കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദിന് സമീപം ഡയസിലിരുന്ന് വെള്ളം കുടിക്കുന്ന മേയർ ബീന ഫിലിപ്.   

കോഴിക്കോട് മേയറെ മാറ്റില്ല; സി.പി.എം ജില്ല സെക്രട്ടേറിയറ്റിനെ തള്ളി സംസ്ഥാന നേതൃത്വം

കോഴിക്കോട്: ആർ.എസ്.എസ് പോഷക സംഘടനയായ ബാലഗോകുലത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത കോർപറേഷൻ മേയർക്കെതിരെ കടുത്ത നടപടി വേണമെന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റിന്‍റെ ആവശ്യം തള്ളി സംസ്ഥാന നേതൃത്വം.ഇതോടെ മേയർ ഡോ. ബീന ഫിലിപ്പിനെ പദവിയിൽനിന്ന് നീക്കുന്നതടക്കമുള്ള നടപടികളുണ്ടാവില്ലെന്ന് ഏതാണ്ടുറപ്പായി. പാർട്ടി ജില്ല സെക്രട്ടേറിയറ്റ് കൈയൊഴിഞ്ഞൊരാൾ മേയർ പദവിയിൽ തുടരട്ടെയെന്ന നിലപാട് സംസ്ഥാന നേതൃത്വം കൈക്കൊണ്ടതിൽ ജില്ലയിലെ നേതാക്കൾക്കിടയിൽ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്.

അതേസമയം, ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ പിന്തുണ കടുത്ത നടപടികളൊഴിവാക്കാൻ മേയർക്ക് തുണയായി.മേയറെ മാറ്റണമെന്ന ആവശ്യം ജില്ല സെക്രട്ടേറിയറ്റ് മുന്നോട്ടുവെക്കുന്നതിനുമുമ്പ് ജില്ലയിൽനിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി.എ. മുഹമ്മദ് റിയാസുമായി കൂടിയാലോചിച്ചിരുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം തന്നെ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിന്‍റെ നേതൃത്വത്തിൽ ഞായറാഴ്ച തൊണ്ടയാട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന 'സ്വത്വ 2022' മാതൃസമ്മേളനത്തിലാണ് മേയർ പങ്കെടുത്തത്.

ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഫോട്ടോ പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. പ്രതിപക്ഷ സംഘടനകളടക്കം രംഗത്തുവരുന്നതിനുമുമ്പേ പാർട്ടി അംഗങ്ങളും പ്രവർത്തകരും മേയർക്കെതിരെ പ്രതിഷേധമുയർത്തി. ഇതോടെ, സി.പി.എം ജില്ല കമ്മിറ്റി മേയറുടെ നടപടിയെ പരസ്യമായി തള്ളിപ്പറഞ്ഞു. മേയർ സ്ഥാനത്തുനിന്ന് ബീന ഫിലിപ്പിനെ മാറ്റണമെന്നും ആവശ്യമുയർന്നു.

പിന്നാലെ ചേർന്ന ജില്ല സെക്രട്ടേറിയറ്റാണ് വിഷയം ചർച്ച ചെയ്ത് ഇവരെ മാറ്റി പകരം ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. ജയശ്രീയെ മേയറാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനിടെ, സെക്രട്ടറി പി. മോഹനൻ മേയറെ നേരിട്ടു വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചപ്പോൾ മേയർ തെറ്റ് ഏറ്റുപറഞ്ഞിരുന്നു. പിന്നാലെ പാർട്ടി സംസ്ഥാന കമ്മിറ്റിയും മേയറെ വിളിപ്പിച്ച് വിശദീകരണം തേടി.

തന്‍റെ ഭാഗത്തുനിന്നുണ്ടായത് വലിയ വീഴ്ചയാണെന്നും ഏതു നടപടിയും അംഗീകരിക്കുമെന്നുമാണ് അവർ നേതൃത്വത്തെ അറിയിച്ചത്.സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചുള്ള വാർത്തസമ്മേളനത്തിലാണ് മേയർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സൂചന നൽകിയത്.മേയർ ബാലഗോകുലം പരിപാടിയിൽ പോയതിനെ ജില്ല സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞെന്നും അതുതന്നെ നടപടിയാണ് എന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം.

Tags:    
News Summary - Kozhikode mayor will not be changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.