കോഴിക്കോട്: ആർ.എസ്.എസ് സഹയാത്രികൻ ശ്രീ എമ്മിന് നാല് ഏക്കർ ഭൂമി നൽകാനുള്ള മന്ത്രിസഭ തീരുമാനത്തിനുപിന്നിലെ രാഷ്ട്രീയ വിധേയത്വം ആശങ്കയുണര്‍ത്തുന്നതാണെന്ന് ഇടതുചിന്തകനും ആക്ടിവിസ്റ്റുമായ ഡോ. ആസാദ്. ഹിന്ദുത്വ പദ്ധതികളുടെ ആസൂത്രിത മുന്നേറ്റങ്ങള്‍ക്കാണ് പിണറായി സര്‍ക്കാര്‍ വാതില്‍ തുറന്നുകൊടുത്തതെന്നും സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന സംഘപരിവാര വിധേയത്വം ദുരൂഹമാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ആരോപിച്ചു.
ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഗ്ഡേവാറിന്‍റെ ചരമദിനം അന്താരാഷ്ട്ര യോഗാദിനമായി കൊണ്ടാടാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ തീരുമാനം വലിയ ഉത്സാഹത്തോടെയാണ് 2016 മുതല്‍ പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തിപ്പോന്നത്. യോഗയുടെ മഹത്വം ഉദ്ഘോഷിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനം പരമാവധി വിനിയോഗിച്ചു. ഹിന്ദുത്വ അജണ്ടയ്ക്കു പൊതുസമ്മതം നേടിയെടുക്കാനുള്ള കൗശലങ്ങളിലൊന്നായി അതു പ്രയോജനപ്പെട്ടു കാണും.
ഇപ്പോള്‍ യോഗാ സെന്‍റര്‍ തുടങ്ങാന്‍ ശ്രീ എം എന്ന ആര്‍.എസ്.എസ് അനുകൂല ആത്മീയ നേതാവിന് നാലേക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ തിരുവനന്തപുരത്ത് നല്‍കിയിരിക്കുന്നത്.
ആന്ധ്രപ്രദേശിലെ മദനപ്പള്ളിയില്‍ എമ്മിന്റെ ആശ്രമത്തോടു ചേര്‍ന്ന് ഒരു യോഗശാലയ്ക്കും ഭാരത് യോഗവിദ്യാ കേന്ദ്രത്തിനും തുടക്കം കുറിച്ചത് ഈ മാസം ആദ്യമാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ടെത്തി ഉദ്ഘാടനം നിര്‍വഹിച്ചതായാണ് വാര്‍ത്ത കണ്ടത്. കേരളത്തില്‍ ശ്രീ എമ്മിലൂടെ യോഗയും അനുബന്ധ പദ്ധതികളും കടന്നു വരികയാണ്. ഹിന്ദുത്വ പദ്ധതികളുടെ ആസൂത്രിത മുന്നേറ്റങ്ങള്‍ക്കാണ് പിണറായി സര്‍ക്കാര്‍ വാതില്‍ തുറന്നുകൊടുത്തിട്ടുള്ളത്.
മധുകര്‍നാഥ് ആയ മുംതസ് അലിയാണ് ശ്രീ എം എന്ന പേരില്‍ പ്രസിദ്ധനായത്. മാനവ് അഥവാ മനുഷ്യന്‍ എന്നതിലെ ആദ്യാക്ഷരം എന്ന നിലയ്ക്കാണത്രെ എം സ്വീകരിച്ചത്. ഇന്ത്യന്‍ മനുഷ്യസങ്കല്‍പ്പത്തിന്റെ പൂര്‍ണത തേടുന്ന ഗുരു ഏകാത്മക മാനവ ദര്‍ശനം എന്ന ദീനദയാല്‍ സിദ്ധാന്തത്തിന്റെ നിഴലാണ് മാനവ് ഏകതാ ദര്‍ശന്‍ രൂപപ്പെടുത്തിയത്. 2015 -16ല്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പദയാത്ര നടത്തി മനുഷ്യരൊന്നാണെന്ന സന്ദേശം നല്‍കി. മുംതസ് അലിയില്‍നിന്ന് ഇന്ത്യന്‍ പാരമ്പര്യത്തിലേക്കും ഹിന്ദുത്വ കാഴ്ച്ചകളിലേക്കുമുണ്ടായ പ്രതീക്ഷയുടെ ചുവടുവെപ്പുകള്‍ പത്മ പുരസ്കാരംകൊണ്ട് ബഹുമാനിക്കപ്പെട്ടു.
ദൈവമില്ലാത്തവര്‍ക്കും യോഗയാവാമെന്ന എമ്മിന്‍റെ പുതിയ പുസ്തകം പതഞ്ജലിയുടെ യോഗചിന്തക്കുള്ള വ്യാഖ്യാനം മാത്രമല്ല, മോദിയന്‍ പദ്ധതിക്കു കളമൊരുക്കലുമാണ്. കേരളത്തില്‍ യോഗ നേടിയെടുത്ത പൊതുസമ്മതത്തിന്‍റെ പിന്തുണയില്‍ പുതിയ ആത്മീയ വ്യവഹാരത്തിന്‍റെ ആശ്രമം തുറക്കപ്പെടും. ഒരിടതുപക്ഷ സര്‍ക്കാര്‍തന്നെ അതിനു മുന്‍കൈയെടുക്കുന്നു എന്നത് അവിശ്വസനീയമാണ്. കേരളത്തില്‍ ആള്‍ദൈവങ്ങള്‍ കുറവല്ല. സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ ദിശ നിര്‍ണയിക്കുംവിധം സ്വാധീനം ചെലുത്താനിടയുള്ള ആള്‍ദൈവത്തിനും ആശ്രമത്തിനും നാലേക്കര്‍ ഭൂമി നല്‍കിയതിന്‍റെ രാഷ്ട്രീയ വിധേയത്വം ആശങ്കയുണര്‍ത്തുന്നതാണ്.
പിണറായി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന സംഘപരിവാര വിധേയത്വം ദുരൂഹമാണ്. 2016ല്‍ ഹെഗ്ഡെവാര്‍ ദിനം യോഗാദിനമായി ആഘോഷിക്കാന്‍ കാണിച്ച വെമ്പല്‍ മുതല്‍ ശ്രീ എമ്മിന് ഭൂമി അനുവദിക്കുന്നതുവരെയുള്ള അഞ്ചുവര്‍ഷത്തെ പല അനുഭവങ്ങളും ഇടതു സര്‍ക്കാറില്‍നിന്നു പ്രതീക്ഷിക്കുന്നതല്ല. മോദി - ഹിന്ദുത്വ പാളയത്തില്‍നിന്നു ഇടതുപക്ഷ കേരളത്തിലേക്കുള്ള പല പാലങ്ങളില്‍ ഒന്നാവണം എം. അത് അകവഴികളില്‍ തുറക്കുന്ന അധിനിവേശം തന്നെയാണ്. അതിനു നില്‍പ്പുറപ്പിക്കാന്‍ മണ്ണു നല്‍കിയ വിധേയത്വത്തിന് മാപ്പു നല്‍കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.