കണ്ണൂർ: സി.പി.എം നേതാവും ടി.പി. വധക്കേസ് പ്രതിയുമായിരുന്ന പി.കെ. കുഞ്ഞനന്തെൻറ ഒന്നാം ചരമവാര്ഷികാചരണത്തിൽ അന്ത്യാഞ്ജലിയുമായി അതേ കേസിലെ പ്രതികളും. കുഞ്ഞനന്തെൻറ സ്മാരക സ്തൂപത്തിലാണ് ടി.പി വധക്കേസിലെ അഞ്ചാം പ്രതി കെ.കെ. മുഹമ്മദ് ഷാഫി, ആറാം പ്രതി അണ്ണൻ സിജിത്ത് എന്നിവരെത്തി പുഷ്പാർച്ചന നടത്തിയത്. ടി.പി വധവുമായോ കേസിലെ പ്രതികളുമായോ സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് നേതാക്കൾ ആവർത്തികുേമ്പാഴാണ് ഇരുവരും പാർട്ടി നടത്തിയ ചരമവാർഷിക ദിനാചരണത്തിനിടെ കുഞ്ഞനന്തന് അഭിവാദ്യവുമായെത്തിയത്. കൂടാതെ, സ്തൂപത്തിന് മുന്നിൽനിന്നെടുത്ത ഫോട്ടോയും ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾ ഇപ്പോൾ പരോളിലാണ്. കൊലപാതകം നടത്തിയത് ക്വട്ടേഷൻ സംഘങ്ങളായിരുന്നുവെന്നും ഈ സംഘങ്ങളുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നുമായിരുന്നു പാർട്ടിയുടെ തുടക്കം മുതലേയുള്ള നിലപാട്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ 13ാം പ്രതിയായി ജയിൽശിക്ഷ അനുഭവിക്കവെ മരിച്ച കെ.പി. കുഞ്ഞനന്തൻ പാനൂർ മുൻ ഏരിയ കമ്മിറ്റിയംഗവും മേഖലയിൽ പാർട്ടി കെട്ടിപ്പടുക്കാൻ പങ്കുവഹിച്ച നേതാവുമായിരുന്നു. കേസിെൻറ ആദ്യകാലങ്ങളിൽ കുഞ്ഞനന്തനെ പാർട്ടി തള്ളിപ്പറഞ്ഞിരുന്നെങ്കിലും മരണശേഷം പാർട്ടിയുടെ പൊതുസ്വത്തെന്ന രീതിയിലായിരുന്നു സമീപനം. ഒന്നാം ചരമവാർഷികാചരണ പരിപാടിയുടെ ഭാഗമായി തയാറാക്കിയ സ്മാരക സ്തൂപം ഉദ്ഘാടനം ചെയ്തത് മുൻമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനായിരുന്നു. കെ.പി. മോഹനൻ എം.എൽ.എ, സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന സമിതിയംഗം പി. ജയരാജൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. പാനൂർ ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ കുഞ്ഞനന്തൻ സ്മൃതിപഥങ്ങളിലൂടെ എന്ന തത്സമയ അനുസ്മരണ യോഗം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തതും. വലതുപക്ഷ ഗൂഢാലോചനയുടെ ഇരയാണ് കുഞ്ഞനന്തൻ എന്നായിരുന്നു ഇ.പി. ജയരാജൻ തെൻറ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്.
2014ലാണ് ഷാഫിയും സിജിത്തും കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. ജയിലിലെ കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇവർക്ക് നിലവിൽ പരോൾ അനുവദിച്ചത്. 2017ൽ പരോളിലായിരിക്കവെയാണ് ഷാഫിയുടെ വിവാഹം കഴിഞ്ഞിരുന്നത്. അന്ന് ഷാഫിയുടെ ചൊക്ലിയിലെ വീട്ടിൽ എ.എൻ. ഷംസീർ എം.എൽ.എ സന്ദർശിച്ചത് പാർട്ടിയുമായി ഇവർക്കുള്ള ഉറച്ചബന്ധം ചൂണ്ടിക്കാട്ടുന്നതായിരുന്നു. ഇതിനിടെയാണ് പാർട്ടി സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ വീണ്ടും ഇവരുടെ സാന്നിധ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.