'കോയാ, നമുക്കിതൊക്കെ തിരിയും' -ശൈലജക്കെതിരായ ലോകായുക്ത നോട്ടീസിൽ കെ.ടി. ജലീൽ

മലപ്പുറം: വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ആരോഗ്യ ഉപകരണങ്ങൾ വാങ്ങിയെന്ന പരാതിയിൽ മുൻമന്ത്രി കെ.കെ. ശൈലജ അടക്കമുള്ളവർക്ക് ലോകായുക്ത നോട്ടീസ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. ബന്ധുനിയമന വിവാദത്തിൽ ജലീലിനെതിരെ ലോകായുക്ത തിരക്കിട്ട് നടപടിയെടുത്തിരുന്നു. എന്നാൽ, ശൈലജക്ക് നോട്ടീസ് നൽകുകയും അന്വേഷണത്തിന് ഹാജരാകാൻ സാവകാശം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിവേചനം ചൂണ്ടിക്കാട്ടിയാണ് ജലീലിന്റെ പ്രതികരണം.

കക്ഷിക്ക് നോട്ടീസയക്കുകയോ കേൾക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീർത്ത് വിധി പറയാൻ മാത്രമല്ല ലോകായുക്തക്ക് അറിയുകയെന്ന് ജലീൽ തനിക്കെതിരായ കേസിലെ ലോകായുക്ത നടപടി ചൂണ്ടിക്കാട്ടി പറയുന്നു. 'പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി. ജലീലായാൽ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ' എന്നാണ് കുറിപ്പ്.

യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.കെ. ശൈലജക്ക് എതിരായ ലോകായുക്ത നടപടി. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ലോകായുക്ത ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിലെ 14 എതിർകക്ഷികളോടും ഡിസംബർ എട്ടിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വിപണിയിൽ 450 രൂപയുള്ള പി.പി.ഇ കിറ്റ് 1,500 രൂപക്ക് വാങ്ങിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് കെ.എം.എസ്.സി.എല്ലിലെതിരെ നേരത്തെ ഉയർന്നിരുന്നത്. കോവിഡ് കാലത്ത് വിപണിവിലയുടെ മൂന്നിരട്ടി വിലയ്ക്ക് സ്വകാര്യ കമ്പനിയിൽനിന്നടക്കം പി.പി.ഇ കിറ്റ് വാങ്ങിയത് സംബന്ധിച്ച ഫയൽ അന്നത്തെ ആരോഗ്യമന്ത്രിയടക്കം കണ്ടിരുന്നെന്ന രേഖകളും പുറത്തുവന്നിരുന്നു. വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾക്ക് ക്ഷാമം നേരിടാമെന്നത് മുന്നിൽകണ്ടാണ് വാങ്ങിയതെന്നും ഇക്കാര്യത്തിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും സർക്കാർ നിയമസഭക്കകത്തും പുറത്തും വാദിക്കുന്നതിനിടെയാണ് ലോകായുക്ത നടപടി. മുൻമന്ത്രി കെ.കെ. ശൈലജ, മുൻ ആരോഗ്യ സെക്രട്ടറി, കെ.എം.എസ്.സി.എൽ ഉദ്യോഗസ്ഥർ എന്നിവർക്കടക്കമാണ് നോട്ടീസ് നൽകിയത്. മുൻമന്ത്രിയെന്ന നിലയിൽ കെ.കെ. ശൈലജ നോട്ടീസിന് മറുപടി നൽകണം.

2020 മാര്‍ച്ച് 29ന് സ്വകാര്യ കമ്പനിയിൽനിന്ന് പി.പി.ഇ കിറ്റുകള്‍ വാങ്ങിയത് 446.25 രൂപക്കായിരുന്നു. 24 മണിക്കൂര്‍ പിന്നിട്ട് മാർച്ച് 30ന് മറ്റൊരു കമ്പനിക്ക് ഓഡര്‍ നൽകുമ്പോൾ ഒരു പി.പി.ഇ കിറ്റിന്‍റെ വില 1550 രൂപയായി മാറി. ഇത്തരത്തിൽ മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയത് 50000 പി.പി.ഇ കിറ്റുകളാണ്. ഏഴ് കോടി രൂപയുടേതായിരുന്നു വാങ്ങൽ. ഇതുസംബന്ധിച്ചതടക്കം സർക്കാറിന്‍റെ അംഗീകാരത്തിനായി സമർപ്പിച്ച ഫയലിൽ 2020 ഏപ്രില്‍ 16ന് ആരോഗ്യമന്ത്രിയും ധനമന്ത്രിയും ഒപ്പുവെച്ചിരുന്നു.

എന്നാൽ, കോവിഡ് കാലത്ത് പി.പി.ഇ കിറ്റുകള്‍ വാങ്ങിയ കെ.എം.എസ്.സി.എല്‍ ഇടപാട് സുതാര്യമാണെന്ന് കെ.കെ ശൈലജ പറഞ്ഞു. കുവൈത്തിൽ കല സംഘടിപ്പിച്ച 'മാനവീയം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. 'പുഷ്പങ്ങൾ മാത്രമല്ല, മുള്ളുകളും ഇത്തരം പ്രവൃത്തികൾക്ക് ഉണ്ടാകും. അതിനൊന്നും പ്രശ്നമില്ല. പി.പി.ഇ കിറ്റ് ലഭ്യമാകാതിരുന്ന സമയത്താണ് 1,500 രൂപക്ക് 50,000 കിറ്റുകൾക്ക് ഓര്‍ഡര്‍ നല്‍കിയത്. അതിൽ 15,000 എണ്ണം കിട്ടി. അപ്പോഴേക്കും മാർക്കറ്റിൽ വിലകുറഞ്ഞു. അതോടെ 35,000 ത്തിന്റെ ഓർഡർ കാൻസൽ ചെയ്തു. ഇതാണ് 1,500 രൂപക്ക് പി.പി.ഇ കിറ്റുകള്‍ വാങ്ങി എന്ന് പ്രതിപക്ഷം ആരോപിക്കുന്നത്' -ശൈലജ പറഞ്ഞു.

നേരത്തെ, നിയമസഭയിൽ കെ.ടി ജലീലിനെക്കുറിച്ചുള്ള കെ.കെ ശൈലജ ടീച്ചറുടെ ആത്മഗതം വിവാദമായിരുന്നു. 'ഇയാൾ നമ്മളെ കൊയപ്പത്തിലാക്കും' എന്നായിരുന്നു ജലീലിനെക്കുറിച്ച് ശൈലജ നടത്തിയ പരാമർശം. ശൈലജ ടീച്ചർ സംസാരിക്കുന്നതിനിടെ ജലീൽ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴായിരുന്നു ഇത്. മൈക്ക് ഓഫ് ചെയ്യാത്തതിനാൽ ഉച്ചത്തിൽ പുറത്ത് കേൾക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലാണ് ഈ പരാമർശം ചർച്ചയായത്. 'തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം' എന്നായിരുന്നു ഇ​തിനോടുള്ള ജലീലിന്റെ പ്രതികരണം.

കെ.ടി. ജലീലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

'പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീർത്ത് കക്ഷിക്ക് നോട്ടീസയക്കുകയോ കേൾക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി.

ജലീലായാൽ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ?

കോയാ, നമുക്കിതൊക്കെ തിരിയും.

നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ'

Tags:    
News Summary - KT Jaleel reacts to Lokayukta notice against KK Shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.