കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ ഹൈകോടതി കുറ്റവിമുക്തരാക്കിയെങ്കിലും തടിയന്റവിട നസീറിനും ഷഫാസിനും ജയിൽമോചിതരാകാൻ കഴിയില്ല. 2013ൽ വിചാരണ പൂർത്തിയാക്കി വിധിപറഞ്ഞ കശ്മീർ റിക്രൂട്മെൻറ് കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതാണ് ഇവർക്ക് ജയിൽമോചനത്തിന് തടസ്സമായുള്ളത്. ഈ കേസിലെ മൂന്നും അഞ്ചും പ്രതികളായാണ് ഇവർ വിചാരണ നേരിട്ടത്.
അന്ന് വിധി പറഞ്ഞപ്പോൾ പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി എസ്. വിജയകുമാർ ഇരുവരുടെയും ശിക്ഷ കാലാവധി തുടങ്ങുന്നതിന് പരിധി നിശ്ചയിച്ചതും പുറത്തിറങ്ങലിന് തടസ്സമാണ്. കോഴിക്കോട് സ്ഫോടനക്കേസിലെ ശിക്ഷ കാലാവധി പൂർത്തിയായശേഷമേ കശ്മീർ റിക്രൂട്മെൻറ് കേസിൽ ശിക്ഷ തുടങ്ങാവൂ എന്നായിരുന്നു വ്യവസ്ഥ.
ഇതോടെ കശ്മീർ കേസിലെ ഇവരുടെ ശിക്ഷ ഇനി തുടങ്ങുകയേയുള്ളൂ. കളമശ്ശേരി ബസ് കത്തിക്കൽ, ബംഗളൂരു സ്ഫോടനക്കേസുകളിൽ വിചാരണ തടവുകാരനുമാണ് നസീർ. ഈ രണ്ട് കേസിലും ഇയാളുടെ വിചാരണ പൂർത്തിയായിട്ടില്ല. ബസ് കത്തിക്കൽ കേസിലെ ഒന്നാം പ്രതിയാണ് നസീർ.
കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ ഒന്നാം പ്രതി കണ്ണൂർ തയ്യിൽ സ്വദേശി തടയിന്റവിട നസീർ, നാലാം പ്രതി കണ്ണൂർ വളപ്പ് സ്വദേശി തയ്യിൽ ഷഫാസ് എന്നിവരെ ഹൈകോടതി കുറ്റമുക്തരാക്കിയ വിധിയിൽ പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ കേസ് തെളിയിക്കാൻ പര്യാപ്തമായ മറ്റ് വസ്തുതകളോ തെളിവുകളോ കണ്ടെത്തുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടെന്ന് ഹൈകോടതി വിലയിരുത്തി.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ എൻ.ഐ.എക്ക് കഴിഞ്ഞില്ല. നസീറിനും ഷഫാസിനും യു.എ.പി.എ (തീവ്രവാദ പ്രവർത്തന നിരോധന നിയമം) പ്രകാരമുള്ള രണ്ട് വകുപ്പിലായി ഇരട്ട ജീവപര്യന്തം തടവും പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. ഇതിന് പുറമെ നസീറിന് സ്ഫോടക വസ്തു നിയമപ്രകാരം ഒരു ജീവപര്യന്തം തടവുകൂടി വിധിച്ചിരുന്നു. എന്നാൽ, സ്ഫോടക വസ്തു നിയമപ്രകാരം വിചാരണ നടത്താൻ ജില്ല മജിസ്ട്രേട്ടിന്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ അന്വേഷണസംഘം പാലിച്ചില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
ഏഴാം പ്രതി മലപ്പുറം സ്വദേശി ഷമ്മി ഫിറോസ് കേസിൽ മാപ്പുസാക്ഷിയായി മാറിയിരുന്നു. മറ്റൊരു സ്ഫോടനക്കേസിൽ അറസ്റ്റിലായ അബ്ദുൽ ഹാലിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കേസിലെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തടിയന്റവിട നസീർ ഇപ്പോൾ ബംഗളൂരു സ്ഫോടനക്കേസിൽ പരപ്പന അഗ്രഹാര ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.