കോഴിക്കോട്: കോഴിക്കോട് മേയർ ബീന ഫിലിപ്പ് സംഘ്പരിവാർ പരിപാടിയിൽ പങ്കെടുത്തത് വിവാദത്തിൽ. ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തതാണ് വിവാദത്തിന് വഴിവെച്ചത്. ഞായറാഴ്ച ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തത് മേയറായിരുന്നു. ഇതിന്റെ വിഡിയോയും ചിത്രവും പുറത്ത് വന്നതോടെയാണ് പരിപാടി വിവാദത്തിലായത്. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്.
കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നും മേയര്‍ ബീന ഫിലിപ്പ് പരിപാടിയിൽ പറഞ്ഞിരുന്നു. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ല എന്നതിലല്ല, മറിച്ചു കുട്ടിക്കാലത്തു കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനമെന്നും മേയര്‍ പറഞ്ഞു.
ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉള്‍ക്കൊള്ളണം. ബാലഗോകുലത്തിന്‍റേതായ മനസിലേക്ക് അമ്മമാര്‍ എത്തണം. ഉണ്ണിക്കണ്ണനോടു ഭക്തി ഉണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണമെന്നും മേയർ പറഞ്ഞു.
അതേസമയം, സംഘ്പരിവാർ പരിപാടിയിൽ പങ്കെടുത്തതിന് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കോഴിക്കോട് മേയർ രംഗത്തെത്തി. വിവാദങ്ങളിൽ വിഷമമുണ്ടെന്ന് മേയർ ബീന ഫിലിപ്പ് പ്രതികരിച്ചു. ഇത്തരം പരിപാടികളിൽ പോകേണ്ടെന്ന് പാർട്ടി കർശനമായി വിലക്കിയിട്ടില്ല. ബാലഗോകുലം ആർ.എസ്.എസ് പോഷകസംഘടനയാണെന്ന് തോന്നിയിട്ടില്ല. ബി.ജെ.പിക്കാർ സംഘടിപ്പിച്ച പല പരിപാടികളിലും ഇതിനും മുമ്പും പോയിട്ടുണ്ട്. അവിടെയൊന്നും പോയി സംസാരിക്കുന്നത് വർഗീയതയല്ല.
കേരളത്തിൽ കുട്ടികളോടുള്ള സമീപനം ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ മോശമാണെന്നാണ് താൻ പറഞ്ഞത്. ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം മുന്നിൽ നിൽക്കുന്നത് അവരുടെ ആരോഗ്യപരമായ കാര്യങ്ങളിലാണ്. ഉണ്ണിക്കണ്ണനെ പോലെ കുട്ടികളെ കരുതണമെന്നാണ് താൻ പറഞ്ഞതെന്നും മേയർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.