2021-22 ല്‍ നാല് സിനിമകള്‍ നിർമിക്കുമെന്ന് കെ.എസ്.എഫ്.ഡി.സി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ 'വനിതകളുടെ സംവിധാനത്തിലുള്ള സിനിമ', പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സംവിധായകരുടെ സിനിമ' പദ്ധതികളില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) 2021-22 വര്‍ഷത്തില്‍ നാല് സിനിമകള്‍ നിര്‍മ്മിക്കും. വനിതാ വിഭാഗത്തില്‍ ശിവരഞ്ജിനി ജെ.യുടെ 'വിക്ടോറിയ', ഫര്‍സാന പി.യുടെ 'മുംതാ' എന്നീ തിരക്കഥകളും പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ മനോജ്കുമാര്‍ സി.എസിന്‍റെ 'പ്രളയശേഷം ഒരു ജലകന്യക', സുനീഷ് വടക്കുമ്പാടന്‍റെ 'കാടു' എന്നിവയും നിർമാണത്തിനായി തെരഞ്ഞെടുത്തു.

41 വനിതാ സംവിധായകരുടെ എന്‍ട്രികളാണ് നിര്‍മ്മാണത്തിനായി കെ.എസ്.എഫ്.ഡിസിക്ക് ലഭിച്ചത്. എസ്. സി-എസ്.ടി വിഭാഗത്തില്‍ നിന്ന് 62 സംവിധായകരാണ് അപേക്ഷിച്ചത്. സംവിധായകന്‍ രാജീവ്നാഥ് ചെയര്‍മാനും എഴുത്തുകാരന്‍ വി.ജെ. ജെയിംസ്, നര്‍ത്തകിയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ വാര്യര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി ഇരുവിഭാഗങ്ങളില്‍ നിന്നും 15 വീതം അപേക്ഷകള്‍ തെരഞ്ഞെടുത്തു.

രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ശില്‍പ്പശാലകള്‍ നടത്തി. ഇതില്‍ പങ്കെടുത്തവര്‍ സമര്‍പ്പിച്ച സബ്മിഷന്‍, പ്രസന്‍റേഷന്‍ എന്നിവ വിലയിരുത്തി ഇരുവിഭാഗങ്ങളില്‍ നിന്നും അഞ്ചു പേരോട് വീതം തിരക്കഥ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അമിത് ത്യാഗി, പ്രിയ കൃഷ്ണസ്വാമി, അതുല്‍ തായ്ഷെതെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശില്‍പ്പശാല.

സംവിധായകന്‍ പ്രിയനന്ദനന്‍ ചെയര്‍മാനും സംവിധായകന്‍ സലിം അഹമ്മദ്, നര്‍ത്തകിയും എഴുത്തുകാരിയുമായ ഡോ.രാജശ്രീ വാര്യര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി തിരക്കഥകള്‍ വിലയിരുത്തി ഇരുവിഭാഗത്തില്‍നിന്നും നിര്‍മ്മാണത്തിന് അര്‍ഹരായ വനിതാ സംവിധായകരെയും എസ്.സി-എസ്.ടി വിഭാഗം സംവിധായകരെയും തെരഞ്ഞെടുത്തു.

2019-20 വര്‍ഷത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ 'വനിതകളുടെ സംവിധാനത്തിലുള്ള സിനിമ' പദ്ധതി ആരംഭിച്ചത്. പദ്ധതിയിലെ ആദ്യ സിനിമയായ താര രാമാനുജന്‍ സംവിധാനം ചെയ്ത 'നിഷിദ്ധോ', രണ്ടാമത്തെ ചിത്രമായ മിനി ഐ.ജി.യുടെ 'ഡിവോഴ്സ്' എന്നിവ പ്രദര്‍ശനത്തിനൊരുങ്ങുന്നു.

2020-21 ല്‍ തെരഞ്ഞെടുക്കപ്പെട്ട ശ്രുതി നമ്പൂതിരി സംവിധാനം ചെയ്ത 'ബി 32-44', ഇന്ദു വി.ആറിന്‍റെ 'നിള' എന്നിവയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. 2020-21 ലാണ് 'പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സംവിധായകരുടെ സിനിമ' പദ്ധതി ആവിഷ്കരിച്ചത്. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട വി.എസ്.സനോജിന്‍റെ 'അരിക്', അരുണ്‍ ജെ.മോഹന്‍റെ 'പിരതി' എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

Tags:    
News Summary - KSFDC to produce four films in 2021-22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.