കണ്ണൂർ: വെള്ളത്തുണിയിൽ പൊതിഞ്ഞ് മാനസയുടെ ചലനമറ്റ ശരീരം വീട്ടിലേക്കെടുത്തപ്പോൾ അകത്ത് നിന്ന് പെറ്റമ്മയുടെ നിലവിളി ഉയർന്നു. 'എന്‍റെ പൊന്നുമോളേ...' എന്ന ആർത്തനാദത്തിൽ കൂടിനിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണഞ്ഞു. ദുഖം ഉള്ളിലൊതുക്കാനാവാതെ പലരും വിങ്ങിക്കരഞ്ഞു.
കോതമംഗലത്ത് യുവാവ് വെടിവെച്ച് കൊന്ന കണ്ണൂർ നാറാത്തെ മാനസയുടെ മൃതദേഹം രാവിലെ ഏഴരയോടെയാണ് കണ്ണൂര്‍ നാറാത്തെ വീട്ടിലെത്തിച്ചത്. അമ്മയ്ക്കും അടുത്തബന്ധുക്കൾക്കും അവസാന നോക്കിനായി അൽപസമയം വീട്ടിനുള്ളിൽ വെച്ചപ്പോൾ കൂട്ട നിലവിളിക്കായിരുന്നു ഒരു ഗ്രാമം സാക്ഷിയായത്. ഡോക്ടറായി തിരിച്ചുവരേണ്ട മോളുടെ മരവിച്ച ശരീരം കാണാനാവാതെ അമ്മ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു.
ഞായറാഴ്ച പുലച്ചെ രണ്ടരയോടെയാണ് മാനസയുടെ ഭൗതിക ശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം കോതമംഗലത്തുനിന്നും കണ്ണൂരിലെത്തിയത്. തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് പൊതുദർശനത്തിനടക്കം വെച്ച മൃതദേഹം ഒമ്പതരയോടെ കണ്ണൂർ പയ്യാമ്പലത്തെ പൊതുശ്മാശനത്തിലെത്തിച്ച് സംസ്കരിച്ചു. 'സ്നേഹ' സാല്യൂട്ട് നൽകിയാണ് വിമുക്തഭടൻ കൂടിയായ മാധവൻ മകളെ യാത്രയാക്കിയത്. സഹോദരൻ അശ്വന്ത് സംസ്കാര ചടങ്ങുകൾ നിർവഹിച്ചു.
അങ്ങനെ പ്രണയ പകയുടെ നീറുന്ന ഓർമയായി മാനസ ചിതയിൽ എരിഞ്ഞമർന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് മാനസക്ക് സംഭവിച്ച ദുരന്ത വാർത്ത കുടുംബാംഗങ്ങളും നാട്ടുകാരുമറിയുന്നത്. സംഭവമറിഞ്ഞയുടൻ മാനസയുടെ മാതാവ് സബീന തളർന്നുവീണിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടറും നഴ്സുമാരുമെത്തി പരിശോധന നടത്തി.
വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ, കെ.വി. സുമേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, മേയർ ടി.ഒ. മോഹനൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസ് എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.
മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്തു മരിച്ച രഖിലിന്‍റെയും മൃതദേഹം സംസ്കരിച്ചു. തലശ്ശേരി മേലൂരിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിച്ചു. പിണറായി പന്തക്കപ്പാറ ശ്മശാനത്തിലാണ് സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.