തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ കുറുക്കുവഴിയായി ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ ബിവേറജസ് കോർപറേഷനിലേക്ക് അയക്കുന്നു. ജീവനക്കാരെ കുറച്ച് ശമ്പള ചെലവ് കുറക്കുകയാണ് ലക്ഷ്യം. ബിവറേജസ് കോർപറേഷൻ ഡെപ്യൂട്ടേഷൻ ഒഴിവുകളുടെ പട്ടികയടക്കമുള്ള ഉത്തരവ് ഉൾക്കൊള്ളിച്ചാണ് കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് നടപടിക്രമങ്ങൾ വിശദീകരിച്ച് സർക്കുലർ ഇറക്കിയത്. എല്ലാ ജീവനക്കാരുടെയും ശ്രദ്ധയിൽ പെടുംവിധം ഡിപ്പോകളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്ന് അഡ്മിനിസ്ട്രേഷൻ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ സർക്കുലറിൽ പ്രത്യേകം നിർദേശിച്ചിട്ടുമുണ്ട്.
സാധാരണ ഡെപ്യൂട്ടേഷൻ ഒഴിവുകൾ ജീവനക്കാർ തേടിപ്പിടിച്ച് അപേക്ഷിക്കുകയാണ് പതിവ്. എന്നാൽ കെ.എസ്.ആർ.ടി.സിയിൽ മാനേജ്മെന്റ് തന്നെ സർക്കുലർ അയച്ച് ജീവനക്കാരെ ‘കാൻവാസ്’ ചെയ്ത് നൽകുകയാണ്. ഡെപ്യൂട്ടേഷന് താൽപര്യപ്പെട്ട് ജീവനക്കാർ സമീപിച്ചാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് സർക്കുലറിൽ വിശദീകരിക്കുന്നത്. അപേക്ഷകൾ ഒക്ടോബർ 13ന് മുമ്പ് ചീഫ് ഓഫിസിൽ എത്തിക്കണമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്താകെ 263 ഒഴിവാണ് ബിവേറജസ് കോർപറേഷനിലുള്ളത്. മറ്റ് വകുപ്പുകളിലെ സൂപ്പർ ന്യൂമറി വിഭാഗം ജീവനക്കാർക്കാണ് മുൻഗണന. അത് കഴിഞ്ഞ ശേഷമാണ് ‘സിക്ക് യൂനിറ്റ്’ എന്ന് വിശേഷിപ്പിക്കുന്ന പൊതുമേഖലസ്ഥാപനങ്ങളിലുള്ളവരെ പരിഗണിക്കുക. സാധ്യത പരിമിതമായിട്ടും വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 800 ലധികം കെ.എസ്.ആർ.ടി.സി ജീവനക്കാർ അപേക്ഷ നൽകിയിട്ടുണ്ട്. മുമ്പ് ബിവേറജസ് കോർപറേഷൻ ഡെപ്യൂട്ടേഷൻ തസ്തികകളിലേക്ക് വലിയ തള്ളിക്കയറ്റമായിരുന്നു. ഉയർന്ന ബോണസായിരുന്നു പ്രധാന ആകർഷണം. എന്നാൽ, ഡെപ്യൂട്ടേഷനിൽ എത്തുന്നവർക്ക് ഉയർന്ന ബോണസ് നൽകാനാവില്ലെന്ന് ബിവേറജസ് കോർപറേഷൻ നിലപാട് തിരുത്തിയതോടെ തിരക്കും കുറഞ്ഞു.ശമ്പളമുടക്കം പതിവായ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൃത്യമായ ശമ്പളം വലിയ കാര്യമാണ്. ഇതാണ് അപേക്ഷകൾ പെരുകാൻ കാരണം.
കെ.എസ്.ആർ.ടി.സിയിൽ ഏഴുവർഷത്തിനിടെ കുറഞ്ഞത് 17638 ജീവനക്കാർ. 2016 ൽ 42,000 ജീവനക്കാരാണുണ്ടായിരുന്നത്. നിലവിൽ 9000 ഡ്രൈവർമാരും 8000 കണ്ടക്ടർമാരുമടക്കം 24362പേരും. അഞ്ചുവര്‍ഷത്തിനിടെ 7992 തസ്തിക വെട്ടിക്കുറച്ചു. അധികമുള്ള ജീവനക്കാര്‍ വിരമിക്കുന്ന ഒഴിവിലേക്ക് പുതിയ നിയമനങ്ങൾ നിർത്തിവെച്ചു. 2007 ലാണ് ഏറ്റവും ഒടുവിൽ നിയമനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.