കൊച്ചി: അലയടിച്ചുയരുന്ന പ്രതിഷേധങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ ലക്ഷദ്വീപിലെത്തിയപ്പോൾ കറുപ്പണിഞ്ഞ് ദ്വീപിലെ ജനങ്ങൾ പ്രതിരോധം തീർത്തു. വീടുകൾക്ക് മുന്നിൽ നാട്ടിയ കറുത്ത കൊടി നീതിനിഷേധത്തിനെതിരായ താക്കീതായി. മുഖാവരണത്തിനും ബാഡ്ജിനുമൊപ്പം കറുത്ത വസ്ത്രങ്ങളുമണിഞ്ഞ് പ്ലക്കാർഡ് ഉയർത്തിയപ്പോൾ ദ്വീപ് മറ്റൊരു ചരിത്രപ്രതിഷേധത്തിനുകൂടി സാക്ഷ്യം വഹിക്കുകയായിരുന്നു.
പ്രതിഷേധം ആരംഭിച്ചശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റർ ദ്വീപിലെത്തുന്നത്. തിങ്കളാഴ്ചകവരത്തിയിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. അഡ്മിനിസ്ട്രേറ്റർ ദ്വീപിലെത്തുമ്പോൾ സാധാരണ സ്വീകരിക്കാനെത്തിയിരുന്ന ജനപ്രതിനിധികൾ ഇത്തവണ ഹെലിപാഡിലെത്താതെ പ്രഫുൽ ഖോദ പട്ടേലിനെ ബഹിഷ്കരിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളും യോഗങ്ങളും ജനപ്രതിനിധികൾ ബഹിഷ്കരിക്കും. ദമാൻ ദിയുവിൽനിന്നും വ്യോമസേന വിമാനത്തിൽ ഉച്ചക്ക് രണ്ടോടെയാണ് പ്രഫുൽ േഖാദ പട്ടേൽ അഗത്തിയിൽ എത്തിയത്. അവിടെനിന്ന് ഹെലികോപ്ടറിൽ 2.30ഓടെ അദ്ദേഹം കവരത്തിയിൽ എത്തി.
അഡ്മിനിസ്ട്രേറ്റർ കടന്നുപോയ വഴികൾക്ക് സമീപത്തെ വീടുകൾക്ക് മുകളിലും മുറ്റത്തുമായി കറുത്ത വസ്ത്രം ധരിച്ച് ആളുകൾ പ്രതിേഷധം അറിയിച്ചു. അഡ്മിനിസ്ട്രേറ്റർ താമസിക്കുന്ന ബംഗ്ലാവിന് സമീപത്തെ വീട്ടിൽ കവരത്തിയിലെ ജനപ്രതിനിധികൾ കറുത്ത കൊടികളും പോസ്റ്ററുകളും ഉയർത്തി പ്രതിഷേധിച്ചു. എന്നാൽ, പൊലീസെത്തി കൊടികൾ അഴിച്ചുമാറ്റി. തുടർന്ന്, ജനപ്രതിനിധികൾ വീടിനുമുകളിൽ കയറിനിന്ന് പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.