കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികള്‍ പിരിച്ചു വിടണം- നേതൃത്വത്തിന് കത്തയച്ച് കെ.എം അഭിജിത്ത്

കോഴിക്കോട്: നിലവിലുള്ള കെ.എസ്.യു സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മറ്റികളും പിരിച്ചു വിടണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍.എസ്.യു നേതൃത്വത്തിന് അഭിജിത്ത് കത്തയച്ചു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെങ്കില്‍ പോഷക സംഘടനകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന്‍റെ ഭാഗമായുള്ള പുനസംഘടനയാണ് അഭിജിത്ത് കത്തിലൂടെ നേതൃത്വത്തെ അറിയിച്ചത്.

'കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര പരാജയമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫ് നേതൃത്വത്തിനും ഉണ്ടായിരിക്കുന്നത്. നേതൃത്വത്തിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് അത്യാവശ്യമാണ്. വിദ്യാര്‍ത്ഥി സംഘടന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കീഴിലായതിനാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കെ.എസ്‌.യുവിന്‍റെ സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ പുനസംഘടന ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്,' കത്തില്‍ പറയുന്നു.

നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ രാജിയിലൂടെ ദേശീയ, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ അടിയന്തരമായി ഇടപെട്ട് കെ.എസ്‌.യു പുനസംഘടിപ്പിക്കണമെന്ന് കത്തില്‍ പറയുന്നു.

2017 മാര്‍ച്ച് 15 നാണ് കെ.എസ്.യു സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.  മൂന്ന് വര്‍ഷമാണ് ഭാരവാഹിച്ചുമതല കാലഘട്ടം എന്ന് ദേശീയ നേതൃത്വം അറിയിച്ചിരുന്നു.  എന്നാല്‍ കൊവിഡ് സാഹചര്യങ്ങള്‍ കാരണം സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ക്ക് ഒരു വര്‍ഷം കൂടി തുടരേണ്ടി വന്നെന്നും കത്തില്‍ പറയുന്നു.

Tags:    
News Summary - KSU state and district committees should be dissolved - KM Abhijit sent a letter to the leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.