മലപ്പുറം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സർവേകൾ കാൽക്കാശിന് വിലയില്ലാത്തതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാനുള്ള പദ്ധതിയാണിത്. കാൽക്കാശിന്റെ വിലയില്ലാത്ത സർവേകൾ പലതവണ തെറ്റിയിട്ടുണ്ട് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം പ്രവചിക്കുന്ന സർവേകളാണ് മാധ്യമങ്ങൾ പുറത്ത് വിട്ടത്. ഇതിനെതിരെ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. പിണറായി സർക്കാർ 200 കോടി രൂപയുടെ പരസ്യം കൊടുത്തതിന്റെ ഉപകാര സ്മരണയാണ് ചില മാധ്യമങ്ങൾ സർവേയിലൂടെ കാണിക്കുന്നതെന്നാണ് ചെന്നിത്തല പറഞ്ഞത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നത് പോലെ കേരളത്തിൽ പിണറായി സർക്കാർ മാധ്യമങ്ങളെ വിരട്ടിയും പരസ്യം നൽകിയും വരുതിയിലാക്കുകയാണ്. അഭിപ്രായ സർവേകൾ യാഥാർഥ്യത്തിന് എതിരാണെന്നും ഒരുശതമാനും വോട്ടർമാർ പോലും ഇതിൽ പങ്കെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. മൂന്ന് മാധ്യമങ്ങൾക്ക് വേണ്ടി ഒരു സ്ഥാപനമാണ് സർവേ നടത്തിയത്. ജനഹിതം അട്ടിമറിക്കാൻ അഭിപ്രായ സർവേകൾ ദുരുപയോഗം ചെയ്യുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ നടന്നത് പോലെ മറുനാടൻ കമ്പനികൾ സർവേകൾ പടച്ചുവിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം, സർവേ റിപ്പോർട്ടുകൾ കണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ അലംഭാവം അരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രചരണ പര്യടനത്തിന്റെ ഭാഗമായി കോട്ടയത്തെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു . "സർവേ റിപ്പോർട്ട് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് എന്നത് രാഷ്ട്രീയ പോരാട്ടമാണ്. സർവേ റിപ്പോർട്ട് കണക്കിലെടുത്ത് അലംഭാവം കാട്ടരുത്. ഗൗരവത്തോടെ തന്നെ തെരഞ്ഞെടുപ്പിനെ കാണണം എന്നാണ് എൽ.ഡി.എഫ് പ്രവത്തകരോട് അഭ്യർഥിക്കാനുള്ളത്'' -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.