സമരം ന്യായം; അംഗീകരിക്കണമെന്ന് സി.പി.ഐ

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം ന്യായമാണെന്നും അത് അംഗീകരിക്കണമെന്നും സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി. വിവരാവകാശ നിയമപ്രകാരം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ നല്‍കുന്നതില്‍ കാനം രാജേന്ദ്രന്‍ പ്രകടിപ്പിച്ച അഭിപ്രായം ശരിയാണെന്ന് യോഗത്തില്‍ അവതരിപ്പിച്ച പൊതുരാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. സര്‍ക്കാര്‍ ഒരു കാര്യവും ജനങ്ങളില്‍നിന്ന് മറച്ചുവെക്കരുതെന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന്‍െറ പൊതുഅഭിപ്രായമാണ് കാനം പ്രകടിപ്പിച്ചതെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ഇക്കാര്യത്തില്‍ മറ്റ് ചര്‍ച്ചകള്‍ നടന്നില്ല. ലോ അക്കാദമി പ്രിന്‍സിപ്പലിനെ മാറ്റണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരത്തെ ഇതാദ്യമായാണ് എല്‍.ഡി.എഫില്‍ നിന്നുള്ള ഒരുകക്ഷി പിന്താങ്ങുന്നത്. സി.പി.എം സംസ്ഥാന നേതൃത്വം ഒരു കോളജില്‍ നടക്കുന്ന സമരമെന്ന് മാത്രമാണ് നിലപാടെടുത്തിരിക്കുന്നത്. 

ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ എല്ലാം ഒറ്റക്കെട്ടായാണ് സമരരംഗത്തുള്ളതെന്ന് സമിതി വിലയിരുത്തി. സംഘടനാതലത്തിലെ രാഷ്ട്രീയ ചേരിതിരിവുകള്‍ മറന്നാണ് ഏക ആവശ്യത്തിനായി വിദ്യാര്‍ഥികള്‍ സമരരംഗത്തുള്ളതെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു.പ്രത്യേക ആവശ്യത്തിനാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. അത് ദുരുപയോഗം ചെയ്യുകയോ വിദ്യാഭ്യാസ സ്ഥാപനം നടത്തുക എന്ന ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുന്നതിന് പാര്‍ട്ടി എതിരല്ല. ജനകീയാസൂത്രണം നടപ്പാക്കുന്നത് സംബന്ധിച്ച ഇടതിന്‍െറ പുതിയ കാഴ്ചപ്പാട് ത്രിതല പഞ്ചായത് പ്രതിനിധികളെ വിളിച്ച് വിശദീകരിക്കും. ഇതിന്‍െറ സംസ്ഥാനതല യോഗം ശനിയാഴ്ച തൃശൂരില്‍ ചേരും. കൊല്ലത്ത് ശനിയാഴ്ച ആരംഭിക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് സമ്മേളനത്തിന്‍െറ ഒരുക്കങ്ങളും യോഗം വിലയിരുത്തി.

എ.ഐ.എസ്.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെ നീക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുക, പ്രിന്‍സിപ്പല്‍ രാജിവെക്കുക, അനധികൃത ഭൂമി തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥിനികളടക്കം നൂറോളം പ്രവര്‍ത്തകരാണ് വെള്ളിയാഴ്ച ഉച്ചക്ക് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രകടനം നടത്തിയത്. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. എന്നാല്‍, ബാരിക്കേഡിന് മുകളിലേക്ക് വിദ്യാര്‍ഥികള്‍ കയറാന്‍ ശ്രമിച്ചതോടെ പൊലീസ് മൂന്നുവട്ടം ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതോടെ അക്രമാസക്തരായ വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസിനുനേരെ കല്ളെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി.

 കൊടിക്കമ്പുകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളും പൊലീസിനെ നേരിട്ടതോടെ 15 മിനിറ്റോളം സെക്രട്ടേറിയറ്റ് പരിസരം സംഘര്‍ഷത്തിലായി. ലാത്തിയടിയില്‍ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍, ജില്ല പ്രസിഡന്‍റ് അല്‍ജിഖാന്‍, വൈസ് പ്രസിഡന്‍റ് നിസാം എന്നിവര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു. ഉപരോധം സുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ലോ അക്കാദമിയില്‍ വിദ്യാര്‍ഥികളുടെ സമരം 17ാം ദിവസത്തിലേക്ക് കടന്നിട്ടും മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം ഇടതു സര്‍ക്കാറിന് ചേര്‍ന്നതല്ളെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് വിനില്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുണ്‍ ബാബു, ജില്ല വൈസ് പ്രസിഡന്‍റ് വിനീത് തമ്പി, ജില്ല സെക്രട്ടറി രാഹുല്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - lakshmi nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.