സംസ്ഥാനത്തെ ഏറ്റവും പ്രധാന നഗരമാണ് കൊച്ചി. വിശേഷണങ്ങള്‍ ഏറെയുണ്ടുതാനും. വാണിജ്യ നഗരം, വ്യവസായ തലസ്ഥാനം, മെട്രോ സിറ്റി, അറബിക്കടലിന്‍െറ റാണി.. അങ്ങനെ പോകുന്നു. ഏറ്റവും ഒടുവിലായി ഗുണ്ടാ തലസ്ഥാനമെന്ന പേരും കിട്ടി. ദോഷം പറയരുതല്ലോ. ഇക്കാര്യത്തിലെങ്കിലും രാഷ്ട്രീയ പക്ഷപാതിത്തം കാണിച്ചിട്ടില്ല. സി.പി.എമ്മിന്‍െറ ഏരിയാ സെക്രട്ടറിയാണ് ഗുണ്ടാ കേസില്‍ പെട്ടതെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് കൗണ്‍സിലറും ഗുണ്ടാ കേസില്‍ പ്രതികളായി തൂക്കമൊപ്പിച്ചു. രാത്രിയും പകലും ഗുണ്ടകളും അവരെ സംരക്ഷിക്കുന്ന നേതാക്കളും തലങ്ങളും വിലങ്ങും നടക്കുമ്പോള്‍ കൊച്ചിയില്‍ പൊലീസിനും ശൗര്യം കൂടുമെന്നാകും വിവരമില്ലാത്ത പൊതുജനം ധരിച്ചുവെച്ചിരിക്കുക. മണ്ടത്തരം.
കൊച്ചി പൊലീസ് ഇപ്പോള്‍ ക്ഷമയില്‍ ബിരുദാനന്തര ബിരുദമെടുക്കാന്‍ പഠിക്കുകയാണ്. സംശയമുണ്ടെങ്കില്‍ കളമശ്ശേരിയോളമോ മരട് വരെയോ ഒക്കെ പോയി നോക്കിയാല്‍ മതി. കളമശ്ശേരിയില്‍ ഗുണ്ടാ കേസില്‍ പെട്ട സി.പി.എം ഏരിയാ സെക്രട്ടറി ഒളിവില്‍ പോയി എന്നായിരുന്നു പൊലീസ് ഭാഷ്യം. രണ്ട് വ്യവസായികള്‍ തമ്മിലുള്ള കേസ് ഒത്തുതീര്‍ക്കാന്‍ യുവ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്നോ ബലം പ്രയോഗിച്ചുവെന്നോ ഒക്കെയായിരുന്നു കേസ്. ഏരിയാ സെക്രട്ടറി മാത്രമല്ല, പൊലീസില്‍ തത്തുല്യ സ്ഥാനമുള്ള ഉദ്യോഗസ്ഥനുമൊക്കെ പ്രതികളാണ്. ഈ സാഹചര്യത്തില്‍ പൊലീസിന് നോക്കിയിരിക്കാനാവില്ലല്ലോ. ധൈര്യപൂര്‍വം കേസ് രജിസ്റ്റര്‍ ചെയ്തു.
കീഴ് വഴക്കമനുസരിച്ച് മുഖ്യ പ്രതി ഒളിവില്‍ പോയി. ഒളിവില്‍പോയയാളെ പാര്‍ട്ടി ‘താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് നീക്കി’. പുതിയ ഒരാള്‍ക്ക് ചുമതലയും നല്‍കി. എന്നുവെച്ച് പഴയ ഏരിയാ സെക്രട്ടറിക്ക് കര്‍ത്തവ്യം മറക്കാനാവില്ലല്ലോ. ‘ഒളിവിലിരുന്നു കൊണ്ടുതന്നെ’ അദ്ദേഹം ധൈര്യപൂര്‍വം ഏരിയാ കമ്മിറ്റി ഓഫീസിലെത്തി, രാത്രിയല്ല; പകല്‍. ഏരിയാ കമ്മറ്റി യോഗത്തിലും പങ്കെടുത്തു. പതിവുപോലെ ചാനല്‍ കാമറകള്‍ ഏരിയാ കമ്മിറ്റി ഓഫീസിന് മുമ്പില്‍ തമ്പടിച്ചു. നാട്ടുകാരില്‍ നിന്ന് വിവരം കേട്ടറിഞ്ഞ് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസും എത്തി. ക്ഷമയുടെ പാഠത്തില്‍ പറയുന്നത് അനുസരിച്ചായിരുന്നു വരവ്. അതായത്, ഏരിയാ കമ്മിറ്റി ഓഫീസിന് നൂറുമീറ്റര്‍ അകലെ തന്ത്രപ്രധാനമായ സ്ഥലത്ത് നിലയുറപ്പിച്ചു; നേതാവ് പുറത്തിറങ്ങി വന്നാല്‍ കണ്ടുവണങ്ങി മടങ്ങാം എന്ന ഉദ്ദേശത്തോടെ. കള്ളുഷാപ്പിനും ആരാധനാലയത്തിനുമിടയില്‍ മാത്രമാണ് നാനൂറ് മീറ്റര്‍ പരിധി. പൊലീസിന്‍െറ ‘ക്ഷമാ ദൂരം’ നൂറ് മീറ്ററാണ്.
