തിരുവനന്തപുരം: 'ചന്ദ്രിക' പത്രത്തിെൻറ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയല്ല പി.കെ. കുഞ്ഞാലിക്കുട്ടിയെയാണ് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യേണ്ടതെന്ന് കെ.ടി. ജലീല്‍ എം.എൽ.എ.
ആരോഗ്യം മോശമായി ചികിത്സയിലുള്ള പാണക്കാട് തങ്ങളെ ചോദ്യംചെയ്യാൻ അയച്ച നോട്ടീസ് ഇ.ഡി പിന്‍വലിച്ച് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യണം. യഥാര്‍ഥ കുറ്റവാളി കുഞ്ഞാലിക്കുട്ടിയാണെന്ന് ഇ.ഡിക്കും അറിയാം. ആ കുറ്റവാളി രക്ഷപ്പെടരുതെന്നും ജലീല്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാണക്കാട് കുടുംബത്തെയും ഹൈദരലി ശിഹാബ് തങ്ങളെയും വഞ്ചിക്കാനും ചതിക്കാനുമാണ് കുഞ്ഞാലിക്കുട്ടി ശ്രമിച്ചത്.
'ചന്ദ്രിക'യിലൂടെ നടന്ന ക്രയവിക്രയങ്ങള്‍ക്ക് പാണക്കാട് തങ്ങള്‍ ഉത്തരവാദിയല്ലെന്ന് ഇ.ഡിയെ രേഖാമൂലം അറിയിച്ച് സ്വയം കുറ്റമേറ്റെടുത്ത് ചോദ്യം ചെയ്യലിന് കുഞ്ഞാലിക്കുട്ടി തയാറാകണം. തങ്ങളോട് വലിയ ചതി ചെയ്തശേഷം കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ വന്നിരുന്ന് സുഖിക്കുകയാണ്. നാല് വെള്ളിക്കാശിന് മുസ്ലിംലീഗിെൻറ രാഷ്ട്രീയ സംവിധാനത്തെ കുഞ്ഞാലിക്കുട്ടി വിറ്റുതുലച്ചു. 'ചന്ദ്രിക' അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാനാണ് അദ്ദേഹം ഉപയോഗിച്ചത്.
'ചന്ദ്രിക' യു.എ.ഇ എഡിഷൻ അച്ചടിച്ച ഇനത്തില്‍ അവിടത്തെ സ്ഥാപനത്തിനുള്ള കുടിശ്ശിക തീര്‍ക്കാന്‍ നാലര ദശലക്ഷം യു.എ.ഇ ദിര്‍ഹം പിരിച്ചെങ്കിലും ഒരു രൂപ പോലും ആ സ്ഥാപനത്തിന് നൽകാതെ ചിലര്‍ പോക്കറ്റിലാക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഗള്‍ഫിലെ സ്ഥാപനം മുഖേനയാണ് ഈ പണം കേരളത്തിലെത്തിച്ചത്.
അടുപ്പക്കാരെ കെ.എം.സി.സി തലപ്പത്ത് കുഞ്ഞാലിക്കുട്ടി പ്രതിഷ്ഠിച്ചത് ചന്ദ്രികക്കും ലീഗിനുമായി പിരിച്ചെടുത്ത പണം മുഴുവന്‍ പോക്കറ്റിലാക്കാനാണ്. ഇ.ഡിയുടെ അന്വേഷണം പാണക്കാട് തങ്ങളെയും കുടുംബത്തെയും സ്നേഹിക്കുന്നവര്‍ക്ക് വലിയ വേദന നല്‍കുന്നതാണ്.
ഇക്കാര്യത്തിൽ ലീഗിനുള്ളില്നിന്ന് ശക്തമായ പ്രതിഷേധം കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ സംഭവങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് മാപ്പുപറയാൻ കുഞ്ഞാലിക്കുട്ടി തയാറാകണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
നിയമസഭയിലെ ചോദ്യോത്തരവേളയിലും കുഞ്ഞാലിക്കുട്ടിയുടെ മകെൻറ പണനിക്ഷേപം ഉന്നയിച്ച് കെ.ടി. ജലീൽ, പ്രതിഷേധിച്ച് പ്രതിപക്ഷവും. കരുവന്നൂർ സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ഉപചോദ്യമായാണ് ജലീൽ കുഞ്ഞാലിക്കുട്ടിയുടെ മകെൻറ സഹകരണമേഖലയിലെ പണനിക്ഷേപം ഉന്നയിച്ചത്.
എന്നാൽ ആ ബാങ്കിലെ നിക്ഷേപം സംബന്ധിച്ച വിവരം തെൻറ പക്കലിലെന്നും പരിശോധിച്ച് മാത്രമേ മറുപടി പറയാൻ സാധിക്കൂവെന്നും മന്ത്രി വി.എൻ. വാസവൻ മറുപടി പറഞ്ഞു. അതിനിടയിൽ ജലീലിെൻറ ചോദ്യത്തിൽ പ്രതിഷേധവുമായി ലീഗ് എം.എൽ.എമാർ എഴുന്നേറ്റു. ഇത് കീഴ്വഴക്കത്തിെൻറ ലംഘനമാണെന്ന് അവർ ഉന്നയിച്ചു.
ഇതോടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വിഷയത്തിൽ ഇടപെട്ടു. ചോദ്യോത്തരവേള വ്യക്തിപരമായ ആക്ഷേപമുന്നയിക്കേണ്ട ഇടമല്ലെന്ന് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപം സംബന്ധിച്ച് നിയമസഭയിൽ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് ചോദ്യമായി ഉന്നയിക്കുകയാണുണ്ടായത്. ഇത് ശരിയായില്ല. ഇത്തരം കീഴ്വഴക്കങ്ങൾ നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപചോദ്യത്തിനുള്ള അവസരം മാത്രമാണ് നൽകിയതെന്നായിരുന്നു സ്പീക്കർ എം.ബി. രാജേഷിെൻറ ഇതിനുള്ള വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.