നെടുങ്കണ്ടം: ഒന്നേമുക്കാൽ ഏക്കർ സ്ഥലം കൈയേറി നടത്തിയ കൃഷിയും ഹോം സ്റ്റേയും ഒഴിപ്പിച്ചു. പാറത്തോട് വില്ലേജിൽപെട്ട മഞ്ജുമേട്ടിലെ കൈയേറ്റമാണ് റവന്യൂ അധികൃതർ ഒഴിപ്പിച്ചത്. ശനിയാഴ്ച രാവിലെ 9.30നാണ് രാമക്കൽമേടിനു സമീപം തമിഴ്നാട് അതിർത്തിയിൽ ആമക്കലിലെ കൈയേറ്റം റവന്യൂ വിഭാഗം ഒഴിപ്പിച്ചത്.
കൈയേറ്റ ഭൂമിയിൽ ഒന്നേമുക്കാൽ ഏക്കർ സ്ഥലത്ത് കൃഷി ചെയ്തിരുന്ന മരച്ചീനി പിഴുതുകളയുകയും കൈയേറ്റ ഭൂമിയിൽ നിർമിച്ചിരുന്ന ഹോം സ്റ്റേ റവന്യൂ വിഭാഗം പൂട്ടി സീൽ ചെയ്യുകയും ചെയ്തു. തമിഴ്നാടിനോട് ചേർന്നുള്ള സ്ഥലത്താണ് വൻകിട കൈയേറ്റം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സമീപകാലത്ത് ഈ ഭൂമി വാങ്ങിയശേഷം സ്ഥലത്തുണ്ടായിരുന്ന വീട് ഹോം സ്റ്റേയാക്കി മാറ്റുകയായിരുന്നുവെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്.
പട്ടയമില്ലാത്ത മൂന്നു സെൻറ് ഭൂമിയിൽ വീടുവെക്കാൻ പഞ്ചായത്തിൽനിന്ന് അനുമതി വാങ്ങി അതിെൻറ മറവിലാണ് വീട് നിർമിച്ചതും വൈദ്യുതി കണക്ഷൻ എടുത്തതും. ഇവിടെ വേലികെട്ടിത്തിരിച്ചിട്ടുമുണ്ട്. എന്നാൽ, കൈയേറ്റം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ റവന്യൂ വിഭാഗത്തിനു ലഭിച്ചിട്ടില്ല. കമ്പംമെട്ട് സ്വദേശിയായ യുവാവാണ് ൈകയേറ്റ ഭൂമിയിലെ ഹോം സ്റ്റേ നോക്കി നടത്തിയിരുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശവാസികളുടെ പരാതി ലഭിച്ചതോടെയാണ് റവന്യൂ വിഭാഗം നടപടി ആരംഭിച്ചത്. പാറത്തോട് വില്ലേജ് ഓഫിസർ, ഒ.കെ. അനിൽകുമാർ, അസി. വില്ലേജ് ഓഫിസർമാരായ ടി.എ. പ്രദീപ്, ടി. സുനിൽകുമാർ, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് ൈകയേറ്റമൊഴിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.