നിലപാട് മാറ്റാതെ കുഞ്ഞികൃഷ്ണൻ; കര്‍ഷകസംഘം സമ്മേളനം ബഹിഷ്കരിച്ചു

കണ്ണൂർ: നേതൃത്വം ഇടപെട്ടിട്ടും പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നൂവെന്ന നിലപാടിൽ മാറ്റമില്ലാതെ സി.പി.എം പയ്യന്നൂർ മുൻ എരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്‍. പയ്യന്നൂര്‍ സി.പി.എമ്മിലെ ഫണ്ട് തിരിമറി വിവാദത്തെ തുടര്‍ന്ന് ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട അദ്ദേഹം താന്‍ പ്രസിഡന്റായിരിക്കുന്ന കേരള കര്‍ഷകസംഘത്തിന്റെ പയ്യന്നൂര്‍ ഏരിയ സമ്മേളനം ബഹിഷ്‌കരിച്ചു. സ്വന്തം നാടായ വെള്ളൂരില്‍ നടന്ന കേരള കര്‍ഷകസംഘം ഏരിയ സമ്മേളനം ബഹിഷ്‌കരിച്ച അദ്ദേഹം തുടര്‍ന്ന് വരാനിരിക്കുന്ന സി.പി.എമ്മിന്റെയും വര്‍ഗ ബഹുജന സംഘടനകളുടെയും പരിപാടികളില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.

മൂന്ന് വര്‍ഷം മുമ്പ് കര്‍ഷകസംഘം പയ്യന്നൂർ ഏരിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞികൃഷ്ണന്‍ സംഘടനയുടെ ജില്ല കമ്മിറ്റിയംഗം കൂടിയാണ്. കര്‍ഷക സംഘത്തിന്റെ പയ്യന്നൂര്‍ ഏരിയ പ്രസിഡന്റായും സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഫണ്ട് തിരിമറി വിവാദം ഉണ്ടാകുന്നത്. വിവാദത്തില്‍ ടി.ഐ. മധുസൂദനന്‍ എം.എല്‍.എയടക്കമുള്ളവര്‍ക്കെതിരെ സി.പി.എം നടപടിയെടുത്തിരുന്നു. ഏരിയ കമ്മിറ്റിക്കകത്തെ മാനസിക ഐക്യം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. തുടര്‍ന്നാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന്, നേതാക്കളായ എം.വി. ജയരാജന്‍, പി. ജയരാജന്‍, ടി.വി. രാജേഷ് എന്നിവര്‍ നടത്തിയ അനുനയനീക്കം ഫലം കണ്ടിരുന്നില്ല.

ശനി, ഞായര്‍ ദിവസങ്ങളിലായി അദ്ദേഹത്തിന്‍റെ സ്വന്തം നാടായ വെള്ളൂരിലെ ചന്തന്‍ സ്മാരക ഹാളിലാണ് കര്‍ഷകസംഘം സമ്മേളനം നടന്നത്. ഫണ്ട് തിരിമറി വിവാദത്തില്‍ പങ്കാളികളായ ടി.ഐ. മധുസൂദനന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ സി. കൃഷ്ണന്‍, വി. നാരായണന്‍ എന്നിവരും പങ്കെടുത്തിരുന്നു. പ്രസിഡന്റായ വി. കുഞ്ഞികൃഷ്ണന്‍ ബഹിഷ്‌കരിച്ചതിനാല്‍ വൈസ് പ്രസിഡന്റ് ടി.കെ. സുരേന്ദ്രനാണ് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയത്. സെക്രട്ടറി ടി. നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് സമ്മേളനത്തില്‍ പങ്കെടുക്കാത്തത് സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചയായി. സമ്മേളനം ബഹിഷ്‌ക്കരിക്കുന്നത് പാര്‍ട്ടിയെ ബഹിഷ്‌ക്കരിക്കലാണെന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും ചര്‍ച്ചയില്‍ വാദമുയര്‍ന്നിരുന്നു. സംഭവത്തിൽ കുഞ്ഞികൃഷ്ണനെതിരെ പാർട്ടിക്കകത്ത് കൂടുതൽ നടപടിയുണ്ടാകുമെന്നാണ് സൂചന. 

Tags:    
News Summary - Kunhikrishnan without changing his stance; Farmers union boycotted the meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.