എതിർത്തത് ഞങ്ങളാണ്. വെറും എതിർപ്പല്ല, ബഡായിയല്ല. തെരഞ്ഞെടുപ്പിന്റെ ഏറ്റവും ക്രൂഷ്യലായ ടൈമിൽ. വോട്ടുകൾ എണ്ണിനോക്കിയാൽ ജയിക്കാൻ ഒരു ചെറിയൊരു വോട്ടിന്റെ വ്യത്യാസമുണ്ട് എന്ന് ഉറപ്പുണ്ടായിട്ടും എൻ.ഡി.എഫുകാരന്റെ മുഖത്തുനോക്കി നിന്റെ തീവ്രവാദ വോട്ടുകൾ എനിക്ക് വേണ്ടെന്ന് പരസ്യമായി പറഞ്ഞാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് ഇരുട്ടിന്റെ മറവിൽ പോയി എൻ.ഡി.എഫുകാരന്റെ ഓഫിസിൽ കയറിയിട്ട് വോട്ട് കച്ചവടം ചെയ്ത നിന്റെ നേതാക്കന്മാർക്ക് ഞങ്ങൾ പറയുന്ന ഭാഷ മനസ്സിലാവില്ല. ഞങ്ങൾ പറയുന്നു, ആ കുട്ടികൾ രാഷ്ട്ര നിർമാണ പ്രക്രിയകളിൽ പങ്കാളികളാകണം.
ആദ്യം നിരോധിച്ച സംഘടന സിമിയല്ലായിരുന്നോ?. അതിലെ നേതാക്കന്മാർ ഇപ്പോൾ എവിടെയാണുള്ളത്?. മാർക്സിസ്റ്റു പാർട്ടിയുടെ മന്ത്രിസഭയിൽ ആ സിമിയുടെ മുൻ നേതാവ് ഉണ്ടായിരുന്നില്ലേ? ഇവൻ പഴയ സിമിയാണെന്ന് പറഞ്ഞ് ചവിട്ടിപ്പുറത്താക്കിയിരുന്നോ? ഇപ്പോഴും നിങ്ങളുടെ ഇടതുപക്ഷ മുന്നണിയിലെ നേതൃപദവിയിൽ രണ്ടു പഴയ സിമിക്കാരില്ലേ? നിങ്ങൾ ചവിട്ടിപ്പുറത്താക്കിയോ? നമ്മുടെ മക്കളെ, നമ്മുടെ സഹോദരന്മാരെ കാഴ്ചപ്പാടുകളുടെ വൈകല്യങ്ങൾ കൊണ്ടും തെറ്റിദ്ധാരണ കൊണ്ടും രാജ്യത്തിന്റെ മുഖ്യധാരയിൽനിന്ന് മാറിയാൽ അവരെ തിരിച്ചുകൊണ്ടുവരാനുള്ള ബാധ്യത നമുക്കില്ലേ? ഇല്ലെന്ന് നിങ്ങൾ പറയുകയാണ്. ഞങ്ങളവരെ വിളിക്കുന്നത് സി.പി.എമ്മിലേക്കല്ലല്ലോ, ലീഗിലേക്കാണ്. നിന്റെ പാർട്ടിയിലേക്ക് വിളിച്ചാൽ സൂക്ഷിക്കണം, കാരണം വെട്ടാനും കുത്താനുമാകും. അത് നിന്റെ പണിയാണ്. മറ്റവനെ വെട്ടാനും കുത്താനുമുള്ള ഗൂഢാലോചന നടത്തുന്ന പണിയല്ല ലീഗ് ഓഫിസിലുള്ളത്. ഞങ്ങളീ രാജ്യത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. ടി.പി ചന്ദ്രശേഖരനെ വെട്ടിയ ഭീകരനായ ഒരു കൊലയാളിയുണ്ടായിരുന്നു, പേര് ഷാഫി എന്നാണ്. എന്റെ കലി തീരുന്നില്ല എന്ന് പറഞ്ഞ് ടി.പിയെ 52ാമത്തെ വെട്ട് വെട്ടി ഇന്നോവയിൽ തിരിച്ചുപോയവന്റെ പേരാണ് ഷാഫി. ആ ഷാഫിയുടെ കല്യാണം പോയി നടത്തിക്കൊടുത്ത് അവന്റെ കൂടെ ഡാൻസ് ചെയ്യുന്ന കേരളത്തിലെ സ്പീക്കർ ഷംസീർ പറഞ്ഞതാ, ഒരുത്തനെ നന്നാവാനും വിടില്ലേയെന്ന്. ഷംസീറിന്റെ മോന്ത കണ്ടിട്ട് നാശായതല്ലേ ഷാഫി? നിന്റെ കൂടെ നടന്നിട്ട് നാശായതല്ലേ? അവന്റെ കല്യാണത്തിന് പോയി ഞണ്ണിയിട്ട് നിങ്ങൾ ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ വരികയാണോ? ഞങ്ങൾ ആയിരം വട്ടം പറയും, തെറ്റിദ്ധരിച്ചുപോയ എൻ.ഡി.എഫിന്റെ കുട്ടികൾ മുഖ്യധാര രാഷ്ട്രീയ പാർട്ടികളിൽ തിരിച്ചുവരണം. ലീഗിന്റെ വാതിലുകൾ തുറന്നുവെക്കുക തന്നെ ചെയ്യും. അവരെ തെരുവിലേക്ക് വലിച്ചെറിയാൻ ഞങ്ങളുണ്ടാവില്ല'' അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.