കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്തുന്നതിനിടെ ജീവനക്കാരൻ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷമീമാണ് 1.19 കോടി രൂപയുടെ സ്വർണവുമായി പിടിയിലായത്. ഇയാൾ പുറത്തിറങ്ങുന്നതിനിടെ സംശയം തോന്നിയ കേന്ദ്ര വ്യവസായ സുരക്ഷസേനയാണ് (സി.ഐ.എസ്.എഫ്) പരിശോധന നടത്തി സ്വർണം കണ്ടെടുത്തത്.
ആഗമന ഹാളിലെ സെക്യൂരിറ്റി ഗേറ്റിലെ പരിശോധനയിലാണ് മൂന്ന് പാക്കറ്റിലായി ഒളിപ്പിച്ച 2647 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്. തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസിന് കൈമാറി. ദുബൈയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരൻ വിമാനത്തിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ എയ്റോബ്രിഡ്ജിലാണ് സ്വർണം കൈമാറിയതെന്നാണ് ഇയാൾ നൽകിയ മൊഴി.
എ.ഐ.എ.എസ്.എൽ ജീവനക്കാരനായ ഷമീം എയർ അറേബ്യ കസ്റ്റമർ ഏജന്റായാണ് കരിപ്പൂരിൽ ജോലി ചെയ്യുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി. പിടികൂടിയ സ്വർണമിശ്രിതത്തിൽനിന്ന് 1,19,46,940 രൂപയുടെ 2309.48 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്. ഇയാൾ നേരത്തെയും സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
കരിപ്പൂർ: രണ്ടുമാസത്തിനിടെ കാലിക്കറ്റ് വിമാനത്താവളത്തിൽ സ്വർണക്കടത്തിന് പിടിയിലായത് രണ്ടാമത്തെ ജീവനക്കാരൻ. മേയ് 25ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ ക്യാബിൻ ക്രൂ ഡൽഹി സ്വദേശി നവ്നീത് സിങ്ങിനെ 65 ലക്ഷം രൂപയുടെ സ്വർണവുമായി പിടികൂടിയിരുന്നു. ഇതിന് പിറകെയാണ് ഞായറാഴ്ച ഗ്രൗണ്ട് ഹാന്റ്ലിങ് വിഭാഗത്തിലെ ജീവനക്കാരനായ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷമീമിനെ കേന്ദ്ര വ്യവസായ സുരക്ഷ സേന (സി.ഐ.എസ്.എഫ്) പിടികൂടിയത്. മേയിൽ പിടിയിലായ നവ്നീത് സിങ് ആറുതവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസിന് മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.