തിരുവനന്തപുരം: കോൺഗ്രസിന്‍റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് നേതൃത്വം അധപതിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് മുസ്ലീം ലീഗ് നേതൃത്വത്തിന് കോടിയേരി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 'ഹിന്ദുരാഷ്ട്ര പിന്താങ്ങികൾ' എന്ന പേരിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം.
പള്ളി പൊളിച്ചിടത്ത് സർക്കാർ നേതൃത്വത്തിൽ അമ്പലം പണിയുന്നതിനെ അനുകൂലിക്കുന്നവർ, പ്രതികൂലിക്കുന്നവർ എന്ന വിധത്തിലുള്ള വേർതിരിവ് ഉണ്ടായിരിക്കുകയാണ്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പള്ളി പൊളിച്ചിടത്ത് സർക്കാർ നേതൃത്വത്തിൽ അമ്പലം പണിയുന്നതിനെ പിന്തുണയ്‌ക്കുന്നതിലൂടെ, അത്തരക്കാർ ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്രവാദത്തിന്‍റെ വാലിൽ തൂങ്ങികളാകുകയാണ്. ക്ഷേത്രനിർമാണം സ്വാതന്ത്ര്യസമരത്തിന് തുല്യമെന്ന് മോദി അഭിപ്രായപ്പെട്ടതിലൂടെ അന്ന് വെള്ളക്കാരെ പുറത്താക്കിയതുപോലെ ഇന്ത്യയിലെ ചില ജനവിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്നുവെന്നാണോ അർഥമാക്കിയത് എന്നും കോടിയേരി ചോദിച്ചു.
ഇത് രാമഭക്തിയല്ല, അന്യമത വിദ്വേഷമാണെന്ന് ഉറക്കെ പറയാനുള്ള കെൽപ്പ് കോൺഗ്രസിന് ഇല്ലാതെപോയി. രാമന് അമ്പലം പണിയാനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരം എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയിൽ ലീഗ് നേതൃത്വം കൈക്കൊണ്ടത് അഴകൊഴമ്പൻ നിലപാടാണെന്ന് കോടിയേരി ആരോപിച്ചു. കോൺഗ്രസിന്‍റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് നേതൃത്വം അധപതിച്ചു. പാര്‍ട്ടി പത്രത്തോട് പോലും നീതി പുലര്‍ത്താൻ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ലെന്നും കോടിയേരി പറഞ്ഞു,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.