തിരുവനന്തപുരം: സ്കൂളുകളിൽ പഠന നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ നേതൃത്വത്തിൽ ‘മികവ്’ അക്കാദമിക മുന്നേറ്റ പരിപാടി നടപ്പാക്കുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സവിശേഷ പരിപാടികളിൽ പങ്കാളിയാകുന്നതിന്‍റെ ഭാഗമായാണ് കെ.എസ്.ടി.എയും പ്രത്യേക പരിപാടി നടപ്പാക്കുന്നത്.
10ാം ക്ലാസിൽ ഉപരിപഠനത്തിന് ആവശ്യമായ ഗ്രേഡ് നേടാൻ കഴിയാത്ത വിദ്യാർഥികളെ ലക്ഷ്യത്തിലെത്തിക്കാൻ ഊന്നൽ നൽകിയാണ് പദ്ധതി. സംസ്ഥാനതല ഉദ്ഘാടനവും വിദ്യാജ്യോതി പഠനസഹായി പ്രകാശനവും ചൊവ്വാഴ്ച 10ന് തിരുവനന്തപുരത്ത് കെ.എസ്.ടി.എ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. അക്കാദമിക ശിൽപശാലയിൽ വിദഗ്ധർ പങ്കെടുക്കും.
അതേസമയം, പരിപാടിയിൽനിന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശിനെ മാറ്റിനിർത്തിയത് ചർച്ചയായി. എസ്.എസ്.എൽ.സി ഉൾപ്പെടെ പൊതുപരീക്ഷ മൂല്യനിർണയത്തിൽ മിനിമം മാർക്ക് ഉൾപ്പെടെ പരിഷ്കരണ നിർദേശം മുന്നോട്ടുവെക്കുകയും ഇതിനായി വിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കുകയും ചെയ്തത് ഡോ. ജയപ്രകാശിന്‍റെ നേതൃത്വത്തിൽ എസ്.സി.ഇ.ആർ.ടിയായിരുന്നു. മിനിമം മാർക്ക് കൊണ്ടുവരാനുള്ള നിർദേശത്തിനെതിരെ കോൺക്ലേവിൽ കെ.എസ്.ടി.എയും എസ്.എഫ്.ഐയും ശാസ്ത്രസാഹിത്യ പരിഷത്തും രംഗത്തുവന്നിരുന്നു. പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെയുള്ളവർ പിന്തുണച്ച മിനിമം മാർക്ക് നിർദേശത്തിൽ കെ.എസ്.ടി.എ എതിർ നിലപാട് സ്വീകരിച്ചതിനെതിരെ വിദ്യാഭ്യാസ മന്ത്രിയും പരോക്ഷ വിമർശനം നടത്തിയിരുന്നു.
ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.എയുമായി കൂടിയാലോചിക്കാതെയാണ് എസ്.സി.ഇ.ആർ.ടി കോൺക്ലേവ് സംഘടിപ്പിച്ചതും പരിഷ്കരണ നിർദേശം അവതരിപ്പിച്ചതും എന്ന് സംഘടനയിൽ വിമർശനം ഉയർന്നിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ്, എസ്.ഐ.ഇ.ടി, എസ്.എസ്.കെ എന്നിവയുടെയെല്ലാം ഡയറക്ടർമാരെ കെ.എസ്.ടി.എ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോഴാണ് പാഠ്യപദ്ധതി, മൂല്യനിർണയം തുടങ്ങിയവയിൽ പരിഷ്കരണ ചുമതലയുള്ള എസ്.സി.ഇ.ആർ.ടി മേധാവിയെ ഒഴിവാക്കിയതെന്നാണ് വിമർശനം. സംഘടനയുടെ ആഭ്യന്തര പരിപാടി മാത്രമാണ് ‘മികവ്’ എന്നും എസ്.സി.ഇ.ആർ.ടി ഡയറക്ടറെ ക്ഷണിക്കാത്തതിൽ അസ്വാഭാവികതയില്ലെന്നും കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ. ബദറുന്നിസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.