തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളംപോലും കൃത്യമായി നല്‍കാന്‍ കഴിയാതെ വരുന്നത് കോര്‍പ്പറേഷന്‍റെ കെടുകാര്യസ്ഥത കൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് വിശദ മറുപടിയുമായി കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ (സി.എം.ഡി) ബിജു പ്രഭാകർ. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിക്ക് പിന്നിൽ മാനേജ്മെന്റ് കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചത്.
'2016-17 ല്‍ 325 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കി സംസ്ഥാനത്ത് കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് 2021-22ല്‍ 2076 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കി. എന്നിട്ടും ശമ്പളംപോലും കൃത്യമായി നല്‍കാന്‍ കഴിയാതെ വരുന്നത് കോര്‍പ്പറേഷന്‍റെ കെടുകാര്യസ്ഥതയുടെ ഭാഗം കൂടിയാണ്. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജീവനക്കാരും, മാനേജ്മെന്‍റ് തലത്തില്‍ ഉദ്യോഗസ്ഥരും കര്‍ശന നിലപാട് സ്വീകരിക്കണം. കെഎസ്ആര്‍സിയുടെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ എല്ലാ ജീവനക്കാരും ആത്മാര്‍ത്ഥമായി ശ്രമിക്കണം' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇതുകൂടാതെ, വരുമാനമുണ്ടായിട്ടും ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല എന്ന് അംഗീകൃത ട്രേഡ് യൂണിയനുകളിൽ ചിലർ തന്നെ പ്രചരിപ്പിക്കുന്നതായും ഓണത്തിന് തൊട്ടു മുൻപ് വാട്സാപ്പിലൂടെ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനും തനിക്കും എതിരായി ചിലർ അപവാദ പ്രചാരണങ്ങൾ അഴിച്ചുവിട്ടതായും ബിജു ചൂണ്ടിക്കാട്ടി. ശമ്പളവിതരണം, സിംഗ്ൾ ഡ്യൂട്ടി, വരുമാനം, സർക്കാർ സഹായം, സ്വിഫ്റ്റ് സർവിസ്, ജീവനക്കാർക്ക് ജോലി നഷ്ടമാകൽ തുടങ്ങി കെ.എസ്.ആർ.ടിസിക്കെതിരെ പ്രചരിക്കുന്ന എല്ലാ ആരോപണങ്ങൾക്കും വിശദമായ മറുപടിയാണ് കോർപറേഷന്റെ ഔദ്യോഗിക പേജിൽ ബിജു പ്രഭാകർ പേരുവെച്ചെഴുതിയ ലേഖനത്തിൽ നൽകുന്നത്.
ജീവനക്കാരുടെ ശമ്പളകുടിശ്ശിക ഓണത്തിന് മുൻപ് തീർത്ത് നൽകുമെന്ന് മുഖ്യമന്ത്രി സെപ്തംബർ 5 ന് ഉറപ്പ് നൽകിയതിനുപിന്നാലെ സെപ്തംബർ 6 ന് ഉച്ചയ്ക്ക് 12:00 മണിയോടെ തന്നെ ശമ്പള വിതരണത്തിനാവശ്യമായ ഉത്തരവുകൾ ഗതാഗത വകുപ്പ് സെക്രട്ടറി എന്ന നിലയിൽ താൻ പുറപ്പെടുവിച്ചതായി ബിജു പ്രഭാകർ വ്യക്തമാക്കുന്നു.
അതിനു ശേഷം ധനകാര്യ വകുപ്പിന്റെ ബജറ്റ് വിഭാഗത്തിൽ പോയതിനു ശേഷം Ways and means ക്ലിയറൻസ് വാങ്ങി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലിയറൻസ് വാങ്ങി ജില്ലാ ട്രഷറിയിൽ നിന്നും സബ് ട്രഷറിയിൽ വന്ന് അവിടെ നിന്നും കെ.എസ്.ആർ.ടി.സി അക്കൗണ്ടിൽ വന്ന് ശമ്പള വിതരണം രാത്രി 8 മണിയോടെ പൂർത്തിയായി. ഇത്രയും നടപടിക്രമങ്ങൾ മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കണം എങ്കിൽ എത്ര പേർ അതിനു പിന്നിൽ പ്രവർത്തിച്ചിരുന്നു എന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു.
