തൊടുപുഴ: േജായിസ് ജോർജ് എം.പി ഭൂമികൈയേറ്റ ആരോപണം നേരിടുന്ന കൊട്ടക്കാമ്പൂർ വില്ലേജിലെ 9000 ഏക്കർ ഭൂമിയുടെ രേഖകൾ നഷ്ടമായെന്ന സർക്കാർ നിലപാട് സംശയാസ്പദം. എം.പിയുടെ പട്ടയം റദ്ദാക്കാൻ കാരണമായി ദേവികുളം സബ്കലക്ടർ ചൂണ്ടിക്കാട്ടിയ ഭൂമിപതിവ് കമ്മിറ്റി കൂടിയിട്ടില്ലെന്ന വാദം ഉൾപ്പെടെ പൊളിക്കാൻ തയാറാക്കിയ തിരക്കഥയാകാം ഇതെന്ന സംശയമാണ് ഉയർന്നിട്ടുള്ളത്. ഭൂമി പതിച്ചു കിട്ടിയതെന്ന് അനധികൃത കൈവശക്കാർ അവകാശപ്പെടുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച രേഖകൾ മാത്രം നഷ്ടപ്പെെട്ടന്ന നിലപാടിലാണ് ദുരൂഹത.
വ്യാജരേഖ ചമച്ച് ഭൂമി കൈയേറിയ കേസ് സി.ബി.െഎക്ക് വിടണമെന്ന ഹരജിയിൽ മൂന്നാർ ഡിവൈ.എസ്.പിയാണ് 9000 ഏക്കറിെൻറ രേഖകൾ കാണാനില്ലെന്ന് ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്. എം.പിയുടെയും സി.പി.എം നേതാക്കളടക്കമുള്ളവരുടെയും വിവാദഭൂമി ഉൾപ്പെട്ടതാണ് രേഖകൾ കാണാതായെന്ന് പറയപ്പെടുന്ന പ്രദേശം.
എം.പിയുടെ ഭൂമിക്ക് പട്ടയം കിട്ടിയ കാലത്ത് ഭൂമിപതിവ് കമ്മിറ്റി ചേർന്നിട്ടില്ലെന്നതിന് ആധാരമാക്കിയത് തഹസിൽദാറുടെ റിപ്പോർട്ടാണ്. രേഖകൾ പ്രകാരം സർക്കാർ തരിശുഭൂമിയാണ് ഇതെന്നും ചൂണ്ടിക്കാട്ടിയാണ് എം.പിയുടെയും മറ്റും 25.45 ഏക്കറിെൻറ പട്ടയം റദ്ദാക്കിയത്. എന്നാൽ, രേഖകൾ ലഭ്യമല്ലെന്നാണ് തഹസിൽദാർ റിപ്പോർട്ട് നൽകിയതെന്ന് അവകാശപ്പെട്ട് എം.പി അന്നുതന്നെ രംഗത്തെത്തിയിരുന്നു.
ഭൂമി പതിച്ചുനൽകൽ അപേക്ഷയടങ്ങുന്ന ഫയലുകൾ, വില്ലേജ് ഒാഫിസർ തയാറാക്കിയ സ്കെച്ച് പ്ലാൻ തുടങ്ങിയ രേഖകൾ റവന്യൂ അധികൃതരുടെ കൈയിൽ ലഭ്യമാണ്. എന്നാൽ, നഷ്ടപ്പെട്ട രണ്ടാം നമ്പർ രജിസ്റ്ററിലാണ് ഭൂമി പതിച്ചുനൽകുന്നത് സംബന്ധിച്ച ഭൂപതിവ് കമ്മിറ്റിയുടെ തീരുമാനമുള്ളതെന്ന് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ട് പറയുന്നു.
1998 ഡിസംബർ രണ്ടിലെ ഉത്തരവനുസരിച്ച് പതിച്ചു നൽകാവുന്ന ഭൂമിയായി കൊട്ടക്കാമ്പൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 58ൽ 4126 ഏക്കർ ഭൂമിക്ക് പട്ടയം നൽകാൻ ഉത്തരവിട്ടിരുന്നു എന്ന എം.പിയുടെയും മറ്റും വാദം ശരിവെക്കുന്ന രേഖകളാണ് നഷ്ടപ്പെടാത്തത്. എന്നാൽ, ഭൂമിപതിവ് കമ്മിറ്റി ചേർന്നാണ് പട്ടയം അനുവദിച്ചതെന്ന കൈയേറ്റക്കാരുടെ വാദം തെളിയിക്കേണ്ട രേഖകളാണ് ‘കാണാതായി’രിക്കുന്നത്. ഇങ്ങനെയൊരു രേഖ ഇല്ലെന്നും കമ്മിറ്റി ചേർന്നിട്ടില്ലെന്നുമാണ് സബ്കലകടറുടെ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.