കോട്ടയം: കെ.എം. മാണിയെ യു.ഡി.എഫിൽ തിരിച്ചെടുക്കരുതെന്ന നിലപാടിൽ മാറ്റമില്ലെന്ന് കോട്ടയം ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മാണിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം നടത്തുന്നതിനിടെയാണ് ഡി.സി.സിയുടെ അതൃപ്തി പരസ്യമാക്കിയത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസിനെ യു.ഡി.എഫിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിലപാടൊന്നും ഡി.സി.സി നേതൃത്വം എടുത്തിട്ടില്ല. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. കരാർ ലംഘിച്ച് വഞ്ചന നടത്തിയ കേരള കോൺഗ്രസുമായി ഒരുവിധത്തിലുമുള്ള കൂട്ടുകെട്ടും നടത്തരുതെന്ന അന്നത്തെ പ്രമേയം ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ, ഇതുസംബന്ധിച്ച് എ.െഎ.സി.സിയും കെ.പി.സി.സിയും എടുക്കുന്ന തീരുമാനങ്ങൾ ഡി.സി.സി അംഗീകരിക്കും.
മുത്തോലി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനെ അട്ടിമറിച്ച് കോൺഗ്രസ് നേടിയ വിജയം പ്രവർത്തകരുടെ വികാരമാണ് പ്രകടമാക്കുന്നത്.
2017 മേയിൽ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി സഖ്യമുണ്ടാക്കി സ്ഥാനം കൈക്കലാക്കിയ കേരള കോൺഗ്രസിനെതിരെ അന്ന് കോട്ടയം ഡി.സി.സി കടുത്തവിമർശനം ഉന്നയിച്ചിരുന്നു. മാണിയും മകൻ ജോസ് കെ. മാണിയും കാട്ടിയത് വഞ്ചനയാണെന്നും അവരുമായി ഒരുവിധത്തിലുമുള്ള കൂട്ടുകെട്ടിനും കോൺഗ്രസ് തയാറാകരുതെന്നും ഡി.സി.സി പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.