സർക്കാരും മാനേജ്മെന്റും ഓണത്തിന് മുൻപ് എങ്ങനെയും ജീവനക്കാരുടെ ശമ്പളം കൊടുത്തു തീർക്കാൻ പരിശ്രമിക്കുമ്പോൾ, എന്തെങ്കിലും കാരണവശാൽ അത് താമസിച്ചാൽ അതിന്റെ പഴി മുഴുവൻ സി.എം.ഡിയുടെയും മാനേജ്മെന്റിന്റെയും തലയിലിടാം എന്ന ദുഷ്ടലാക്കോടെയാണ് തനികെകതിരെ വാട്സാപ്പിൽ ഓഡിയോയും കുറിപ്പും പ്രചരിപ്പിച്ചത് എന്ന് വ്യക്തം. ഇത്തരത്തിൽ ശമ്പളം മുടങ്ങിയാൽ ഒരു പണിമുടക്ക് നടത്തി പൊതു ജനം കെ.എസ്.ആർ.ടി.സി ജീവനക്കാരെ ശപിക്കുന്ന സ്ഥിതിയുണ്ടാക്കി, എല്ലാവരും ഈ സ്ഥാപനത്തെ ഉപേക്ഷിക്കുന്ന സ്ഥിതി സൃഷ്ടിച്ച്, കെ.എസ്.ആർ.ടി.സിയുടെ ഭാവി തന്നെ അപകടത്തിലാക്കാം എന്ന ദുഷിച്ച ചിന്തയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടേത്. ശമ്പളം ജീവനക്കാർക്ക് ലഭിക്കുന്നത് വരെയേ ഈ അപവാദ പ്രചരണത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ എന്നത് അവർക്ക് കിട്ടിയ വലിയ തിരിച്ചടിയാണ് -ബിജു പ്രഭാകർ വ്യക്തമാക്കി.
അപവാദ പ്രചരണങ്ങൾ ആർക്കുവേണ്ടി ??? പ്രിയപ്പെട്ടവരെ,
*ksrtc_ക്ക് സർക്കാർ നൽകിയ ഫണ്ടുകൾ സി എം ഡി ബിജു പ്രഭാകർ തടഞ്ഞു! ഇതുവരെ യാതൊരു ഫയൽ പോലും ഒപ്പിട്ടില്ല എന്നത് അവസാനം ലഭിക്കുന്ന വിവരം*
*സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലേക്കുള്ള സർവ്വീസുകൾ സ്വിഫ്റ്റിലേക്ക്, മറ്റ് സർവ്വീസുകൾ ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ സിംഗിൾ ഡ്യൂട്ടി യിലേക്ക്*
*ഏതാണ്ട് 15000ത്തൊളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ പോകുന്നു.*
യഥാർത്ഥ വസ്തുത നിങ്ങൾ അറിയണമെന്നുണ്ട്!
ഓണത്തിന് തൊട്ടു മുൻപ് വാട്സാപ്പിലൂടെ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനും ചെയർമാൻ & മാനേജിംഗ് ഡയറക്ടർക്കും ഏതിരായി വന്ന അപവാദ പ്രചാരണങ്ങളുടെ രണ്ട് സാമ്പിളുകളാണ്.
