തൃശൂർ/കാസർകോട്: കൊടകര കുഴൽപണ കേസിൽ ജൂൺ 23ന് വാദം നടക്കും. കണ്ടെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ധർമരാജ് നൽകിയ ഹരജിയിൽ പൊലീസ് ഇരിങ്ങാലക്കുട കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പണം വിട്ടുകൊടുക്കരുതെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ധർമരാജന്റെ ഹരജിയിലെയും മൊഴിയിലെയും വൈരുധ്യമാണ് സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത്.
കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയിൽ മൂന്നേകാൽ കോടി തന്റെയും 25 ലക്ഷം സുനിൽ നായിക്കിന്റെതുമാണ് എന്നാണ് ധർമരാജ് കോടതിയെ അറിയിച്ചത്. എന്നാൽ, താൻ പണമെത്തിക്കുന്ന ഏജൻറ് മാത്രമെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. കവർച്ചക്കാർ തട്ടിയെടുത്ത കാർ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജന്റെ ഡ്രൈവർ ഷംജീറും കോടതിയെ സമീപിച്ചിട്ടുണ്ട്. പണത്തിന്റെ രേഖ ഇനിയും ഹാജരാക്കിയിട്ടില്ല. ഇത് ഹാജരാക്കാമെന്നാണ് അപേക്ഷയിലുള്ളത്.
എന്നാൽ, രേഖയുള്ള പണമാണെങ്കിലും നിശ്ചിത തുകയേക്കാൾ കൂടുതൽ കൈവശം വെക്കാനാകില്ലെന്നതും അന്വേഷണ സംഘത്തിന് നൽകിയ മൊഴിയും പൊലീസ് ചൂണ്ടിക്കാണിക്കും. പരാതി നൽകാനെടുത്ത കാലതാമസവും പണവുമായി ബന്ധപ്പെട്ട തെളിവുകൾ നൽകാതിരുന്നതുമടക്കം പൊലീസ് വാദത്തിന് സഹായമാകും.
ധർമരാജ്, ഷംജീർ, സഹായി റഷീദ് എന്നിവരിൽനിന്നുൾപ്പെടെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലുള്ള തെളിവെടുപ്പിൽ പണമെത്തിയത് കർണാടകത്തിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതിനാൽ ധർമരാജ് നൽകിയ ഹരജി നിലനിൽക്കാൻ സാധ്യത വിരളമാണെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. കേസ് നിർണായക ഘട്ടത്തിലായതിനാൽ പണവും കാറും വിട്ടുകൊടുക്കുന്നത് തെളിവ് നശിപ്പിക്കാനിടയാക്കുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അതിനിടെ, കുഴൽപണ തട്ടിപ്പുകേസ് അന്വേഷിക്കാൻ എ.ഡി.ജി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥെൻറ മേൽനോട്ടത്തിൽ പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെടുന്ന ഹരജി ഹൈകോടതി മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
അതേസമയം, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കൈക്കൂലി കേസിൽ, സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ. സുന്ദരക്ക് ബി.ജെ.പി നൽകിയ പണത്തിൽ 70,000 രൂപ കൂടി ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി. സുന്ദര ബന്ധുകൾക്ക് നൽകിയ പണമാണ് കണ്ടെത്തിയത്. സുന്ദരക്ക് ബി.ജെ.പി നൽകിയ രണ്ടര ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ സുന്ദരയുടെ സുഹൃത്തിെൻറ അക്കൗണ്ടിൽ കണ്ടെത്തിയിരുന്നു.
ബാക്കിയുള്ള തുകക്കായാണ് പൊലീസ് പരിശോധന നടത്തുന്നത്. ഇനി 80,000 രൂപയുടെ കണക്കുകൂടി ലഭിക്കേണ്ടതുണ്ട്. ഇതിൽപെടുന്ന കുറച്ച് തുക സുന്ദര ഷേണിയിലെ വീടിെൻറ അറ്റകുറ്റപ്പണിക്കായി ചെലവഴിച്ചു. ചില ബന്ധുക്കൾക്ക് നൽകിയ തുകയും വരവുവെച്ചിട്ടുണ്ട്. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. സതീഷ് ആലക്കലിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സുന്ദരയുടെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം അന്വേഷണ സംഘം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.