കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി മരണം പാർട്ടിക്കേൽപിച്ച മുറിവുണക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ ഒടുവിൽ രംഗത്തിറങ്ങി. സംഭവത്തിൽ പാർട്ടി ജില്ല സെക്രട്ടറിക്കെതിരെ ആരോപണം ഉയരുകയും, ജില്ലയിലെത്തിയിട്ടും മുഖ്യമന്ത്രി ശ്രീജിത്തിെൻറ വീട് സന്ദർശിക്കാതിരുന്നതിനെതിരെ വിമർശനം ശക്തമാകുകയും ചെയ്തതിന് പിന്നാലെയാണ് തിങ്കളാഴ്ച വൈകീട്ട് കോടിയേരി ശ്രീജിത്തിെൻറ കുടുംബാംഗങ്ങളെ കാണാൻ വീട്ടിലെത്തിയത്.
സംഭവത്തിൽ പാർട്ടി നിലപാട് വിശദീകരിക്കാൻ സംഘടിപ്പിച്ച സമ്മേളനത്തിന് മുമ്പ് വൈകുന്നേരം 5.30 ഒാടെയാണ് കോടിയേരി വീട്ടിലെത്തിയത്. വിശദീകരണ സമ്മേളനത്തിനെത്തുന്ന കോടിയേരി ശ്രീജിത്തിെൻറ വീട് സന്ദർശിക്കുമോ എന്ന കാര്യത്തിൽ അവസാന നിമിഷം വരെയും ആശയക്കുഴപ്പം നിലനിന്നിരുന്നു.
രണ്ടു ദിവസം ജില്ലയിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി ശ്രീജിത്തിെൻറ വീട്ടിൽ പോകാതിരുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് ബോധപൂർവമായിരുന്നില്ലെന്ന് പറഞ്ഞ് പ്രതിഷേധം തണുപ്പിക്കാനും കോടിയേരി ശ്രമിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ജില്ലയിൽ എത്തിയ മുഖ്യമന്ത്രി ശനിയാഴ്ച മുഴുവൻ എറണാകുളം, പറവൂർ, ആലുവ മേഖലയിൽ ഉണ്ടായിട്ടും ശ്രീജിത്തിെൻറ വീട് സന്ദർശിക്കാൻ തയാറായിരുന്നില്ല. നോർത്ത് പറവൂരിൽ എസ്.എൻ.ഡി.പിയുടെ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വരാപ്പുഴ വഴി ഒഴിവാക്കി 30 കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് എത്തിയത്. ഇതോടെ സംഭവത്തിൽ തീർത്തും പ്രതിരോധത്തിലായ സി.പി.എമ്മിെൻറ മുഖം രക്ഷിക്കാനുള്ള ശ്രമത്തിനാണ് സംസ്ഥാന സെക്രട്ടറി തുടക്കമിട്ടത്.
സംഭവ ശേഷം ഇതുവരെ സി.പി.എമ്മിെൻറ ഒരു പ്രാദേശിക നേതാവു പോലും വീട് സന്ദർശിക്കാനോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ തയാറായിരുന്നില്ല. എന്നു മാത്രമല്ല സംഭവത്തിനുശേഷം പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ് പാർട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായതും. സ്ഥലത്ത് സി.പി.എമ്മിൽ നിലനിൽക്കുന്ന വിഭാഗീയതയാണ് ഇൗ വിഷയത്തിലും പ്രതിഫലിച്ചതെന്നാണ് പറയുന്നത്. ഇൗ സാഹചര്യത്തിൽ പാർട്ടി അണികളിലുണ്ടായ ആശയക്കുഴപ്പം നീക്കി പ്രവർത്തകരെ ഒപ്പം നിർത്താനുള്ള നടപടികൾക്ക് നേതൃത്വം നിർബന്ധിതമാകുകയായിരുന്നു. ശ്രീജിത്തിെൻറ വീട് സന്ദർശിച്ച കോടിയേരി ആത്മഹത്യ ചെയ്ത സി.പി.എം അനുഭാവി വാസുദേവെൻറ വീടും സന്ദർശിച്ചാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.