* എന്താണ് ഇതിന്റെയൊക്കെ വാസ്തവം? എന്തിനാണീ വ്യാജ പ്രചരണങ്ങൾ?*
സെപ്തംബർ 5 ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടന്ന ചർച്ചയിൽ ജീവനക്കാരുടെ ശമ്പളകുടിശ്ശിക ഓണത്തിന് മുൻപ് തീർത്ത് നൽകുമെന്ന് ബഹു: മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. അതിനനുസരണമായി ധനകാര്യ വകുപ്പ് അതിവേഗം അംഗീകാരം നൽകുകയും, സെപ്തംബർ 6 ന് ഉച്ചയ്ക്ക് 12:00 മണിയോടെ തന്നെ ശമ്പള വിതരണത്തിനാവശ്യമായ ഉത്തരവുകൾ ഗതാഗത വകുപ്പ് സെക്രട്ടറി എന്ന നിലയിൽ ഞാൻ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ധനകാര്യ വകുപ്പിന്റെ ബജറ്റ് വിഭാഗത്തിൽ പോയതിനു ശേഷം Ways and means ക്ലിയറൻസ് വാങ്ങി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലിയറൻസ് വാങ്ങി ജില്ലാ ട്രഷറിയിൽ നിന്നും സബ് ട്രഷറിയിൽ വന്ന് അവിടെ നിന്നും കെ.എസ്.ആർ.ടി.സി അക്കൗണ്ടിൽ വന്ന് ശമ്പള വിതരണം രാത്രി 8 മണിയോടെ പൂർത്തിയായി. ഇത്രയും നടപടിക്രമങ്ങൾ മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കണം എങ്കിൽ എത്ര പേർ അതിനു പിന്നിൽ പ്രവർത്തിച്ചിരുന്നു എന്ന് മനസ്സിലാക്കണം. എന്നിട്ടും കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഉത്തരവ് പുറത്തിറക്കാതെ ശമ്പളം തടയാൻ ശ്രമിക്കുന്നു എന്ന പേരിൽ അന്നേ ദിവസം ഉച്ചയ്ക്ക് 2:00 മണിയോടെ ഒരു വനിതാ ജീവനക്കാരിയുടെ പേരിൽ നവമാധ്യമങ്ങളിൽ ഒരു ഓഡിയോയും കുറിപ്പും പ്രചരിക്കുകയുണ്ടായി. സർക്കാരും മാനേജ്മെന്റും ഓണത്തിന് മുൻപ് എങ്ങനെയും ജീവനക്കാരുടെ ശമ്പളം കൊടുത്തു തീർക്കാൻ പരിശ്രമിക്കുമ്പോൾ, എന്തെങ്കിലും കാരണവശാൽ അത് താമസിച്ചാൽ അതിന്റെ പഴി മുഴുവൻ സി.എം.ഡിയുടെയും മാനേജ്മെന്റിന്റെയും തലയിലിടാം എന്ന ദുഷ്ടലാക്കോടെയാണ് ഈ ഓഡിയോയും,കുറിപ്പും പ്രചരിപ്പിച്ചത് എന്ന് വ്യക്തം. ഇത്തരത്തിൽ ശമ്പളം മുടങ്ങിയാൽ ഒരു പണിമുടക്ക് നടത്തി പൊതു ജനം കെ.എസ്.ആർ.ടി.സി ജീവനക്കാരെ ശപിക്കുന്ന സ്ഥിതിയുണ്ടാക്കി, എല്ലാവരും ഈ സ്ഥാപനത്തെ ഉപേക്ഷിക്കുന്ന സ്ഥിതി സൃഷ്ടിച്ച്, കെ.എസ്.ആർ.ടി.സിയുടെ ഭാവി തന്നെ അപകടത്തിലാക്കാം എന്ന ദുഷിച്ച ചിന്തയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടേത്. ശമ്പളം ജീവനക്കാർക്ക് ലഭിക്കുന്നത് വരെയേ ഈ അപവാദ പ്രചരണത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ എന്നത് അവർക്ക് കിട്ടിയ വലിയ തിരിച്ചടിയാണ്.
കോവിഡ് പിടി മുറുക്കിയ കാലയളവിലെല്ലാം എല്ലാവരെയും പോലെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ഗവൺമെന്റ് ശമ്പളം നൽകിയ കാലയളവിലൊന്നും ഇത്തരം ഒരു പ്രചാരണം ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. എല്ലാക്കാലത്തും സർക്കാർ സഹായത്തോട കെ.എസ്.ആർ.ടി.സി മുന്നോട്ട് പോകും എന്നുള്ളത് മിഥ്യാ ധാരണയാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. കെ.എസ്.ആർ.ടി.സിയെ സ്വന്തം കാലിൽ നിൽക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ നിയോഗിച്ച പ്രൊഫ. സുശീൽ ഖന്ന കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ചെലവു കുറച്ച് വരുമാനം വർദ്ധിപ്പിക്കുന്ന പരിഷ്ക്കരണ നടപടികളാണ് നടപ്പിലാക്കി വരുന്നത്.
