നിലവിൽ നടക്കുന്ന കോവിഡ് വാക്സിനേഷൻ മനുഷ്യരാശിയുടെ സർവ്വനാശത്തിന് ഇടവരുത്തുമെന്ന വാക്സിൻ വിദഗ്ധൻ ഗീർത് വാൻഡർ ബോർഷെയുടെ വാദങ്ങൾ തള്ളി കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ ഡയറക്ടറും സീനിയർ കൺസൾട്ടന്‍റ് പാത്തോളജിസ്റ്റുമായ ഡോക്ടർ കെ.പി.അരവിന്ദൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ, ഗീർതിന്‍റെ വാദങ്ങൾ അസംബന്ധമാണെന്ന് കെ.പി.അവവിന്ദൻ പറഞ്ഞു.
ഗീർതിന്‍റെ വാദങ്ങൾ അസംബന്ധങ്ങൾ നിറഞ്ഞതാണെന്നും അദ്ദേഹം പറയുന്നു. 'വാക്സീനുകൾ ആന്‍റിബോഡികൾ ഉൽപ്പാദിപ്പിക്കുക മാത്രമാണ് ചെയ്യുക. രോഗം വന്നതിനെ തുടർന്നുള്ള പ്രതിരോധശേഷിയിൽ ഉള്ളതു പോലെ T കോശങ്ങൾ വഴിയുള്ള പ്രതിരോധം ഉണ്ടാവുന്നില്ല. അതു കൊണ്ട് വാക്സീൻ ലഭിച്ചവരിലും വൈറസ് പെരുകി മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. പാൻഡമിക് നടമാടുന്ന സമയത്ത് വാക്സീൻ നൽകിയാൽ വാക്സീൻ ഫലിക്കാത്ത പുതിയ ഇനങ്ങൾ ഉണ്ടായി ലോകം മുഴുവൻ പടർന്ന് എല്ലാവരേയും കൊന്നൊടുക്കും. അതു കൊണ്ട് വാക്സീൻ നൽകാതിരിക്കുക. എല്ലാവർക്കും സ്വാഭാവികമായ രോഗം വരട്ടെ'-ഇതാണ് ഗീർതിന്‍റെ വാദങ്ങളെന്നും കെ.പി.അവവിന്ദൻ കുറിച്ചു.
ഈ വാദത്തിലെ തെറ്റുകളും മണ്ടത്തരങ്ങളും നിരവധിയാണെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യങ്ങൾ അദ്ദേഹം തന്‍റെ കുറിപ്പിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
1. സ്വാഭാവികമായി എല്ലാവർക്കും രോഗം വരാൻ അനുവദിച്ചാൽ വൻ തോതിൽ മനുഷ്യർ മരിക്കും (ഇപ്പോൾ തന്നെ ലോകത്ത് കാൽ കോടിയിലധികം പേർ കോവിഡ് മൂലം മരണപ്പെട്ടു). അനേക ലക്ഷം പേർക്ക് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും.
2. വാക്സിനുകൾ എല്ലാം തന്നെ T കോശങ്ങൾ വഴിയുള്ള പ്രതിരോധത്തെയും ഉത്തേജിപ്പിക്കുന്നു. മറിച്ചുള്ള വിവരം ഇദ്ദേഹത്തിന് എവിടെ നിന്ന് കിട്ടി എന്നറിയില്ല.
3. വാക്സിൻ ഫലപ്രദമായി ലഭിച്ചവരിൽ രോഗാണു പെരുകില്ല. മറിച്ചുള്ള വാദം ശുദ്ധ അസംബന്ധമാണ്.
4. വാക്സീൻ ഉപയോഗിക്കുന്നതിനു മുൻപാണ് വേഗത്തിൽ പടരുന്ന കൊറോണ-19 വൈറസ് ഇനങ്ങൾ എല്ലാം ഇംഗ്ളണ്ടിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലുമെല്ലാം ഉത്ഭവിച്ചത്. വാക്സീനുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും മ്യൂട്ടേഷൻ വഴി പുതിയ ഇനങ്ങൾ ഉത്ഭവിക്കുകയും വേഗത്തിൽ പടരുന്നവ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും.
5. പുതിയ ഇനങ്ങളും ഇന്നുള്ള വാക്സീനുകൾ വഴി ഭാഗികമായ ഫലപ്രാപ്തിയോടെ തടയാൻ കഴിയുന്നുണ്ട്. അവ മൂലമുള്ള ഗുരുതര രോഗം ഫലപ്രദമായി തടയാൻ സാധിക്കുന്നുണ്ട്.
6. കൊറോണ വൈറസ് താരത്മ്യേന പതുക്കെ മാത്രം മ്യൂടേറ്റ് ചെയ്യുന്ന വൈറസ് ആണ്. മത്രമല്ല മ്യൂട്ടേറ്റ് ചെയ്യുന്ന വൈറസുകൾ വാക്സിനേഷനു വഴങ്ങാത്ത സ്ഥിതി വരുന്നതിനനുസരിച്ച് വാക്സീനുകളിൽ മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യകളും നമുക്കിന്നുണ്ട്. ഫ്ളു വൈറസുകളുടെ കാര്യത്തി ഇപ്പോൾ തന്നെ നാം അതു ചെയ്തു വരുന്നു.
7. പുതിയ ഇനങ്ങളെ കൂടെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല വഴി എത്രയും പെട്ടെന്ന് വാക്സീനുകൾ എല്ലാവരിലും എത്തിക്കുക എന്നതു തന്നെയാണെന്നും ഡോക്ടർ കെ.പി.അരവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
ഗീർതിന്‍റെ വാദങ്ങളെചൊല്ലി വലിയ വിവാദങ്ങളും സംവാദങ്ങളുമാണ് യൂറോപ്പ്യൻ രാജ്യങ്ങളിൽ നടക്കുന്നത്. കോവിഡിനെതിരേ നടക്കുന്ന കൂട്ട വാക്സിനേഷൻ മനുഷ്യരാശിക്കുതെന്ന അപകടകമൊണെന്ന വാദമാണ് ഗീർതിനുള്ളത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലും വീഡിയോയിലുമാണ് അദ്ദേഹം നിലവിൽ നടക്കുന്ന േകാവിഡ് വാക്സിനേഷന്റെ അപകടങ്ങളെപറ്റി മുന്നറിയിപ്പ് നൽകുന്നത്. ലോകാരോഗ്യ സംഘടനയോടുള്ള അപേക്ഷയുടെ രൂപത്തിലാണ് വീഡിയോയും കുറിപ്പും പുറത്തിറക്കിയിരിക്കുന്നത്. താനൊരു സ്വതന്ത്ര വൈറോളജിസ്റ്റും വാക്സിൻ വിദഗ്ധനുമാണെന്നാണ് ഗീർത് അവകാപ്പെടുന്നത്. ലോകപ്രശസ്ത വാക്സിൻ കൂട്ടായ്മയായ ഗാവി, ദി വാക്സിൻ അലയൻസിലും മെലിൻഡ ഗേറ്റ് ഫൗണ്ടേഷനിലും താൻ ജോലി ചെയ്തിട്ടുള്ളതായും ഗീർത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.