കോട്ടയം: പത്രക്കടലാസ് അച്ചടി മാത്രമല്ല നോട്ട്ബുക്ക് അടക്കമുള്ള വസ്തുക്കളുടെ അച്ചടിയിലേക്കും കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ (കെ.പി.പി.എൽ) ഉൽപാദനം വ്യാപിപ്പിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പേപ്പർ നിർമാണത്തിന് ആവശ്യമായ മുള വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനും അത് വെട്ടാനും ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർതലത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാറിൽനിന്ന് ലേലം വഴി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനർജീവൻ നൽകിയ പൊതുമേഖല സ്ഥാപനമായ കെ.പി.പി.എല്ലിലെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മാർച്ചോടെ കെ.പി.പി.എല്ലിന്റെ ഉൽപാദനം ലാഭകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതോടെ തൊഴിലാളികൾക്ക് സ്ഥിരംനിയമനം നൽകുന്നതിന് തുടക്കം കുറിക്കുമെന്ന് ഉറപ്പുനൽകുന്നതായും അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. 3,000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. അഞ്ചുലക്ഷം മെട്രിക് ടൺ ഉൽപാദനത്തിലേക്ക് സ്ഥാപനത്തെ എത്തിക്കാനാകും. 3000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും. അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പൊതുമേഖലയിൽ സൃഷ്ടിക്കാൻ പറ്റുന്ന തൊഴിലവസരങ്ങൾക്ക് തുല്യമാണിതെന്നും മന്ത്രി പറഞ്ഞു. അടച്ചിട്ട സ്ഥാപനം ലേലത്തിലൂടെ സംസ്ഥാന സർക്കാർ ഏറ്റെടുത്തു വ്യാവസായിക ഉൽപാദനത്തിന് തുടക്കംകുറിച്ചത് അപൂർവ ചരിത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായി. ആദ്യ ലോഡുമായുള്ള വാഹനം മന്ത്രി കെ.എൻ. ബാലഗോപാൽ ഫ്ലാഗ്ഓഫ് ചെയ്തു. ഡി ഇങ്കിങ് ഫാക്ടറിയുടെ സ്വിച്ച്ഓൺ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികൾ ഒത്തുചേർന്ന് പേപ്പർ ഉൽപാദനത്തിന്റെ പ്രതീകാത്മക റോൾ ഓൺ നിർവഹിച്ചു. വുഡ് ഫീഡിങ്ങിന്റെ വിദൂര നിയന്ത്രിത ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.