പ്രസ്തുത റിപ്പോർട്ടിലെ ഒരു പ്രധാന നിർദ്ദേശമായിരുന്നു 1961 ലെ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ടിന്റെ അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കണം എന്നുള്ളത്. ഇന്ത്യയിലെ മറ്റു ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ നടപ്പാക്കിയിരിക്കുന്ന ഈ സംവിധാനം നടപ്പിലാക്കി ബസ് സ്റ്റാഫ് റേഷ്യോ, ബസ് ഉപയോഗം എന്നിവയിൽ ദേശീയ ശരാശരിയിൽ എത്തുന്നതിലൂടെ ചെലവ് കുറയ്ക്കുക എന്ന ഈ നിർദ്ദേശം നടപ്പിലാക്കണം എന്നതാണ് സർക്കാരിന്റെയും നിർദ്ദേശം. ഇത് മൂന്ന് അംഗീകൃത സംഘടനകളും അംഗീകരിച്ച് 2022 ജനുവരി 13 ന് ഒപ്പു വച്ച ദീർഘകാല കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യവസ്ഥയാണ്.
ഇത്തരം കാതലായ മാറ്റങ്ങളിലൂടെ കെ.എസ്.ആർ.ടി.സിയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യം. ഈ നടപടികളിലൂടെ ഒരു ജീവനക്കാരന്റെ പോലും ജോലി നഷ്ടപ്പെടില്ല എന്നുറപ്പ് തരുന്നു. നമ്മുടെ അന്നമായ 1300 ലധികം ബസ് ഓടിക്കാനാളില്ലാതെ ഓരോ ഡിപ്പോയിലും കിടന്ന് നശിക്കുമ്പോഴാണ് ജോലി നഷ്ടപ്പെടും എന്ന് പറയുന്നത്. ഈ 1300 ബസ് നിരത്തിലിറക്കാൻ എന്താണ് മാർഗ്ഗം എന്ന് ഒരാളും ചിന്തിക്കുന്നില്ല. അത് നശിച്ചു പോകുന്നതിൽ ആർക്കും വിഷമവുമില്ല. അപ്പോൾ ഇത്തരം പ്രചരണം നടത്തുന്നവരുടെ ലക്ഷ്യമെന്തെന്ന് വ്യക്തമാണ്. സ്വിഫ്റ്റ് കാര്യക്ഷമതയും ചെലവ് കുറച്ച് വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി സർക്കാർ മുന്നോട്ട് വച്ച സംവിധാനമാണ്. അതിൽ ജോലി നോക്കുന്നത് ഈ നാട്ടിൽ തന്നെയുള്ള ചെറുപ്പക്കാരാണ്. എംപാനൽ ജീവനക്കാരെപ്പോലെ ഇവരെയും നാം സ്വീകരിക്കുന്ന സമയം വിദൂരമല്ല.
ഇപ്പോൾ തന്നെ വികലമായ ഡ്യൂട്ടി സമ്പ്രദായത്തിന്റെ ഫലമായി രാജ്യത്തെ ഏറ്റവും ഉയർന്ന ബസ് സ്റ്റാഫ് റേഷ്യോ ഉള്ളപ്പോൾ പോലും 1300 ബസുകൾ ഓടിക്കാൻ നമുക്ക് സാധിക്കുന്നില്ല. 2022 ജൂൺ മാസത്തിൽ പോലും 505 ജീവനക്കാർക്ക് 16 ഡ്യൂട്ടി തികയ്ക്കാൻ സാധിക്കാത്തതിനാൽ ശമ്പളം പോലും വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഇത്തരത്തിൽ ജോലിക്ക് വരാൻ താൽപ്പര്യമില്ലാത്തവരാണ് കൃത്യമായി ജോലി നോക്കുന്ന ഭൂരിപക്ഷം ജീവനക്കാരെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചരണങ്ങൾക്കും പിന്നിൽ. ശരാശരി 5.5 കോടി രൂപയാണ് ഇപ്പോഴത്തെ ദിവസ വരുമാനം, മാസം 165 കോടി രൂപ വരുമാനം ലഭിച്ചാൽ 80-90 കോടി രൂപ ഇന്ധനത്തിനായി ചെലവാകും. മുൻപ് ബൾക്ക് പർച്ചേസർ എന്ന നിലയിൽ 45 ദിവസം വരെ കടമായി ലഭിച്ചിരുന്ന ഡീസലിന് വില കൂട്ടിയതിനാൽ പൊതു മാർക്കറ്റിൽ നിന്ന് മുൻകൂർ പണം നൽകിയാണ് ഇപ്പോൾ നാം വാങ്ങുന്നത്.
