കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ ഒന്നാം പ്രതി കണ്ണൂർ തയ്യിൽ സ്വദേശി തടിയിന്റവിട നസീർ, നാലാം പ്രതി കണ്ണൂർ വളപ്പ് സ്വദേശി തയ്യിൽ ഷഫാസ് എന്നിവരെ ഹൈകോടതി കുറ്റമുക്തരാക്കി.
വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചതിനെതിരെ ഇവർ നൽകിയ അപ്പീലിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. മൂന്നാം പ്രതി കണ്ണൂർ താണ സ്വദേശി അബ്ദുൽ ഹാലിം, ഒമ്പതാം പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി യൂസഫ് ചെട്ടിപ്പടിയെന്ന അബൂബക്കർ യൂസഫ് എന്നിവരെ വിചാരണക്കോടതി വെറുതെവിട്ട നടപടിയും ഡിവിഷൻ ബെഞ്ച് ശരിവെച്ചു.
ഇവരെ വെറുതെ വിട്ടതിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നൽകിയ അപ്പീൽ തള്ളിയാണ് ഹൈകോടതിയുടെ വിധി. 2006 മാർച്ച് മൂന്നിന് ഉച്ചക്ക് 12.30നും ഒരുമണിക്കുമായി കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, മൊഫ്യൂസൽ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് സ്ഫോടനം നടന്നത്. രണ്ടാം മാറാട് കലാപത്തിലെ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചതിലുള്ള പകയെത്തുടർന്ന് തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ സ്ഫോടനങ്ങൾ നടത്തിയെന്നാണ് കേസ്.
എന്നാൽ, പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ കേസ് തെളിയിക്കാൻ പര്യാപ്തമായ മറ്റ് വസ്തുതകളോ തെളിവുകളോ കണ്ടെത്തുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടെന്ന് ഹൈകോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.