കണ്ണൂർ: പി.എസ്.സി കോഴ വിവാദം കെട്ടടങ്ങുംമുമ്പേ കണ്ണൂരിൽ സി.പി.എമ്മിനെ കുഴക്കി ഭൂമിവിൽപന വിവാദം. ലോക്കൽ കമ്മിറ്റി അംഗം കുറഞ്ഞ വിലക്ക് ഭൂമി വാങ്ങി വൻ തുകക്ക് പാർട്ടി നിയന്ത്രണത്തിലുള്ള വനിത സഹകരണ സംഘത്തെക്കൊണ്ട് എടുപ്പിക്കാൻ ശ്രമിക്കുന്നതായാണ് പരാതി ഉയർന്നത്. ഇതുസംബന്ധിച്ച് പാർട്ടി അനുഭാവി ജില്ല, സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലമായ തളിപ്പറമ്പ് ഏരിയ കമ്മിറ്റിക്ക് കീഴിലാണ് പുതിയ വിവാദം ഉടലെടുത്തത്. തളിപ്പറമ്പ് ലോക്കൽ പരിധിയിൽ പ്രവർത്തിക്കുന്ന വനിത സഹകരണ സംഘത്തിന് കെട്ടിടം പണിയുന്നതിന് നഗരത്തിൽനിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറ് മാന്ധംകുണ്ടിലാണ് 15 സെൻറ് സ്ഥലം വാങ്ങാൻ തീരുമാനിച്ചത്. പട്ടുവം മുറിയാത്തോട്ട് താമസിക്കുന്ന ഒരു പാർട്ടി കുടുംബത്തിന്റെ സ്ഥലമാണ് ലോക്കൽ കമ്മിറ്റി അംഗം ഇക്കഴിഞ്ഞ മാർച്ച് മാസം സെന്റിന് രണ്ടു ലക്ഷത്തിൽ താഴെ വിലക്ക് വാങ്ങിച്ചത്. തുടർന്നാണ് വനിത സൊസൈറ്റിക്ക് സ്ഥലം ആവശ്യപ്പെട്ട് ക്വട്ടേഷൻ ക്ഷണിക്കുന്നത്. ഇതേതുടർന്ന്, ലോക്കൽ കമ്മിറ്റി അംഗം നാല് ലക്ഷം രൂപ സെന്റിന് ലഭിക്കണമെന്നാവശ്യപ്പെട്ട് ക്വട്ടേഷൻ സമർപ്പിച്ചു.
മറ്റൊരാളും ക്വട്ടേഷൻ നൽകിയിരുന്നു. തുടർന്ന്, വനിതസംഘം ഭാരവാഹികളുമായി സംസാരിച്ച് സെന്റിന് 3,65,000 രൂപ നിശ്ചയിച്ച് സ്ഥലം വിൽപന നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അനുമതിക്കായി തളിപ്പറമ്പ് അസി. രജിസ്ട്രാറിന് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറക്ക് സംഘത്തിന്റെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്യാനാണ് നീക്കം.
പ്രദേശത്ത് 2.5 ലക്ഷം രൂപവരെയാണ് സമീപകാലത്തുള്ള ഉയർന്ന വിൽപന വില. നേരായ മാർഗത്തിലൂടെ ആദ്യ ഉടമയോട് സ്ഥലം വാങ്ങാൻ ശ്രമിക്കാതെ അഴിമതി നടത്താനാണ് ഇത്തരത്തിൽ കച്ചവടം നടത്തിയതെന്നും സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഓഫിസിന് ഇടയിലുള്ള വീതികുറഞ്ഞ സ്ഥലമാണിതെന്നും പരാതിയിൽ പറയുന്നു. സൊസൈറ്റി ഭരണസമിതിയെ നോക്കുകുത്തിയാക്കി, സൊസൈറ്റിയെ നിയന്ത്രിക്കുന്ന സബ് കമ്മിറ്റി കൺവീനർ കൂടിയായ ലോക്കൽ സെക്രട്ടറിയും കച്ചവടം ഉറപ്പിച്ച ലോക്കൽ കമ്മിറ്റി അംഗവും ചേർന്ന് ഈ ഇടപാടിലൂടെ 30 ലക്ഷത്തോളം രൂപ ലാഭമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു.കഴിഞ്ഞ 34 വർഷമായി പാർട്ടി അനുഭാവിയായ ഒരാളാണ് നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്.
തളിപ്പറമ്പ് ഏരിയയിലെ ഒരു ലോക്കൽ കമ്മിറ്റി ഓഫിസ് നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകിയ ഒരാളുടെ മകൻ കൂടിയാണ് പരാതിക്കാരൻ. തെക്കൻ ജില്ലകളിൽ സമാന തട്ടിപ്പിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറിയുടെ നാട്ടിലും വിവാദം തലപൊക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.