മക്ക: കേരള ഹജ്ജ് കമ്മിറ്റിക്കു കീഴിൽ എത്തിയ അവസാന ഹജ്ജ് സംഘം നാട്ടിലേക്കു തിരിച്ചു. ഞായറാഴ്ച വൈകീട്ട് 5.10ന് സൗദി എയർലൈൻസിന്റെ എസ്.വി 5752 വിമാനത്തിലാണ് 304 തീർഥാടകർ അടങ്ങുന്ന സംഘം മടങ്ങിയത്.
തിങ്കളാഴ്ച പുലർച്ച ഒന്നിന് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങും. കേരളത്തിൽനിന്നുള്ള തീർഥാടകരെല്ലാം മദീന വിമാനത്താവളത്തിലിറങ്ങിയാണ് ഹജ്ജിനെത്തിയത്. അതുകൊണ്ട് ഹജ്ജിനു മുമ്പുതന്നെ ഇവരെല്ലാം മദീന സന്ദർശനം പൂർത്തിയാക്കിയിരുന്നു. മദീനയിലൂടെ വന്നവരെല്ലാം ജിദ്ദ വിമാനത്താവളം വഴിയാണ് നാട്ടിലേക്കു മടങ്ങുന്നത്. ജൂലൈ 15നാണ് ആദ്യ സംഘം ജിദ്ദയിൽനിന്ന് കേരളത്തിലേക്കു മടങ്ങിയത്. ഇതുവരെ 21 വിമാനങ്ങളിലായാണ് മുഴുവൻ ഹാജിമാരെയും നാട്ടിൽ തിരിച്ചെത്തിച്ചത്.
തമിഴ്നാട്ടിലെ ചില ഭാഗങ്ങളിൽനിന്നുള്ളവരും ലക്ഷദ്വീപിൽനിന്നുള്ളവരും കേരളം വഴിയാണ് വന്നത്. മടങ്ങിയതും കേരളത്തിലേക്കുതന്നെയാണ്. അവസാനം മടങ്ങിയ 304 പേരുടെ സംഘത്തിലും തമിഴ്നാട്ടിൽനിന്നുള്ള 90 ഹാജിമാരുണ്ട്. ഞായറാഴ്ച രാവിലെ എട്ടിന് മക്കയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ബിൽഡിങ് നമ്പർ 205ൽനിന്നാണ് അവസാന സംഘം യാത്രതിരിച്ചത്. വളന്റിയർമാരായ മുഹമ്മദ് ഷഫീഖ്, മുഹമ്മദ് റഊഫ്, മുഹമ്മദ് ഫാരിസ്, തമിഴ്നാട് വനിത വളന്റിയർ നിജാമ എന്നിവർ ഹാജിമാരെ അനുഗമിച്ചു. അവസാന ഹാജിമാരെ യാത്രയാക്കാൻ കെ.എം.സി.സി വളന്റിയർമാരും മക്കയിലെ താമസകേന്ദ്രത്തിൽ എത്തിയിരുന്നു.
2062 പുരുഷന്മാരും 3704 വനിതകളും ഉൾപ്പെടെ 5766 മലയാളി തീർഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുത്തത്. ഇതിൽ 1650 പേർ പുരുഷസഹായമില്ലാതെ എത്തിയവരാണ് (നോൺ മഹ്റം). ഹജ്ജിനു മുന്നേ മദീനയിൽവെച്ച് ഒരു തീർഥാടകനും ഹജ്ജിനുശേഷം ഒരു തീർഥാടകയും മരിച്ചിരുന്നു. മലയാളി തീർഥാടകരെ കൂടാതെ നെടുമ്പാശ്ശേരി എംബാർക്കേഷന്‍ വഴി ലക്ഷദ്വീപ് (143), തമിഴ്നാട് (1672), പുതുച്ചേരി (43), അന്തമാൻ (103) എന്നിവിടങ്ങളിൽനിന്നുള്ളവരും ഉൾപ്പെടെ ആകെ 7727 തീർഥാടകരാണ് ഹജ്ജിനെത്തി മടങ്ങിയത്. മലയാളികളടക്കം ഇന്ത്യയിൽനിന്നുള്ള ഹജ്ജ് സംഘത്തിലെ 38,355 തീർഥാടകർ ഇതിനകം നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. മക്കയിൽ 5453ഉം മദീനയിൽ 12,809ഉം ഉൾപ്പെടെ 18,262 ഹാജിമാരാണ് ഇനി നാട്ടിലേക്കു മടങ്ങാൻ സൗദിയിൽ ബാക്കിയുള്ളത്. ആഗസ്റ്റ് 13ന് മുംബൈയിലേക്കാണ് അവസാന ഇന്ത്യൻ സംഘം മടങ്ങുക. മദീനവഴിയാണ് ഇവരുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.