30-31 കോടി രൂപ ( പ്രതിദിനം 1 കോടി 60,000 രൂപ) കൺസോർഷ്യം ലോൺ തിരിച്ചടവിനായി ബാങ്കിന് നൽകണം, 25-30 കോടി രൂപ സ്പെയർ പാർട്ട്സ്, എം.എ.സി.ടി, ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടങ്ങിയ അത്യാവശ്യ ചെലവുകൾക്ക് വേണ്ടി വരും, എല്ലാം കഴിഞ്ഞ് 25-30 കോടി രൂപ മാത്രമാണ് മിച്ചം ഉണ്ടാകുക. ശമ്പളം നൽകണമെങ്കിൽ 80 കോടി രൂപ വേണ്ടി വരും. ശേഷം വരുന്ന 50 കോടി ഓരോ മാസവും ഉണ്ടാക്കേണ്ടിയിരിക്കുന്നു. സർക്കാർ സഹായം കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. ചെലവുകളുടെയും വരുമാനത്തിന്റെയും സ്ഥിതി ഇതായിരിക്കെ ഇതെല്ലാം മറച്ച് വച്ച് വരുമാനമുണ്ടായിട്ടും ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല എന്ന് അംഗീകൃത ട്രേഡ് യൂണിയനുകളിൽ ചിലർ തന്നെ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. കഴിഞ്ഞ 8 മാസവും മാനേജ്മെന്റ് ബാങ്ക് ഓവർ ഡ്രാഫ്റ്റ് എടുത്തും സർക്കാർ സഹായത്താലുമാണ് പലപ്പോഴും ശമ്പളത്തിനുള്ള ഈ വിടവ് നികത്തി വന്നത്. അത് എപ്പോഴും തുടരാൻ സാധിക്കുകയുമില്ല. ഡീസലും അത്യാവശ്യ ചിലവുകളും മാറ്റിവച്ച് ശമ്പളം നൽകിയാൽ കെ.എസ്.ആർ.ടി.സി സ്തംഭിക്കുന്ന സ്ഥിതിയാകും ഉണ്ടാവുക.
10 വർഷം മുടങ്ങിയ ശമ്പള പരിഷ്ക്കരണം, ഇടക്കാലാശ്വാസം അടക്കം നൽകി നടപ്പിലാക്കിയതും, വർഷങ്ങളായി മുടങ്ങിക്കിടന്ന പ്രൊമോഷനുകൾ നൽകിയതും ഇതേ മാനേജ്മെന്റൊണ് എന്ന കാര്യം അപവാദ പ്രചാരണങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നവർ ബോധപൂർവ്വം മറന്നു. വർഷങ്ങളായി നിലനിൽക്കുന്ന ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിർത്തലാക്കി 1961 ലെ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ടിന്റെ അടിസ്ഥാനത്തിലുള്ള ഡ്യൂട്ടി നടപ്പിലാക്കും എന്ന വ്യവസ്ഥ ശമ്പള പരിഷ്ക്കരണ കരാറിൽ എല്ലാവരും അംഗീകരിച്ചതാണ്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 2018 ൽ തന്നെ ഈ ഡ്യൂട്ടി സമ്പ്രദായം ഇവിടെ നടപ്പിൽ വരുത്തുകയും ചെയ്തിരുന്നു എന്നതാണ് വസ്തുത.
