കൊച്ചി: സ്വപ്ന കോൺസൽ ജനറലിന്റെ പി.എയായിരിക്കെയാണ് 'മാധ്യമം' പത്രത്തിനെതിരെ അവർക്ക് വാട്സ്ആപ്പിൽ കത്തയച്ചത് എന്ന മുൻമന്ത്രി കെ.ടി. ജലീലിന്റെ വാദം കള്ളമാണെന്ന് സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്. ജലീൽ ചാറ്റ് ചെയ്തത് താൻ സ്പേസ് പാർക്കിലെ ജീവനക്കാരിയായിരിക്കെയാണെന്നും അല്ലാതെ യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ പി.എ ആയിരിക്കുമ്പോഴല്ല എന്നും സ്വപ്ന പറഞ്ഞു.
'ജലീൽ സർ പറഞ്ഞത് കള്ളമാണ്. മാധ്യമം പത്രത്തെ എങ്ങനെയെങ്കിലും തകർക്കണമെന്നും പൂട്ടിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിയായിരിക്കെ അദ്ദേഹം നിരന്തരം വിളിക്കാറുണ്ടായിരുന്നു. ആ സമയത്ത് ഞാൻ പി.എ ആയിരുന്നില്ല. പി.എ ടു കോൺസൽ ജനറൽ എന്ന ബന്ധത്തിലല്ല എനിക്ക് ആ കത്ത് അയച്ചുതന്നത്. ഞാൻ 2019 സെപ്തംബറിൽ ജോലി വിട്ടിരുന്നു. 2020 ജൂൺ 25നാണ് കത്തയച്ചത്' -സ്വപ്‌ന സുരേഷ് പറഞ്ഞു.
'മാധ്യമ'ത്തിനെതിരെ യു.എ.ഇ അധികൃതർക്ക് നൽകിയ കത്തിന്റെ കാര്യത്തിനായി യു.എ.ഇ കോൺസൽ ജനറലിനെയും തന്നെയും അദ്ദേഹം നിരന്തരം വിളിച്ചിരുന്നു. എത്രയുംവേഗം നടപടി എടുക്കണമെന്നായിരുന്നു ആവശ്യം. തുടർന്നാണ് അദ്ദേഹത്തിന്റെ കത്ത് കോൺസൽ ജനറലിന്റെ ഔദ്യോഗിക മെയിലിൽനിന്ന് യു.എ.ഇ പ്രസിഡന്റിന് അയച്ചത്. ഒരാഴ്ചകഴിഞ്ഞ് സ്വർണക്കടത്ത് കേസ് വന്നതോടെ പിന്നീട് അതുമായി ബന്ധപ്പെട്ട ആശയവിനിമയം അവസാനിക്കുകയായിരുന്നുവെന്നും സ്വപ്‌ന മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാധ്യമം പൂട്ടിക്കണമെന്നോ നിരോധിക്കണമെന്നോ താൻ പറഞ്ഞിട്ടില്ല എന്ന ജലീലിന്റെ വാദവും സ്വപ്ന തള്ളിക്കളഞ്ഞു. 'പത്രത്തെ എങ്ങനെയെങ്കിലും തകർക്കണമെന്നും പൂട്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനാണ് കത്തയച്ചത്. എന്നാൽ, സാധാരണ ഇംഗ്ലീഷിൽ കത്തയക്കുമ്പോൾ 'take appropriate action' എന്നേ എഴുതാറുള്ളൂ. അല്ലാതെ മറ്റൊന്നും എഴുതില്ല' -സ്വപ്ന പറഞ്ഞു.
ജലീലിനെതിരെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ കൂടുതൽ കടുപ്പിക്കുകയും വ്യക്തത വരുത്തുകയും ചെയ്തു. ഗൾഫിലെ മലയാളികളുടെ മരണത്തെക്കുറിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ പേരിൽ പത്രസ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനായിരുന്നു ജലീലിന്റെ ശ്രമം. എന്തും ചെയ്യാൻ കഴിയുന്നയാളായിരുന്നു അദ്ദേഹം. ആരെയും ഉപദ്രവിക്കും. രാജ്യദ്രോഹമാണ് ജലീൽ ചെയ്തത്. ഫിലോസഫിയിൽ ഡോക്ടറേറ്റ് എടുത്ത ജലീലിന് എത്രത്തോളം ഇംഗ്ലീഷ് അറിയാമെന്ന് മനസ്സിലായി.
സ്വർണക്കടത്തുകേസിൽ ജലീലിന് ക്ലീൻചിറ്റ് നൽകിയിട്ടില്ല. അദ്ദേഹത്തിനെതിരായ തെളിവുകൾ നേരത്തേതന്നെ ഇ.ഡിക്ക് നൽകിയതാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രിൻസിപ്പൽ സെക്രട്ടറിയും ജലീലുമെല്ലാം പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. നിരവധി തവണ കോൺസൽ ജനറലുമായി ജലീൽ രഹസ്യ കൂടിക്കാഴ്ച നടത്തി. ഇതിന്റെയെല്ലാം തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇ-മെയിലും ആശയവിനിമയങ്ങളും അടക്കം ഒരുപാട് തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. എൻ.ഐ.എ ആണ് തന്റെ എല്ലാ തെളിവുകളും പിടിച്ചെടുത്തത്. അവർ ഒരുപാട് തെളിവുകൾ നശിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളെല്ലാം എൻഫോഴ്‌സ്‌മെന്റിന് നൽകിയിട്ടുണ്ട്. സ്‌പേസ് പാർക്കിൽ ജോലി തന്നത് മുഖ്യമന്ത്രിയും ശിവശങ്കറും ചേർന്നാണ്.
ജലീലിനു സമാനമായി കാന്തപുരം അബൂബക്കർ മുസ്ലിയാരും പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഇ-മെയിലിന്റെ തെളിവുണ്ട്. മുഖ്യമന്ത്രി, ശിവശങ്കർ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ ഉൾപ്പെടുന്ന വി.വി.ഐ.പി സംഘവും പ്രോട്ടോക്കോൾ ലംഘിച്ചിട്ടുണ്ട്. കോണ്‍സല്‍ ജനറലിന്റെ ഓഫിസ് ഉപയോഗിച്ച് സ്യൂട്ട്‌കേസ് തിരുവനന്തപുരത്തെത്തിച്ചു.
അവിടെനിന്ന് കാന്തപുരത്തിനുവേണ്ടി കോഴിക്കോട്ടേക്കും. ഇതിനുവേണ്ട പൊലീസ് എസ്‌കോർട്ടിനായി എ.ഡി.ജി.പിയോടും ശിവശങ്കറിനോടും മുഖ്യമന്ത്രിയുടെ ഓഫിസിനോടുമെല്ലാം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.