തിരുവനന്തപുരം: ഇ. ചന്ദ്രശേഖരൻ നായർ വിടപറഞ്ഞതോടെ ഒന്നാം കേരളനിയമസഭാകാലത്തെ ജിഞ്ചർ ഗ്രൂപ്പിലെ അവസാന കണ്ണിയും ഒാർമയായി. പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാൻ ആദ്യമന്ത്രിസഭയുടെ കാലത്ത് ഭരണപക്ഷത്ത് രൂപംകൊണ്ട യുവസാമാജികരടങ്ങുന്ന ജിഞ്ചർ ഗ്രൂപ്പിലെ സജീവ അംഗമായിരുന്നു അദ്ദേഹം. പ്രായത്തിെൻറ അവശതകൾ പിടിമുറുക്കിയ അവസാന കാലത്തും സന്ദർശിക്കാനെത്തുന്നവരോട് ഒാർമകൾ പങ്കുവെക്കുേമ്പാൾ ആവേശം ചോരാതെ ജിഞ്ചർ സ്മരണകൾ നിറഞ്ഞുനിന്നു.
അന്ന് ചന്ദ്രശേഖരൻ നായർക്ക് വയസ്സ് 28. വെളിയം ഭാർഗവൻ, തോപ്പിൽഭാസി, കാമ്പിശ്ശേരി കരുണാകരൻ, പുനലൂർ രാജഗോപാലൻ നായർ എന്നിവരായിരുന്നു ഇൗ ഗ്രൂപ്പിെല മറ്റ് അംഗങ്ങൾ. പുറത്ത് വലിയ സമരങ്ങൾ നടക്കുേമ്പാഴും നിയമസഭക്കുള്ളിൽ വലിയ സംവാദങ്ങൾ. പ്രതിപക്ഷത്തിെൻറ മുനയൊടിച്ച് ജിഞ്ചർ ഗ്രൂപ്പിലെ അന്നത്തെ തീക്ഷ്ണ യൗവനങ്ങൾ. രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്ന് പഠിച്ചാണ് പിറ്റേന്ന് പ്രതിപക്ഷത്തെ നേരിടാനെത്തുന്നത്. പി.ടി. ചാക്കോ, പട്ടം താണുപിള്ള, സി.എച്ച്. മുഹമ്മദ് കോയ, കെ. ചന്ദ്രശേഖരൻ എന്നിങ്ങനെ പ്രഗല്ഭരായ പ്രതിപക്ഷ നിരയെ ചെറുത്തും കടന്നാക്രമിച്ചുമെല്ലാം ജിഞ്ചർ സഖ്യം സഭയിൽ ഒാളമായി.
പട്ടം താണുപിള്ള ചോദ്യങ്ങൾ നിരന്തരമുയർത്തി മന്ത്രിമാരെ വിഷമിപ്പിക്കുേമ്പാൾ ജിഞ്ചർ ഗ്രൂപ് ഇടപെടും. ഇതോെട പ്രകോപിതനായി താണുപിള്ള ഇറങ്ങിപ്പോകും. ആന്ധ്ര അരികുംഭകോണ വിവാദം നിയമസഭയെ ചൂടുപിടിപ്പിച്ചപ്പോഴും പ്രതിരോധിക്കാൻ ജിഞ്ചർ ഗ്രൂപ്പുണ്ടായിരുന്നു. കേരള നിയമസഭ സംവിധാനത്തിൽ സബ്ജക്ട് കമ്മിറ്റി സംവിധാനത്തിന് നിമിത്തമായതും ഇ. ചന്ദ്രശേഖരൻ നായരാണ്. ബ്രിട്ടീഷ് പാർലമെൻറിൽ നിലവിലുള്ളതുപോലെ നിയമസഭയിലെയും സബ്ജക്ട് കമ്മിറ്റികൾ രൂപവത്കരിക്കണമെന്ന ആവശ്യമുയർന്നു. ഡോ. ആർ. പ്രസന്നനാണ് അന്ന് നിയമസഭ സെക്രട്ടറി. അദ്ദേഹം സമർപ്പിച്ച നിർദേശം സ്പീക്കർ അംഗീകരിച്ചെങ്കിലും പഠനം നടത്താൻ ചന്ദ്രശേഖരൻ നായർ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചു. മന്ത്രിമാരായ കെ. പങ്കജാക്ഷനും എം.കെ. രാഘവനും ഉൾപ്പെടുന്ന കമ്മിറ്റിയിലാണ് ഇൗ അംഗീകാരം. പഠനത്തിെനാടുവിൽ 10 നിയമസഭ കമ്മിറ്റികൾ അടങ്ങുന്ന കമ്മിറ്റികൾ രൂപവത്കരിക്കണമെന്നതായിരുന്നു നിർദേശം. ഇത് സഭ അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യയിൽ ആദ്യമായി സബജക്ട് കമ്മിറ്റികൾ നിലവിൽ വരുന്ന നിയമസഭ എന്ന വിശേഷണം കേരള നിയമസഭക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.