രാവിലെ മുതല്‍ ഈ നൂറ് മീറ്റര്‍ പരിധിയില്‍ ക്ഷമയോടെ നിലയുറപ്പിച്ച് ഏരിയാ നേതാവിന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കി വൈകുന്നേരത്തോടെ പൊലീസ് മടങ്ങി. പിറ്റേദിവസം രാവിലെ ഓഫീസില്‍ നിന്ന് നേതാവും മടങ്ങി. അങ്ങനെ പൊലീസിന് തന്നെ പേടിയാണെന്ന് നാട്ടുകാരെ ഒരിക്കല്‍കൂടി ബോധ്യപ്പെടുത്താന്‍ നേതാവിന് അവസരം കിട്ടി. പൊലീസിനാകട്ടെ, ആള്‍ക്കൂട്ടത്തിന് നടുവില്‍ ക്ഷമപാലിക്കാനുള്ള പരിശീലനവുമായി. ‘കീഴടങ്ങാന്‍ അദ്യത്തിന് ഏഴുദിവസത്തെ അവധി അനുവദിച്ചിട്ടുണ്ടല്ലോ. അതുവരെ അനിയന്‍ ക്ഷമിക്ക്’ എന്ന പതിവ് മറുപടിയും ആവര്‍ത്തിച്ചു. കാത്തിരുന്ന് മടുത്തിട്ടാകണം ഏരിയാ സെക്രട്ടറി ഒടുവില്‍ കീഴടങ്ങി.
ഇനി പൊലീസിന്‍െറ ക്ഷമാ പരിശീലനം മരടിലാണ്. ഗുണ്ടാ കേസില്‍പ്പെട്ട മരട് നഗരസഭാ വൈസ് ചെയര്‍മാനും കൗണ്‍സിലറും കീഴ് വഴക്കമനുസരിച്ച് ഒളിവില്‍ പോയി. ഒളിവിലിരുന്ന് മാധ്യമങ്ങളെ കണ്ടു. ഇപ്പോള്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷയുമായി നടപ്പാണ്. അവിടന്ന് ഹൈകോടതിയില്‍ പോകണം. അങ്ങനെ നടപടികള്‍ ഏറെയുണ്ട്. അതുവരെ ക്ഷമ പാലിക്കാനാണ് പൊലീസിന്‍െറ തീരുമാനം. ക്ഷമ പരിശീലിക്കുന്നുവെന്ന് കരുതി സാധാരണക്കാര്‍ ഞെളിയേണ്ട. പൊലീസിന്‍െറ ശൗര്യമൊന്നും തീര്‍ന്നിട്ടില്ല. അത് ഇപ്പോള്‍ കാണിക്കുന്നത് എ.ടി.എമ്മുകളുടെ മുമ്പിലാണ്. നഗരത്തില്‍ അത്യാവശ്യം തിരക്കുള്ളിടത്തെ എ.ടി.എമ്മിലാണ് പണമുള്ളത്. അവിടെയെല്ലാം നോ പാര്‍ക്കിങ് ഏരിയയാണ്.
നോ പാര്‍ക്കിങ് ബോര്‍ഡ് ഒന്നും നോക്കാതെ പണത്തിന് തിടുക്കമുള്ളവര്‍ ഏവിടെയെങ്കിലും ടു വീലര്‍ പാര്‍ക്കുചെയ്ത് എ.ടി.എമ്മിന് മുമ്പില്‍ വരിനില്‍ക്കും. വരിയില്‍ നിലയുറപ്പിച്ചെന്ന് കണ്ടാല്‍ ഉടനെത്തും പൊലീസ്. നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം വെച്ചതിന് പെറ്റിയടിക്കാന്‍. കഴിഞ്ഞ ദിവസം എറണാകുളം മേനക ജംങ്ഷനില്‍ ഇങ്ങനെ നിരവധി വാഹനങ്ങള്‍ക്കാണ് പെറ്റിയടിച്ചത്. കുറ്റം പറയാന്‍ പ റ്റില്ല; നോട്ട് അസാധുവാക്കിയതോടെ സര്‍ക്കാറിന് വരുമാനം കുറഞ്ഞു. ക്ഷമാ പരിശീലനത്തിനിടയിലും സര്‍ക്കാറിന് വരുമാനമുണ്ടാക്കാന്‍ തങ്ങളാലാവുന്നത് ചെയ്തല്ലേ തീരൂ. ദേശ സ്നേഹത്തിന്‍െറ പേരില്‍ ഇതും അങ്ങ് ക്ഷമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.