തിരുവനന്തപുരം: നഷ്ടം നികത്താൻ വൈദ്യുതി ചാർജ് വർധന അനിവാര്യമെന്ന വാദമുയർത്തുമ്പോഴും വരുമാന ചോർച്ചയും പദ്ധതികൾ ആസൂത്രണത്തോടെ നടപ്പാക്കാത്തതുമൂലമുള്ള പ്രതിസന്ധിയും ഒഴിവാക്കാൻ കഴിയാതെ കെ.എസ്.ഇ.ബി. നിരക്ക് വർധനക്ക് പുറമേ, ‘സമ്മർചാർജും’ സോളാർ വൈദ്യുതോൽപാദകർക്ക് ‘ടി.ഒ.ഡി മീറ്ററും’ അടക്കം പുതിയ ബാധ്യതകൾ അടിച്ചേൽപിക്കാനാണ് ശ്രമം.
കോടികളുടെ കുടിശ്ശിക പിരിച്ചെടുക്കൽ, വിലകുറഞ്ഞ വൈദ്യുതി വാങ്ങാൻ യഥാസമയം കരാറുകൾ സാധ്യമാകാതിരിക്കൽ, ജല വൈദ്യുത പദ്ധതികളുടെ പൂർത്തീകരണം വൈകുന്നത് തുടങ്ങി വിവിധ മേഖലകളിലെ നഷ്ടം ഒഴിവാക്കാൻ കാര്യക്ഷമമായി ഇടപെടാൻ കഴിയാത്തതാണ് നഷ്ടക്കണക്കിന്റെ വലുപ്പം കൂട്ടുന്നത്.
അധികൃതരുടെ അനാസ്ഥമൂലം വന്നുചേരുന്ന നഷ്ടം ഉപഭോക്താക്കളിലേക്ക് നിരക്ക് വർധനയായി അവതരിപ്പിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കാറുള്ളത്. കഴിഞ്ഞയാഴ്ച റെഗുലേറ്ററി കമീഷന് സമർപ്പിച്ച നിരക്ക് വർധന അപേക്ഷയിലും ഇത് ആവർത്തിച്ചു.
കുറഞ്ഞനിരക്കിൽ വൈദ്യുതി ലഭിക്കാൻ പുതിയ കരാറുകൾക്ക് ശ്രമിക്കുന്നില്ലെന്ന വിമർശനം റെഗുലേറ്ററി കമീഷൻ ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം 13,000 കോടിയുടെ വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയത്. മാർച്ച് വരെയുള്ള കണക്ക് പ്രകാരം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നടക്കം കുടിശ്ശികയിനത്തിൽ കിട്ടേണ്ടത് 2310.70 കോടിയാണ്.
ഇതും കൃത്യമായി പിരിച്ചെടുക്കാനാവുന്നില്ല. ഒാരോ വർഷവും കുടിശ്ശികയുടെ ഗ്രാഫ് ഉയരുകയും ചെയ്യുന്നു. 227.536 മെഗാവാട്ട് മൊത്തം സ്ഥാപിതശേഷിയുള്ള 11 ജലവൈദ്യുത പദ്ധതികൾ നിർമാണഘട്ടത്തിലാണെന്ന് അവകാശപ്പെടുമ്പോഴും എപ്പോൾ പൂർത്തിയാകുമെന്നതിൽ വ്യക്തതയില്ല.
3150 മെഗാവാട്ടിന്റെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ഒടുവിൽ പ്രഖ്യാപിച്ചത്. വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ ആർ.ഡി.എസ്.എസിന്റെ ഭാഗമായി ജൂണിൽ കേരളത്തിന് അധിക കേന്ദ്രസഹായം അനുവദിച്ചിരുന്നു. 2889.73 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതിയായത്. ഇതില്‍ 1733.84 കോടി രൂപ ഗ്രാൻഡായി ലഭിക്കും.
പ്രസരണ-വിതരണ രംഗങ്ങളിലെ പരിഷ്കരണ പ്രവർത്തനങ്ങൾ, ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കൽ, ഊർജമേഖലയിൽ സാമ്പത്തിക സുസ്ഥിരത, കാര്യക്ഷമത, വിശ്വാസ്യത എന്നിവ ഉറപ്പാക്കലാണ് പദ്ധതിയിലൂടെ ലക്ഷ്യം. ഇതു കാര്യക്ഷമമായി നടപ്പാക്കിയാൽ വലിയതോതിൽ വരുമാന ചോർച്ച ഒഴിവാക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.