കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പ്രതികളെ ഉടൻ പിടികൂടുമെന്ന് എ.ഡി.ജി.പി, അന്വേഷണത്തിന് വിപുല സംഘം

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കാൻ വിപുല അന്വേഷണ സംഘം രൂപവത്കരിച്ച് പൊലീസ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ നൽകിയ വാക്ക് പാലിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

ദക്ഷിണ മേഖല ഡി.ഐ.ജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. ജില്ലയിൽ വിവിധ കേസുകളിൽ അന്വേഷണ മികവ് തെളിയിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെ 40ഓളം പേരടങ്ങുന്ന സംഘമാണ് ഇനി കേസ് കൈാര്യം ചെയ്യുന്നത്. കൊല്ലം സിറ്റി, റൂറൽ എസ്.പിമാരും എ.സി.പിമാരും ഡിവൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും സംഘത്തിലുണ്ട്. തിരുവനന്തപുരം റൂറൽ ഉദ്യോഗസ്ഥരുടെ പിന്തുണയും തേടുന്നു.

സൈബർ സംഘങ്ങളെ ഉൾപ്പെടുത്തി വിവിധ സ്ക്വാഡുകളായി തിരിഞ്ഞുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പ്രതികൾ സഞ്ചരിച്ചതായി കരുതുന്ന വഴികളിലെല്ലാമുള്ള സി.സി ടി.വി ദൃശ്യങ്ങളുടെ പരിശോധനയും പുരോഗമിക്കുന്നു. ഇതിനിടെ, ചാത്തന്നൂരിൽനിന്ന് പ്രതികളുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊല്ലം റൂറൽ പരിധിയിലെ മുഴുവൻ എസ്.എച്ച്.ഒമാരെയും ഉൾപ്പെടുത്തിയുള്ള യോഗം റൂറൽ പൊലീസ് ആസ്ഥാനത്ത് ബുധനാഴ്ച നടന്നു. വിവിധ ഘട്ടങ്ങളായി രാവിലെ 10 മുതൽ ആരംഭിച്ച യോഗം രാത്രി ഏറെ വൈകിയും തുടർന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച് വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. സി.സി ടി.വികളില്ലാത്ത ഭാഗങ്ങളിലൂടെ പ്രതികൾ സഞ്ചരിച്ചതും വാഹനത്തിന്‍റെ നമ്പർ വ്യാജമായതും അന്വേഷണം വഴിമുട്ടിച്ചിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളുടെ പങ്ക് ശ്രദ്ധേയം

കൊല്ലം: ദുരന്തമുഖത്തെ മലയാളികളുടെ ഒത്തൊരുമ പ്രസിദ്ധമാണ്. പ്രളയത്തിലും കോവിഡിലും തെളിയിച്ച ഈ കൂട്ടായ്മയുടെ ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം. തിങ്കളാഴ്ച വൈകീട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത പ്രചരിച്ചതുമുതൽ വാട്സ്ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത് അബിഗേലിന്‍റെ ചിത്രവുമായുള്ള സ്റ്റാറ്റസുകളാണ്. തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെട്ടതും മിനിറ്റുകള്‍ക്കുള്ളിൽ മലയാളികൾ മുഴുവൻ ഞെട്ടലോടെ അറിഞ്ഞു. വിഷയത്തിലേക്ക് ജനശ്രദ്ധ തിരിച്ചതിൽ സുപ്രധാന പങ്ക് മാധ്യമങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങൾക്കുമുണ്ട്.

മലയാളി ഒന്നടങ്കം അബിഗേലിലെ തിരഞ്ഞിറങ്ങിയതോടെയാണ് തട്ടിക്കൊണ്ടുപോയവര്‍ ശരിക്കും ഊരാക്കുടുക്കിലായത്. എങ്ങനെയെങ്കിലും കുട്ടിയെ ഉപേക്ഷിച്ച് തടിതപ്പിയാൽ മതിയെന്ന അവസ്ഥയിലെത്തി പ്രതികള്‍. അതോടെ 20ാം മണിക്കൂറില്‍ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കേണ്ടിവന്നു. കുട്ടിയെ കാണാതായ സംഭവത്തില്‍ ആദ്യം വാർത്തകൾ പുറത്തുവിടാനുള്ള വ്യഗ്രതയില്‍ ചില മാധ്യമങ്ങൾ കാട്ടിക്കൂട്ടിയ കോലാഹലങ്ങളും നാടുമുഴുവന്‍ അരിച്ചുപെറുക്കുന്നതിനിടെ നഗരഹൃദയത്തിൽ കുട്ടിയെ ഉപേക്ഷിച്ചുമടങ്ങിയിട്ടും പ്രതികളെ പിടികൂടാനാവാത്ത പൊലീസിന്‍റെ പിടിപ്പുകേടും സമൂഹമാധ്യമങ്ങളിൽ വിമര്‍ശനവിധേയമായി. ഇത്തരം അവസരങ്ങൾ മുതലെടുത്ത് തൽപര കക്ഷികൾ സമൂഹമാധ്യമങ്ങൾ വഴി നടത്താറുള്ള കുപ്രചാരണങ്ങളിൽ ജാഗ്രത പുലർത്തിയ മലയാളി സമൂഹത്തിന്‍റെ വിവേകവും ശ്രദ്ധേയമാണ്.

Tags:    
News Summary - kollam child kidnap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.