പത്തനംതിട്ട: പൊതുമേഖല സ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ ക്രമക്കേട് വ്യാപകം. വാർഷിക റിപ്പോർട്ടിൽ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുേമ്പാഴും ക്രമക്കേട് നടത്തുന്ന ജീവനക്കാർക്ക് എതിരെ ശക്തമായ നടപടിയെടുക്കുന്നതിന് രാഷ്ട്രീയ ഇടപ്പെടൽ തടസ്സമാകുന്നു.
ചിട്ടിയുടെ മറവിലാണ് പ്രധാനമായും തട്ടിപ്പ്. കലക്ഷൻ ഏജൻറുമാരും ചില മാനേജർമാറും ക്രമക്കേട് നടത്തുന്നുവെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരത്ത് ഒരു മാനേജറുടെ ഭാര്യ വിവിധ ശാഖകളിൽ ഒരേസമയം ചിട്ടിയിൽ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. പലരുടെയും സ്ഥിരം നിക്ഷേപമാണ് ചിട്ടിപ്പണത്തിന് ഇൗടായി നൽകിയിട്ടുള്ളത്. ഇതിനു ഭർത്താവായ മാനേജറുടെ സഹായം ലഭിച്ചിരുന്നതായി കണ്ടെത്തി. ചിട്ടിപ്പണം കുടിശ്ശിക വന്നതോടെ സ്ഥിരനിക്ഷേപം പിൻവലിക്കാൻ കഴിയാതെ വന്നവർ പരാതി നൽകിയതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്.
ചിട്ടിക്ക് ആളെ ചേർത്ത് നൽകാമെന്ന് പറഞ്ഞ് കവടിയാറിലെ സ്വകാര്യ ചിട്ടി കമ്പനിയിൽനിന്ന് കമീഷൻ പറ്റിയതും അന്വേഷണത്തിലാണ്. തിരുവല്ലയിൽ അസി. മാനേജറുടെ ബന്ധുവായ കലക്ഷൻ ഏജൻറ് ഒരു കോടിയോളമാണ് തട്ടിയത്. ഇത് സംബന്ധിച്ച് പരാതി ഉയർന്നതോടെ രണ്ടു വർഷത്തിനകം പണം നൽകാമെന്ന് അസി. മാനേജർ അറിയിക്കുകയും 11 സെൻറ് സ്ഥലം ജാമ്യമായി നൽകുകയും ചെയ്തിട്ടുണ്ട്. വൈറ്റിലയിൽ 57 ലക്ഷം തട്ടിച്ച കലക്ഷൻ ഏജൻറിനെ പിരിച്ചുവിട്ടു. തിരുവനന്തപുരത്തെ മലയോര ഗ്രാമത്തിലെ ശാഖയിൽ സ്വർണം പണയംവെച്ചത് തിരിച്ചെടുത്തിട്ടും അക്കൗണ്ട് ക്ലോസ് ചെയ്യാതെ അവരുടെ പേരിൽ വായ്പ എടുത്തായിരുന്നു തട്ടിപ്പ്. ആലപ്പുഴയിൽ രാവിലെ എത്തുന്ന പണം ഒരു ദിവസത്തേക്ക് ബ്ലേഡ് പലിശക്ക് നൽകിയായിരുന്നു തട്ടിപ്പ്. 2014-15ലെ വാർഷിക റിപ്പോർട്ടിൽ ഇത്തരം 28 സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ക്രമക്കേട് കണ്ടെത്തുന്നതോടെ ജീവനക്കാരെ സസ്പെൻഡ് ചെയ്യുമെങ്കിലും വൈകാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തിരിച്ചുകയറ്റുകയാണ് പതിവ് . ധനകാര്യ സ്ഥാപനമെന്ന നിലയിൽ ശക്തമായ നടപടിയുണ്ടാകുന്നില്ലെന്നും ജീവനക്കാർ തന്നെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.