ലക്ഷ്മി നായരെ മാറ്റാൻ വിദ്യാഭ്യാസ മന്ത്രി സർവകലാശാലയോട് നിർദേശിക്കണം -സുധീരൻ 

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പലിനെ മാറ്റാൻ സർവകലാശാലക്ക് നിർദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍റെ കത്ത്. 

പ്രിൻസിപ്പലിന്‍റെ നിയമനം നിയമാനുസൃതമായി ഇതുവരെ സര്‍വകലാശാല  അംഗീകരിച്ചിട്ടില്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അതിനാൽ പ്രിൻസിപ്പലിനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള അധികാരം സര്‍വകലാശാലക്കുണ്ട്. ഇതിനായി പ്രോ ചാന്‍സലര്‍ എന്നനിലയില്‍ ആവശ്യമായ നിർദേശം സര്‍വകലാശാലക്ക് നല്‍കണമെന്ന് കത്തിൽ സുധീരൻ ചൂണ്ടിക്കാട്ടി. 


സുധീരന്‍റെ കത്തിന്‍റെ പൂർണരൂപം 

പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി, 

ലോ അക്കാഡമി ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ സമരത്തിന് ആധാരമായി അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ തികച്ചും ന്യായമാണ്.ഇതെല്ലാം സര്‍വകലാശാല ഉപസമിതി നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരിക്കുകയാണ്.വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പൂര്‍ണ്ണമായും ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് സിന്‍ഡിക്കേറ്റ്  ഉപസമിതി നല്‍കിയത്. 

രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍പ്പെട്ട് സിന്‍ഡിക്കേറ്റിലെ സി.പി.എം. അംഗങ്ങള്‍ യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെ പ്രിന്‍സിപ്പാളിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ലോ അക്കാഡമി ലോ കോളേജ് പ്രിന്‍സിപ്പലിന്റെ നിയമനം നിമമാനുസൃതമായി ഇതുവരെ സര്‍വ്വകലാശാല  അംഗീകരിച്ചിട്ടില്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതേ കാരണത്താല്‍ പ്രിന്‍സിപ്പളിനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള അധികാരം സര്‍വ്വകലാശാലയ്ക്കുണ്ട്.

അതിനാല്‍ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പാളിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യാന്‍ പ്രോ ചാന്‍സലര്‍ എന്നനിലയില്‍ ആവശ്യമായ നിര്‍ദ്ദേശം സര്‍വ്വകലാശാലയ്ക്ക് നല്‍കണമെന്ന് താല്‍പ്പര്യപ്പെടുന്നു. സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് താങ്കള്‍തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ.

സ്‌നേഹപൂര്‍വ്വം ,

വി.എം.സുധീരന്‍.                                                                  

ശ്രീ. പ്രെഫ.സി. രവീന്ദ്രനാഥ്,

ബഹു.വിദ്യാഭ്യാസമന്ത്രി, തിരുവനന്തപുരം.

Tags:    
News Summary - lakshmi nair vm sudheeran's letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.