കേടായ സ്റ്റിയറിങ്ങുമായി കെ.എസ്.ആർ.ടി.സി സർവിസ്; യാത്രക്കാർ രാത്രി വനത്തിൽ കുടുങ്ങി

അതിരപ്പിള്ളി (തൃശൂർ): സ്റ്റിയറിങ് ചരട് കെട്ടിവെച്ച് സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിലെ 35ഓളം യാത്രക്കാർ രാത്രി മലക്കപ്പാറയിലെ വനത്തിൽ കുടുങ്ങി. ശനിയാഴ്ച വൈകീട്ട് 5.15ഓടെ മലക്കപ്പാറയിൽനിന്ന് ചാലക്കുടിയിലേക്ക് പുറപ്പെട്ട ബസിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്കാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ അനാസ്ഥയെ തുടർന്ന് കൊടുങ്കാട്ടിൽ കഴിയേണ്ടിവന്നത്.

മലക്കപ്പാറയിൽനിന്ന് പുറപ്പെട്ട ബസ് വൈകീട്ട് ആറോടെ വനത്തിലെ പത്തടിപ്പാലം ഭാഗത്തെത്തിയപ്പോൾ നിർത്തിയിടുകയായിരുന്നു. സ്റ്റിയറിങ് കേടായതിനാൽ മുന്നോട്ടെടുക്കാനാവില്ലെന്ന് പറഞ്ഞാണ് ഡ്രൈവർ നിർത്തിയിട്ടത്. യാത്രക്കാർ പരിശോധിച്ചപ്പോഴാണ് സ്റ്റിയറിങ് കേടായതിനാൽ ശീല ചുറ്റിയതായി കണ്ടത്.

കൊടും വളവുകളുള്ള റൂട്ടാണിത്. തുടർന്ന് ആറ് മണിക്കൂറോളം ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ബസിൽ കുടുങ്ങിയ യാത്രക്കാർ കൊടിയ യാതനയാണ് അനുഭവിച്ചത്. കാട്ടാനയും പുലിയും പെരുമ്പാമ്പും നിറഞ്ഞ പരിസരമായതിനാൽ പുറത്തിറങ്ങാൻ പോലുമായില്ല. രാത്രി ഒമ്പതിനു മുമ്പ് ബസ് ചാലക്കുടി ഡിപ്പോയിൽ എത്തേണ്ടിയിരുന്നതാണ്.

ചാലക്കുടി ഡിപ്പോയിൽ അറിയിച്ചിട്ടുണ്ടെന്നും പകരം ബസ് അയച്ചിട്ടുണ്ടെന്നും കണ്ടക്ടറും ഡ്രൈവറും പറഞ്ഞെങ്കിലും ഏറെനേരം കാത്തുനിന്നിട്ടും എത്തിയില്ല. ചാലക്കുടിയിൽനിന്നുള്ള മറ്റൊരു കെ.എസ്.ആർ.ടി.സി ബസ് മലക്കപ്പാറയിൽ രാത്രി സർവിസ് അവസാനിപ്പിച്ചിരുന്നു. പകരം ഈ ബസ് ഓടിക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും അത് ഞായറാഴ്ച രാവിലെയുള്ള ഷെഡ്യൂളിൽ വരാനുള്ളതാണെന്ന് പറഞ്ഞ് അധികൃതർ അനുമതി നൽകിയില്ല.

ഇതിനിടെ യാത്രക്കാർ അഭ്യർഥിച്ചതിനെതുടർന്ന് രാത്രി 9.30ന് വനപാലകർ ജീപ്പുമായെത്തി. ഇതിനുശേഷം രാത്രി 10.30 ആയപ്പോഴാണ് ചാലക്കുടിയിൽനിന്ന് അയച്ച ബസ് എത്തിയത്. തുടർന്ന് ഞായറാഴ്ച പുലർച്ച രണ്ടോടെയാണ് ബസ് ചാലക്കുടിയിലെത്തിയത്. ഇതോടെ യാത്രക്കാർക്ക് നേരം പുലരുംവരെ ഡിപ്പോയിൽ ഇരിക്കേണ്ടിവന്നു. ബസ് യഥാസമയം അറ്റകുറ്റപ്പണി നടത്താത്ത കെ.എസ്.ആർ.ടി.സി അധികൃതരുടെ അനാസ്ഥയിൽ കടുത്ത പ്രതിഷേധത്തിലായിരുന്നു യാത്രക്കാർ.

Tags:    
News Summary - KSRTC service with damaged steering; The travelers got stuck in the forest at night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.