പൊലീസിനെതിരെ തെളിവ് നിരത്തി  കുപ്പുദേവരാജിന്‍െറ സഹോദരന്‍ 

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍െറ സഹോദരന്‍ ജില്ല കലക്ടര്‍ അമിത് മീണയെ സന്ദര്‍ശിച്ചു. കേസില്‍ ജില്ല ഭരണകൂടം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങവെയാണ് സഹോദരന്‍ ഡി. ശ്രീധരന്‍ വെള്ളിയാഴ്ച വൈകീട്ട് കലക്ടറുമായി കൂടിക്കാഴ്ച നടത്തിയത്. പൊലീസിന്‍െറ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് ഇദ്ദേഹം കലക്ടര്‍ക്ക് കൈമാറി. മാവോവാദികള്‍ക്കെതിരെ മാത്രമാണ് കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തതെന്ന് ഇതില്‍ പറയുന്നു. 2014ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായിരുന്നു പൊലീസ് നടപടിയെന്നും ദേശീയ മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശങ്ങളെ തുടര്‍ന്ന് 2010ല്‍ സംസ്ഥാന പൊലീസ് മേധാവി ഇറക്കിയ ഉത്തരവ് പരിഗണിച്ചില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

 മരണദിവസം തന്നെ പൊലീസ് കുടുംബത്തെ വിവരമറിയിച്ചിരുന്നെങ്കിലും തങ്ങളുടെ അസാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ഇത് നീതിനിഷേധമാണ്. കുപ്പുദേവരാജ് രണ്ട് റൗണ്ട് പൊലീസിന് നേരെ വെടിയുതിര്‍ത്തെന്നാണ് പറയുന്നത്. എന്നാല്‍, ഇത് ശാസ്ത്രീയമായി തെളിയിക്കാനുള്ള ‘ഹാന്‍ഡ് വാഷ്’ പരിശോധന പൊലീസ് നടത്തിയില്ല. കുപ്പുദേവരാജിന്‍േറതെന്ന് പറയുന്ന തോക്ക് കൈയുറ പോലും ധരിക്കാതെയാണ് പൊലീസ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്. വിരലടയാളമടക്കമുള്ള തെളിവുകള്‍ നഷ്ടപ്പെടാന്‍ ഇത് കാരണമായി. 

മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി 15 മിനിറ്റിനകം ദഹിപ്പിക്കണമെന്ന് സി.ബി.സി.ഐ.ഡി വിഭാഗം ഡിവൈ.എസ്.പി സജീവന്‍ രേഖാമൂലം തനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മൃതദേഹം പ്രധാന തെളിവാണെന്നിരിക്കെ ഈ നിര്‍ദേശം നല്‍കിയതിന് പിന്നിലും ദുരൂഹതയുണ്ട്. മരിച്ചുകിടന്ന കുപ്പു ദേവരാജിന്‍െറ കൈവശം ടാബും കൈത്തോക്കും കണ്ടത്തെിയെന്ന് എടക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. എന്നാല്‍, പെരിന്തല്‍മണ്ണ ആര്‍ഡി.ഒ തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത് ടാബും തോക്കും മൃതദേഹത്തിനരികില്‍ കണ്ടത്തെിയെന്നാണെന്നും ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. 

Tags:    
News Summary - kuppu devaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.