1992 ൽ ഡബിൾ ഡ്യൂട്ടി സമ്പ്രദായം ഏർപ്പെടുത്തിയപ്പോഴും ഇതേ പോലെ ജോലിഭാരം കൂടുന്നു എന്ന പേരിലാണ് സമരം നടന്നത് എന്നതാണ് വിരോധാഭാസം. സ്പ്രെഡ് ഓവർ ഡ്യൂട്ടി എന്നത് അയൽ സംസ്ഥാനങ്ങളിലടക്കം നടപ്പിലാക്കി വിജയിച്ച നിയമപരമായ ഡ്യൂട്ടി സമ്പ്രദായമാണ്.
കെ.എസ്.ആർ.ടി.സി. എന്നത് ഈ നാട്ടിലെ സാധാരണക്കാരും അല്ലാത്തവരുമായ പൊതു ജനത്തിന്റെ സ്വത്താണ്. പൊതു ജന നന്മയ്ക്കായി ഈ സ്ഥാപനത്തെ മാതൃകാ സ്ഥാപനമായി മാറ്റിയെടുക്കുക എന്നതാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ പ്രഥമ കർത്തവ്യം. ഉൽപ്പാദ ക്ഷമത കൂട്ടി ചെലവ് കുറച്ച് നമ്മളെല്ലാവരും ഒന്നായി ശ്രമിച്ചാൽ ഈ സ്ഥാപനത്തെ കടക്കെണിയിൽ നിന്ന് പുറത്തെത്തിക്കാൻ സാധിക്കും. അതിന് മാനേജ്മെന്റിനൊപ്പവും സർക്കാരിനൊപ്പവും നിൽക്കുക എന്നതാണ് ഈ സമയത്തെ ആവശ്യം, അതിനു പകരം വരുന്ന സി.എം.ഡി മാരെ അപകീർത്തിപ്പെടുത്തി മാറ്റി, തങ്ങളുടെ ഇംഗിതത്തിന് കാര്യം നടത്താം എന്ന സ്ഥിതി ഉണ്ടാക്കിയാൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കായിരിക്കും നഷ്ടം എന്ന് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്.
സ്ഥാപനത്തിന്റെ ശോഭനമായ ഭാവി തങ്ങൾക്കും കുടുംബത്തിനും സുരക്ഷിതമായ ഒരു ഭാവി ഒരുക്കും എന്ന വസ്തുത കെ.എസ്.ആർ.ടി.സി ജീവനക്കാർ മനസ്സിലാക്കി, സ്ഥാപിത താൽപ്പര്യത്തോടെ ഒരു ന്യൂനപക്ഷം നടത്തുന്ന ഈ അപവാദ പ്രചരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.
നാം ഒത്തൊരുമയോടെ പ്രവർത്തിച്ചപ്പോൾ 2022 സെപ്തംബർ 12 ന് ഒറ്റ ദിവസം സർവ്വകാല റിക്കാർഡായ 8.4 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. 3941 ബസുകൾ ഓപ്പറേറ്റ് ചെയ്തതിൽ നിന്നുമാണ് ഈ വരുമാനം ലഭിച്ചത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. നാം ലക്ഷ്യം വയ്ക്കുന്ന 5000 മുതൽ 6000 വരെ സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുമ്പോൾ 8 കോടി രൂപ ശരാശരി ദിവസ വരുമാനം ഉണ്ടാക്കാൻ സാധിക്കും എന്നതിന് തെളിവാണ് ഇത്. ഇത്തരത്തിൽ വരുമാന വർദ്ധനവിനായി രാപ്പകൽ അദ്ധ്വാനിച്ച മുഴുവൻ ജീവനക്കാരെയും ഓഫീസർമാരെയും അനുമോദിക്കുന്നു. മാനേജ്മെന്റ് എന്നത് ജീവനക്കാരുടെ ശത്രുവല്ല, സ്ഥാപനത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് എന്ന വിശ്വാസം എല്ലാവരും മനസ്സിലാക്കി, കെ.എസ്.ആർ.ടി.സിയുടെ ശോഭനമായ ഭാവിക്കായി നമുക്ക് ഒരുമയോടെ മുന്നേറാം...
ബിജു പ്രഭാകർ ഐ.എ.എസ്
ഗതാഗത സെക്രട്ടറി &
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
കെ.എസ്.ആർ.ടി.സി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.