തൃശൂർ: നെല്‍കൃഷി കൂട്ടുന്നത് കൃഷിമന്ത്രിക്ക് എന്തോ മോക്ഷം പോലെയാണെന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യെൻറ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറും സി.പി.െഎ നേതൃത്വവും. നെല്‍കൃഷി വ്യാപിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിനെതിരെ രംഗത്തുവന്ന കുര്യെൻറ നടപടി ഗുരുതര അച്ചടക്ക ലംഘനമാണ്. വ്യക്തി താല്പര്യങ്ങള് കുര്യന് സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കേണ്ടെന്നും സുനില്‍കുമാര്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയെ പിന്തുണച്ച് സി.പി.െഎ നേതൃത്വവും മുന്നോട്ടു വന്നിട്ടുണ്ട്. കുര്യനെ നയിക്കുന്ന ചിന്താഗതി എന്താണെന്ന് മനസ്സിലാകുന്നില്ലെന്നാണ് സി.പി.െഎ നേതാവ് ബിനോയ് വിശ്വം എം.പി ചോദിച്ചത്. കുട്ടനാട്ടിൽ കൃഷി പാപമാണെന്നു കണ്ടുപിടിക്കുന്ന റവന്യൂ സെക്രട്ടറി കേരളത്തിെൻറ ഭക്ഷ്യസുരക്ഷയെപ്പറ്റിയും പ്രതിഭാസങ്ങളെപ്പറ്റിയും അജ്ഞനാണോയെന്നും ബിനോയ് വിശ്വം ഫേസ്ബുക്കിൽ പോസ്റ്റിൽ ചോദിച്ചു. മുൻ മുഖ്യമന്ത്രി വി.എസിനെ പരോക്ഷമായും മുൻ ഭവനവകുപ്പു മന്ത്രിയായ തന്നെ പ്രത്യക്ഷമായും വിമർശിച്ച് സായൂജ്യമടയുകയാണ് കുര്യനെന്നും അദ്ദേഹം ആരോപിച്ചു.
കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു പി.എച്ച്. കുര്യെൻറ വിവാദ പരാമര്‍ശം. കുട്ടനാട്ടിലെ നെല്‍കൃഷി പരിസ്ഥിതിക്ക് വിരുദ്ധമാണ്. ഒപ്പം നഷ്ടവും. കര്‍ഷകര്‍ നെല്‍കൃഷി വിട്ട് മത്സ്യ കൃഷിയിലേക്കോ ടൂറിസത്തിലേക്കോ മാറണം. നെല്‍കൃഷി വർധിപ്പിക്കുന്നത് കൃഷിവകുപ്പിനും കൃഷി മന്ത്രിക്കും എന്തോ മോക്ഷം കിട്ടുന്നതുപോലെയാണ് എന്നായിരുന്നു കുര്യെൻറ പരാമര്‍ശം.
സർക്കാറിെൻറ ഭാഗമായിരുന്ന് സർക്കാർ നയത്തിനെതിരെ പറയുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ചില ഉന്നത ഉദ്യോഗസ്ഥന്മാര്ക്ക് മനസ്സില്‍ പല നയങ്ങളും കാണും. അത് ഇവിടെ നടപ്പില്ല. ഇടതുപക്ഷ സർക്കാറിെൻറ നയം നെൽകൃഷി വ്യാപിപ്പിക്കുന്നതാണ്. ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി അമേരിക്കയിൽനിന്ന് തിരിച്ചെത്തിയാല്‍ കുര്യനെതിരെ പരാതി നല്‍കും.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.എച്ച്. കുര്യനെതിരെ സി.പി.ഐക്ക് നേരത്തേ തന്നെ നിരവധി പരാതികളുണ്ട്. ഇദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം വരെ സി.പി.ഐ ഉന്നയിച്ചിരുന്നു. റവന്യൂ മന്ത്രിയെ പോലും അവഗണിക്കുന്നെന്ന ആക്ഷേപം സി.പി.ഐക്കുള്ളില്‍ നിലനില്‍ക്കുമ്പോഴാണ് കൃഷിമന്ത്രിക്കെതിരായ പരാമര്‍ശം. സംഭവം വിവാദമായതോടെ മന്ത്രിയോട് സ്വകാര്യമായി കുര്യൻ േഖദപ്രകടനം നടത്തിയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.